മുസ്‌ലിം സമൂഹത്തില്‍ വിശ്വാസരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഒരു പിഴച്ച ചിന്താ പ്രസ്ഥാനമാണ് സൂഫിസം. പരിശുദ്ധ ഖുര്‍ആനിലോ നബി വചനങ്ങളിലോ സഹാബികളുടെ പ്രയോഗങ്ങളിലോ പരിശോധിച്ചാല്‍ കാണാന്‍ കഴിയാത്തതാണ് സൂഫി എന്ന പദം. സൂഫി, സൂഫിസം എന്നതിനോട് സാമ്യ അര്‍ത്ഥമുള്ള അസ്സൂഫി, അത്ത്വസ്വവ്വൂഫ്, അസ്സുഫിയ എന്നീ അറബി പദങ്ങളൊന്നും ഇസ്‌ലാമിക പ്രമാണങ്ങളില്‍ ഇല്ലെന്നതുതന്നെ ആ പദം ഇസ്‌ലാമികല്ലെന്നതിന് വ്യക്തമായ തെളിവാണ്.
തസ്വവ്വുഫ് (സൂഫിസം) എന്ന പദത്തിന്റെ ഉത്ഭവത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍ കാണാന്‍ കഴിയും. സ്വഫാത്ത്, സഫ്‌വത്ത് (ഹൃദയശുദ്ധി) എന്ന ധാതുവില്‍ നിന്നാണ് സൂഫി എന്ന പദത്തിന്റെ ഉത്ഭവമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സ്വന്തമായി വീടില്ലാത്തതിന്റെ പേരില്‍ നബി(സ)യുടെ പള്ളിക്കോലായില്‍ താമസിച്ചിരുന്ന ദരിദ്രരായ സ്വഹാബികള്‍ അഹ്‌ലുസ്സുഫ്ഫത്ത് (പള്ളിക്കോലായില്‍ താമസിച്ചിരുന്നവര്‍) എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. അതിലെ അസ്സുഫ്ഫത്ത് എന്ന പദവുമായി ചേര്‍ന്നാണ് സൂഫിയുണ്ടായതെന്നാണ് മറ്റൊരു അഭിപ്രായം. ഇസ്‌ലാമിന് മുമ്പ് അറബികളില്‍ സംന്യാസ ജീവിതം നയിച്ചിരുന്ന കുടുംബനാഥന്റെ പേര് സ്വഫ്‌വത്ത്ബ്‌നു ബിശറബ്‌നുവുദ് എന്നായിരുന്നു, ഇതിലെ സ്വഫ്‌വത്ത് എന്ന പദത്തിലേക്ക് ചേര്‍ത്തിയാണ് സൂഫിയുണ്ടായതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സൂഫികള്‍ കരിമ്പടധാരികളായതിനാല്‍ സൂഫ് (കരിമ്പടം) ധരിച്ചിരുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ അവര്‍ക്ക് സൂഫികള്‍ എന്ന പേര് സിദ്ധിച്ചു. ഈ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായി കാണുന്നത്. ചരിത്രകാരന്‍മാരും മതപണ്ഡിതന്മാരുമായ ഇബ്‌നുഖല്‍ദൂന്‍, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ മുതലായവരൊക്കെ സൂഫിസത്തിന്റെ പദ നിഷ്പത്തിയുമായി ബന്ധപ്പെട്ട് ഈ അഭിപ്രായത്തെയാണ് ശരിവെക്കുന്നത്.