മുസ്‌ലിമായ വ്യക്തിക്ക് നിര്‍ബന്ധമായി ചെയ്യാനുള്ള അനുഷ്ഠാനങ്ങളിലൊന്നാണ് സകാത്ത്. നമസ്‌കാരം, റമദാനിലെ വ്രതം, ഹജ്ജ് എന്നിവയാണ് മറ്റു കര്‍മങ്ങള്‍. നമസ്‌കാരവും നോമ്പും ഹജ്ജും ശരീരം കൊണ്ട് നിര്‍വഹിക്കേണ്ട കാര്യങ്ങളാണ്. സകാത്തിന്റെ കാര്യം തികച്ചും വ്യത്യസ്തമാണ്. അല്ലാഹുവിന്റെ അനുഗ്രഹമായി കിട്ടിയ സമ്പത്ത് സമൂഹത്തിലെ അഗതികള്‍ക്കും ആവശ്യക്കാര്‍ക്കും കൂടി പങ്കുവയ്ക്കാന്‍ തയ്യാറാവുക എന്നതാണ് സകാത്തിന്റെ മര്‍മം. സമ്പത്തിന്റെ നിശ്ചിതമായ വിഹിതം അര്‍ഹതപ്പെട്ടവര്‍ക്കുവേണ്ടി മാറ്റിവയ്ക്കുക എന്നതാണ് അതിലെ കര്‍മം. ഇങ്ങനെയുള്ള മാറ്റി വച്ച ധനം ശേഖരിച്ച് അര്‍ഹരായവര്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതാണ് അതിന്റെ നിര്‍വഹണം. സകാത്തിന്റെ നിര്‍ബന്ധം വ്യക്തികള്‍ക്കാണ്. എന്നാല്‍ അത് നിര്‍വഹിക്കേണ്ടത് സമൂഹ പങ്കാളിത്തത്തോടെയാണ്. സമ്പത്തിന്റെ വിനിമയം ആണ് ഈ കര്‍മമെങ്കിലും വിശുദ്ധി എന്ന അര്‍ഥത്തിലുള്ള സകാത്ത് എന്ന സംജ്ഞയാണ് അല്ലാഹുവും റസൂലും ഇതിന് പ്രയോഗിച്ചിരിക്കുന്നത്.
ദാനധര്‍മങ്ങള്‍ എല്ലാ സമൂഹങ്ങളിലും പുണ്യകരമാണെങ്കിലും സമ്പത്തിന്റെ നിശ്ചിത ഓഹരി നിര്‍ബന്ധമായും സമൂഹത്തിന് നല്കണമെന്നത് നിര്‍ബന്ധ അനുഷ്ഠാനമായി നിശ്ചയിച്ചത് ഇസ്‌ലാമില്‍ മാത്രമാണ്. തന്നെയുമല്ല സമൂഹത്തിലെ നിരാലംബര്‍ക്ക് ജീവിതം നല്കുക എന്നത് അടിസ്ഥാന അനുഷ്ഠാനമായി നിശ്ചയിച്ചതിലൂടെ ഇസ്‌ലാമിന്റെ സമൂഹപ്രതിബദ്ധ വ്യക്തമാവുകയാണ്. സകാത്തിന്റെ ലക്ഷ്യം ദാതാവിന്റെ മാനസിക വിശുദ്ധിയാണ് (വി.ഖു. 9:103). അതുകൊണ്ട് സമൂഹത്തിലുണ്ടാകുന്നത് സമൃദ്ധിയും വ്യക്തിക്ക് പ്രതിഫലം സ്വര്‍ഗപ്രാപ്തിയുമാണ്.