Skip to main content

പ്രവാചകന്മാര്‍ (20)

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനായി  അല്ലാഹു നിശ്ചയിച്ച നടപടിക്രമമാണ് ദൈവികദൗത്യവുമായി ദൂതന്മാരെ നിയോഗിക്കുക എന്നത്. ഇങ്ങനെ ദൈവീക ദൗത്യവുമായി ആഗതരായവരെ ദൈവദൂതന്‍ (റസൂല്‍), ദൈവത്തിങ്കല്‍ നിന്നുള്ളകാര്യങ്ങള്‍ സംസാരിക്കുന്നവന്‍ (നബി) എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. പ്രവാചകന്മാരിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്ന ദൗത്യവ്യവസ്ഥക്ക് സാങ്കേതിക ഭാഷയില്‍ രിസാലത്ത് എന്നും പറയുന്നു. ഇതിന്റെ മറ്റൊരു നാമധേയമാണ് നുബൂവ്വത്ത്. ദൗത്യം എന്നാണ് രിസാലത്തിന്റെ ഭാഷാര്‍ഥം. നുബൂവ്വത്ത് എന്നാല്‍ പ്രവാചകത്വമാണ്. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളുടെ മൗലിക അടിത്തറകളിലൊന്നായി പരിഗണിക്കപ്പെടുന്നതാണ് രിസാലത്ത് (ദൗത്യം).

ഭൂമിയില്‍ ധര്‍മ്മം ക്ഷയിക്കുകയും അധര്‍മ്മം കൊടികുത്തി വാഴുകയും ചെയ്യുമ്പോള്‍, ദൈവം ഭൂമിയില്‍ അവതരിച്ച് ധര്‍മ്മം സംസ്ഥാപിക്കുമെന്ന വിശ്വാസമാണ് ഹൈന്ദവര്‍ (ഭഗവദ്ഗീതയിലെ നാലാം അധ്യായം ശ്ലോകം 7,8 പ്രകാരം) വെച്ച് പുലര്‍ത്തുന്നത്. ആദിപാപത്തിന് വിധേയനായ ആദമിന്റെ സന്തതികളുടെ മൊത്തം പാപഭാരമൊന്നാകെ ഏറ്റെടുക്കാന്‍ ദൈവം അവതരിച്ച് സ്വയം കുരിശുമരണം വരിച്ച് മനുഷ്യകുലത്തെ മോചിപ്പിച്ചു എന്നതാണ് ക്രൈസ്തവ വിശ്വാസം. മാനുഷികമായ ദൗര്‍ബല്യങ്ങളാല്‍ തിന്മകളിലേക്ക് വഴുതിവീഴാനും അധാര്‍മികതകളില്‍ മുഴുകുവാനും സാധ്യതയുള്ള മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കാന്‍ മനുഷ്യവര്‍ഗത്തില്‍പ്പെട്ട ദൂതന്മാരെ (പ്രവാചകന്മാരെ) നിയോഗിക്കുക എന്ന രീതിയാണ് അല്ലാഹു ഓരോ കാലഘട്ടത്തിലും സ്വീകരിച്ചുപോന്നത്. ഇത്തരത്തില്‍ മനുഷ്യ സഹോദരങ്ങള്‍ക്ക് സുവിശേഷവും മുന്നറിയിപ്പും നല്‍കുന്ന ദുതന്മാരെ ഓരോ കാലത്തും ഓരോ സമുദായത്തിലേക്കും നിയോഗിക്കുക പതിവായിരുന്നു. ഖുര്‍ആന്‍ പറയുന്നു: “താക്കിതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല'' (35:24).

ലോകത്തിലെ എല്ലാ സമുദായങ്ങളിലേക്കും പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. ആകെ എത്ര പ്രവാചകന്മാര്‍ നിയുക്തരായിട്ടുണ്ടെന്ന് ഖണ്ഡിതമായി ഖുര്‍ആനിലോ ഹദീസിലോ പ്രസ്താവിച്ചിട്ടില്ല. ആ ദൂതന്മാരുടെ മുഴുവന്‍ പേരുവിവരമോ ചരിത്രമോ ഖുര്‍ആനിലോ പ്രവാചക അധ്യാപനങ്ങളിലോ പ്രതിപാദിച്ചിട്ടില്ല. എന്നാല്‍ ദൈവദൂതന്മാരില്‍ കുറെ പേരെ പറ്റി ഖുര്‍ആനില്‍ വിശദമായ പരാമര്‍ശങ്ങളുണ്ട്. അല്ലാഹു പറയുന്നു. ''നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്മാരേയും നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്മാരേയും നാം നിയോഗിച്ചിട്ടുണ്ട് (4:164).

