പ്രവാചകന്മാര്‍ക്ക് ദിവ്യസന്ദേശം ലഭിച്ചിരുന്ന മാര്‍ഗത്തിന് ഖുര്‍ആന്‍ വഹ്‌യ് (ദിവ്യബോധനം) എന്നാണ് പറഞ്ഞിട്ടുള്ളത്. ഭാഷയില്‍ വഹ്‌യിന്ന് പരോക്ഷമായി അറിയിക്കല്‍ എന്നാണര്‍ത്ഥം. അയക്കല്‍, തോന്നിക്കല്‍, ആജ്ഞ, ആംഗ്യം, സൂചന എന്നിവയ്ക്കും വഹ്‌യ് എന്ന് പറയും. സാങ്കേതികമായി ഈ പദം അല്ലാഹുവിങ്കല്‍ നിന്നുള്ള ബോധനത്തിനാണ് പ്രയോഗിക്കുന്നത്. കൂടുണ്ടാക്കാനും, ഭക്ഷണം സംഭരിക്കാനും തൊഴില്‍വിഭജനം നടത്താനുമൊക്കെ തേനീച്ചയില്‍ അന്തര്‍ലീനമായ ആന്തര പ്രേരണയെ അല്ലാഹു നല്‍കിയ വഹ്‌യായി ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു.
നിന്റെ നാഥന്‍ തേനീച്ചയ്ക്കു ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു. മലകളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന വീടുകളിലും നീ കൂടുണ്ടാക്കൂ(16:68). ജന്തു ജാലങ്ങള്‍ക്കുള്ള ജന്‍മ ബോധം (instinct) ഒരുതരം വഹ്‌യ് ആണെന്നര്‍ത്ഥം.
അല്ലാഹു തന്റെ അഭീഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന ഉത്തമദാസന്മാര്‍ക്കാണ് വഹ്‌യ് നല്‍കുന്നത്. വ്യക്തികളുടെ പരിശ്രമത്തിനോ കഴിവിനോ അതില്‍ യാതൊരു പങ്കുമില്ല. വഹ്‌യ് ഇന്ദ്രിയാതീതവും അതിസൂക്ഷ്മവുമായ ഒരു പ്രതിഭാസമാണ്. മനുഷ്യന്റെ ഭാവനകള്‍ക്കും ചിന്തകള്‍ക്കുമതീതമായിട്ടുള്ള കാര്യമായതിനാല്‍ വഹ്‌യുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഭൗതികചിന്തയുടെ വീക്ഷണകോണിലൂടെ നോക്കികാണുന്നത് യുക്തിസഹമല്ല. വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വെളിച്ചം മാത്രമാണ് ഈ വിഷയകമായി നമുക്ക് അവലംബനീയമായ ജ്ഞാനസ്രോതസ്സ്. ദിവ്യസന്ദേശങ്ങള്‍ ഭൂമിയിലെ മനുഷ്യരായ പ്രചകന്മാര്‍ക്ക് എത്തിക്കുന്ന ദൗത്യവും മറ്റു മലക്കുകളുടെ ചുമതലകളുടെ മേല്‍നോട്ടവും ജിബ്‌രീല്‍(അ) എന്ന മലക്കിനാണ്. റൂഹുല്‍ഖുദുസ്, അര്‍റൂഹുല്‍ അമീന്‍ എന്നീ പേരുകളില്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനിൽ ജിബ്‌രീല്‍(അ) എന്ന മലക്കിനെ പരിചയപ്പെടുത്തിയിട്ടുണ്ട്.