Skip to main content

ഇബാദത്ത് (2)

ആരാധാന എന്ന പദം സുപരിചിതമാണ്. മതവിശ്വാസികള്‍ പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന കര്‍മങ്ങളെല്ലാം പൊതുവില്‍ ആരാധനയുടെ ഇനത്തില്‍ കണക്കാക്കപ്പെടുന്നു. ഒരുവിഭാഗത്തിന്റെ ആരാധന വേറൊരു വിഭാഗത്തിന് വൃഥാവേലയായി തോന്നാം; മറിച്ചും. എല്ലാ മതങ്ങളിലും വ്യത്യസ്ത തരത്തിലുള്ള ആരാധനാകര്‍മങ്ങളുണ്ട്. എന്നാല്‍ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ആരാധന എന്നാല്‍ എന്താണെന്നു നോക്കാം. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും പ്രതിപാദിച്ച ഇബാദത്ത് എന്ന സാങ്കേതിക പദത്തിന്റെ പരിഭാഷയായിട്ടാണ് ആരാധന എന്ന് ഉപയോഗിക്കുന്നത്. ഇബാദത്ത് എന്നത് ഒറ്റവാക്കില്‍ ഭാഷാന്തരം ചെയ്യപ്പെടാന്‍ പ്രയാസമെങ്കിലും മലയാളത്തില്‍ ഉപയോഗിക്കാവുന്ന ഏറ്റവും ഉചിതമായ പദമെന്ന നിലയിലാണ് നാം 'ആരാധന' തെരഞ്ഞെടുക്കുന്നത്. പദത്തിന്റെ അര്‍ഥം എന്താണെന്നതിനേക്കാള്‍ ആരാധന എന്താണെന്ന് വിശദീകരിക്കാവുന്ന ഒരു നിര്‍വചനം ആവശ്യമാണ്.

മുഹമ്മദ് നബി(സ) വിശദീകരിച്ചത് ഏറെ ശ്രദ്ധേയമാണ്. 'പ്രാര്‍ഥന, അതുതന്നെയാണ് ആരാധന'. 'ആരാധനയുടെ മജ്ജയാണ് പ്രാര്‍ഥന' എന്നും നബി(സ) പറയുകയുണ്ടായി. അപ്പോള്‍ എന്താണ് പ്രാര്‍ഥന എന്നുകൂടി പരിശോധിക്കാം.

പ്രാര്‍ഥന, അര്‍ഥന എന്നതിന് ആവശ്യപ്പെടല്‍ എന്നാണ് ഭാഷയില്‍ വിവക്ഷ. കല്പിച്ചു, ആവശ്യപ്പെട്ടു, നിര്‍ദേശിച്ചു, അഭ്യര്‍ഥിച്ചു, അപേക്ഷിച്ചു എന്നീ പ്രയോഗത്തില്‍ അപേക്ഷകന്റെയും അപേക്ഷിക്കപ്പെടുന്നയാളിന്റെയും സ്ഥാനപദവികള്‍ക്കനുസരിച്ച് വരുന്ന പ്രയോഗമാറ്റങ്ങള്‍ മാത്രമാണ് അടങ്ങിയിരിക്കുന്നത്. പ്രാര്‍ഥനയും ആവശ്യപ്പെടല്‍ തന്നെയാണ്. എന്നാല്‍ മനുഷ്യര്‍ തമ്മതമ്മില്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ആവശ്യപ്പെടുന്നത് പ്രാര്‍ഥനയല്ല. ഭാഷയിലും ആ പ്രയോഗമില്ല. അപ്പോള്‍ മനുഷ്യകഴിവിന്നതീതമായ ഒരു കാര്യം അഭൗതികമായ ഒരു കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് മാത്രമേ പ്രാര്‍ഥനയാവുകയുള്ളൂ. അങ്ങനെ മനുഷ്യന്റെ പ്രാര്‍ഥന കേള്‍ക്കാനും ആവശ്യങ്ങള്‍ നടപ്പലാക്കിക്കൊടുക്കാനും കഴിവുള്ള ശക്തി അല്ലാഹു (പ്രപഞ്ച സ്രഷ്ടാവ്) മാത്രമേയുള്ളൂ എന്നാണ് ഇസ്‌ലാമിക വിശ്വാസം. ആയതിനാല്‍ അല്ലാഹുവിനോടല്ലാതെ ഏത് ശക്തിയോട് പ്രാര്‍ഥിക്കുന്നതും ശിര്‍ക്ക് ആണ്. പ്രാര്‍ഥന കേള്‍ക്കാനും സ്വീകരിക്കാനും അല്ലാഹു അല്ലാതെ മറ്റാരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നതും ശിര്‍ക്ക് അഥവാ ബഹുദൈവാരാധനതന്നെ. പ്രാര്‍ഥനയടങ്ങുന്ന ഏത് കര്‍മവും ആരാധന(ഇബാദത്ത്) തന്നെ.