ദിവ്യബോധനം (വഹ്‌യ്) മുഖേന പ്രവാചകന്മാര്‍ക്ക് ലഭിച്ചിരുന്ന ദൈവിക സന്ദേശങ്ങളെ യാതൊരു വീഴ്ചയോ വഞ്ചനയോ വരുത്താതെ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ദൗത്യമാണ് പ്രവാചകന്മാര്‍ കാലാകാലങ്ങളില്‍ നിര്‍വഹിച്ചുപോന്നത്. അവര്‍ തന്നിഷ്ടപ്രകാരം സംസാരിക്കുയില്ലെന്നും ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ''അദ്ദേഹം തന്നിഷ്ടപ്രകാരം സാസാരിക്കുന്നുമില്ല. അത് (അദ്ദേഹം ദിവ്യബോധനമെന്ന നിലക്ക് ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്) അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉദ്‌ബോധനം മാത്രമാകുന്നു (53:3,4)''. അല്ലാഹുവില്‍നിന്ന് ദിവ്യബോധനം ലഭിക്കുന്നുവെന്നതാണ് സാധാരണ മനുഷ്യരില്‍ നിന്ന് പ്രവാചകന്‍മാരെ ഉയര്‍ത്തുന്ന ഘടകം.

പ്രവാചകന്മാര്‍ തീര്‍ത്തും മനുഷ്യരായിരുന്നു. മാനുഷിക സവിശേഷതകളായ വിചാരം, വികാരം, വേദന, നടത്തം, ഉറക്കം, ആരോഗ്യാവസ്ഥ, രോഗാവസ്ഥ, മരണം ഇതെല്ലാം ആ ദൂതന്മാര്‍ക്കും ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ അവരുടേയും ആവശ്യങ്ങളായിരുന്നു. നബിമാര്‍ സ്വന്തം വസ്ത്രം അലക്കുകയും പാല്‍ കറക്കുകയും വ്യക്തിപരമായ ആവശ്യങ്ങള്‍ സ്വയം നിര്‍വ്വഹിക്കുകയും ചെയ്തിരുന്നതായി ബുഖാരിയും(റ) അഹ്മദും(റ) ഉദ്ധരിച്ചിട്ടുണ്ട് (സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ: ഹദീസ് 671).

പ്രവാചകന്മാരുടെ കൂട്ടത്തില്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടവരും രോഗങ്ങള്‍കൊണ്ട് വലഞ്ഞവരും ജയില്‍വാസമനുഭവിക്കേണ്ടി വന്നവരുമൊക്കെയുണ്ട്. ജനങ്ങളില്‍ പരീക്ഷണങ്ങള്‍ക്ക് ഏറ്റവുമധികം വിധേയരായവര്‍ പ്രവാചകന്മാരായിരുന്നു. ഏതെങ്കിലും പ്രത്യേകമായ ജോലിയെ ഇകഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്യാതെ അനുവദനീയമായ ഏത് തൊഴിലിനും മാന്യതയും അംഗീകാരവും നല്കിപ്പോരുന്നതായിരുന്നു പ്രവാചകന്മാരുടെ സമീപനം.

പ്രവാചകന്മാര്‍ പാപങ്ങളില്‍ നിന്ന് സുരക്ഷിതരാണ്. മാനുഷികമായ മറവികള്‍, പിഴവുകള്‍ തുടങ്ങിയവ പ്രവാചകന്മാരിലും സംഭവിച്ചിട്ടുണ്ട്. അതാകട്ടെ അവര്‍ മനുഷ്യരാണെന്നതിന് സ്ഥിരീകരണവുമാണ്. പാപ സുരക്ഷിതത്വം അല്ലാഹു പ്രത്യേകമായി അവര്‍ക്ക് നല്‍കിയതാണ്.