വിശുദ്ധ ഖുര്‍ആനില്‍ ഇബാദത്തിന് നിര്‍വചനം നല്‍കിയിട്ടില്ല. എന്നാല്‍ തത്സംബന്ധമായി ഖുര്‍ആനിലും ഹദീസിലും വന്ന പാഠങ്ങളുടെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ പല നിര്‍വചനങ്ങളും നല്‍കിയിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രസക്തമായ നിര്‍വചനം ഇപ്രകാരമാണ്. 'കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി-അഭൗതികമായി-ഗുണം പ്രതീക്ഷിച്ചുകൊണ്ടോ ദോഷം ഭയന്നുകൊണ്ടോ മനുഷ്യന്‍ ചെയ്യുന്ന വാഗ്വിചാരകര്‍മങ്ങളെല്ലാം ആരാധനയാണ്'. പ്രാര്‍ഥന തന്നെയാണ് ആരാധന എന്ന നബിവചനവും ഈ ആശയം തന്നെയാണ് വ്യക്തമാക്കുന്നത്.

ഒരു ഉദാഹരണം പറയാം. നാട്ടില്‍ വരള്‍ച്ച ബാധിക്കുമ്പോള്‍ 'ഞങ്ങളുടെ ഗ്രാമത്തിലേക്ക് കുടിവെള്ളമെത്തിച്ചുതരാന്‍ സംവിധാനമുണ്ടാക്കണ'മെന്ന് സര്‍ക്കാറിനോടോ മറ്റേതെങ്കിലം ഏജന്‍സിയോടോ അപേക്ഷിക്കുന്നത് പ്രാര്‍ഥനയല്ല. കാര്യകാരണ ബന്ധങ്ങള്‍ക്കുള്ളില്‍ നിന്നുള്ള ഒരു അപേക്ഷ മാത്രം. എന്നാല്‍ വരള്‍ച്ച രൂക്ഷമായി. ജലസ്രോതസ്സുകള്‍ വറ്റി. അപ്പോള്‍ മഴ വര്‍ഷിപ്പിച്ചുതരണേ എന്ന നാട്ടുകാരുടെ അപേക്ഷ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. കാരണം അത് മനുഷ്യകഴിവില്‍ പെട്ടതല്ല. മഴയ്ക്കുവേണ്ടി നടത്തുന്ന പ്രാര്‍ഥന അല്ലാഹുവിനോടല്ലാതെ മറ്റാരോടു നടത്തിയാലും അത് ശിര്‍ക്ക് (ബഹുദൈവാരാധന) ആണ്. ഇങ്ങനെ പ്രാര്‍ഥിക്കപ്പെടുന്നത് മലക്കോ ദേവനോ പ്രവാചകനോ സിദ്ധനോ ആരായാലും ശിര്‍ക്കുതന്നെ.

ഒരു വ്യക്തിക്കോ വസ്തുവിനോ ദിവ്യത്വം കല്പിച്ച് അവിടെച്ചെന്ന് തൊഴുത് പ്രാര്‍ഥിക്കുന്ന മനുഷ്യന്‍ ചെയ്യുന്നത് അയാള്‍ക്കോ ആ വസ്തുവിനോ അഭൗതികമായ കഴിവുകള്‍ ഉണ്ടെന്ന് ആരോപിക്കുകയാണ്. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ ഒരു കഴിവും പ്രപഞ്ചനാഥനായ ദൈവത്തിനല്ലാതെ ആര്‍ക്കുമില്ല എന്നതാണ് ശരിയായ ഏകദൈവ വിശ്വാസം അഥവാ തൗഹീദ്. അതാണ് ഇസ്‌ലാമിന്റെ അടിത്തറ. അല്ലാഹു അല്ലാതെ ആരാധനയ്ക്ക് അര്‍ഹമായ യാതൊന്നുമില്ല (ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന വചനം അതിന്റെ പ്രഖ്യാപനമാണ്.
 

Feedback
  • Saturday Nov 23, 2024
  • Jumada al-Ula 21 1446