അല്ലാഹുവിന്റെ ദാസന്മാരെന്നാണ് ഖുര്‍ആന്‍ (53:10) ദൂതന്മാരെ വിശേഷിപ്പിച്ചിരിക്കുന്നത്. വഹ്‌യ് (ദിവ്യബോധനം) അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവര്‍ക്ക് നല്‍കും. അല്ലാഹു നിയോഗിച്ച പ്രവാചകന്മാരെല്ലാം പുരുഷന്മാരായിരുന്നു (21:7) പ്രവാചകന്മാരായി മലക്കുകളെ നിയോഗിച്ചിട്ടില്ല. അല്ലാഹുവിന്റെ പ്രത്യേക സഹായവും സംരക്ഷണവും ലഭിച്ച പ്രവാചകന്മാര്‍ ഉല്‍കൃഷ്ട സ്വഭാവത്തിന്റെ ഉടമകളായിരുന്നു. സദ്ഗുണങ്ങളുടെ ഉദാത്തമാതൃകകള്‍ പ്രവാചകരില്‍ ദര്‍ശിക്കാനാവും. ചിന്തിക്കാന്‍ തയ്യാറുള്ളവര്‍ക്ക് പ്രവാചകത്വത്തിന്റെ തെളിവായി അല്ലാഹു അവന്റെ ദൂതന്മാരിലൂടെ ചില ദൃഷ്ടാന്തങ്ങള്‍ (അടയാളങ്ങള്‍) കാണിച്ചുകൊടുക്കാറുണ്ട്.  മുഅ്ജിസത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം ദൃഷ്ടാന്തങ്ങള്‍ക്കും ആയത്ത് എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാഹുവെ മാത്രമേ ആരാധിക്കാവൂ എന്ന ഇസ്‌ലാമിന്റെ മൗലികതത്വമാണ് മുഴുവന്‍ പ്രവാചകന്മാരും പ്രഥമമായി ഉപദേശിച്ചത്. താന്‍ അല്ലാഹുവിന്റെ ദൂതനാണെന്നല്ലാതെ താന്‍ തന്നെയാണ് അല്ലാഹുവെന്നോ തന്നില്‍ ദൈവത്തിന്റെ അംശങ്ങളുണ്ടെന്നോ ഒരുദൂതനും പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ സവിശേഷമായ സഹായവും സംരക്ഷണവും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങള്‍ തങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടതായി വന്നപ്പോഴും ക്ഷമയവലംബിച്ച് അല്ലാഹുവോട് വിനീതദാസന്മാര്‍ എന്ന നിലക്ക് തങ്ങളുടെ കര്‍മ്മങ്ങളുടെ സ്വീകാര്യതക്കും പരലോകത്തിലെ രക്ഷക്കും തങ്ങള്‍ നിയോഗിക്കപ്പെട്ട ജനതതിയുടെ നന്‍മക്കും വേണ്ടി, അല്ലാഹുവോട് പ്രാര്‍ത്ഥിക്കുന്നവരായിരുന്നു പ്രവാചകരെന്ന് വിശുദ്ധ ക്വുര്‍ആനില്‍ വായിക്കാന്‍ സാധിക്കും. പില്ക്കാല ജനത ഈസാനബി(അ)യുടെമേല്‍ ദിവ്യത്വവും ആരാധ്യതയും ആരോപിച്ച വിഷയത്തില്‍ അല്ലാഹു അദ്ദേഹത്തെ തീര്‍ത്തും അപരാധമുക്തനാക്കുന്നുണ്ട് (5:116, 167). അല്ലാഹു തെരഞ്ഞെടുത്തയച്ച ദൈവദൂതന്മാര്‍ ഋജുമനമസ്‌കരും മാതൃകാധന്യരും ഉല്‍കൃഷ്ട സ്വഭാവത്തിന്റെ ഉടമകളുമാണ്; അല്ലാഹുവിന്റെ അവതാരങ്ങളോ പ്രതിപുരുഷന്മാരോ മക്കളോ ഒന്നുമല്ല. സൃഷ്ടിപ്പിലും സ്വഭാവത്തിലും മനുഷ്യരായ അവര്‍ മനുഷ്യത്വത്തിന്റെ പൂര്‍ണാവസ്ഥ പ്രാപിച്ചവരാണ്.
 

Feedback