Skip to main content

ഖദ്ര്‍ അഥവാ വിധി

ഖദ്ര്‍ എന്നും ഖദര്‍ എന്നും രണ്ട് വിധത്തിലുളള പ്രയോഗങ്ങളുണ്ട്. രണ്ടിന്റെയും അര്‍ഥത്തില്‍ വ്യത്യാസമില്ല. 'ഖദ്ര്‍' എന്ന പദത്തിന് പ്രസിദ്ധ അറബിഭാഷാ നിഘണ്ടുവായ ഖാമൂസില്‍ നല്‍കിയിട്ടുള്ള അര്‍ഥം തീരുമാനം, വിധി, ഒരുവസ്തുവിന്റെ തുക അഥവാ ആകെ അളവ് എന്നൊക്കെയാണ്. ധനം, കഴിവ്, ശക്തി, എന്നും 'ഖദ്ര്‍' എന്ന പദത്തിന് അര്‍ഥം നല്‍കപ്പെടാറുണ്ട്. ക്രിയാരൂപമായ 'ഖദറ' എന്നതിന് കുടുസ്സാക്കുക, കണക്കാക്കുക, നിര്‍ണയിക്കുക മഹത്വപ്പെടുത്തുക, ചിട്ടപ്പെടുത്തുക, വേവിക്കുക എന്നൊക്കെ അര്‍ഥം കല്പിക്കപ്പെടുന്നു. ആധുനിക നിഘണ്ടുവായ അല്‍മുന്‍ജിദില്‍ 'ഖദ്ര്‍' എന്നതിന് നല്‍കുന്ന വിവക്ഷ. 'അല്ലാഹു കണക്കാക്കുന്നതും വിധിക്കുന്നതുമായതീരുമാനം, വസ്തുക്കളോട് തക്കസമയങ്ങളില്‍ അല്ലാഹുവിന്റെ ഉദ്ദേശം ബന്ധപ്പെടല്‍' എന്നതാണ്.

ഖുര്‍ആനിന്റെ പ്രത്യേക നിഘണ്ടുവായ 'അല്‍മുഫ്‌റദാത്തി'ല്‍ ഇമാം റാഗിബ് ഖദ്ര്‍, ഖദറ എന്നീ ധാതുക്കളെപ്പറ്റി സവിശദം വ്യക്തമാക്കിയിട്ടുണ്ട്. ഖദ്ര്‍, തഖ്ദീര്‍ എന്നീ പദങ്ങളുടെ അര്‍ഥം ഒരുവസ്തു എത്രയാണെന്നല്പ അളവ് വിവരിക്കലാണ്. 'ഖദ്ദറ' എന്ന പദത്തിന് കഴിവു നല്‍കി എന്ന് അര്‍ഥം പറയാം. ഖദ്ര്‍ തഖ്ദീര്‍ എന്നത് അല്ലാഹുവിലേക്ക് ചേര്‍ത്തികൊണ്ട് പറയുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നു. ഒന്ന്, അതിന് കഴിവ് നല്‍കുന്നതുമുഖേനയും മറ്റൊന്ന് അവന്റെ യുക്തിക്കും തീരുമാനത്തിനുമനുസരിച്ച് ഒരു പ്രത്യേകതോതിലും പ്രത്യേകരീതിയിലും അതിനെ ആക്കുന്നതുമുഖേനയും.

ഇമാം റാഗിബ് 'തഖ്ദീര്‍' എന്ന പദത്തിന്റെ വിവക്ഷയുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ പ്രവൃത്തി രണ്ട് വിധത്തിലാണുള്ളത് എന്ന് വിശദീകരിക്കുന്നു. ഒന്ന്) അല്ലാഹു ഉദ്ദേശിച്ച കാലത്തോളം യാതൊരു ഭേദഗതിയും കൂടാതെ സ്ഥിരമായ അസ്തിത്വം നല്‍കിക്കൊണ്ട് സൃഷ്ടിക്കുക. ഉദാഹരണം, ആകാശങ്ങളും അതിലെ വസ്തുക്കളും. രണ്ടാമത്തേത്, മൂലവസ്തുക്കളെ സൃഷ്ടിക്കുകയും അവന്‍ നിശ്ചയിച്ച വ്യവസ്ഥയനുസരിച്ച് മാത്രം അതില്‍ നിന്ന് ജന്യങ്ങളായ അംശങ്ങള്‍ അഥവാ ശാഖകള്‍ ഉണ്ടായിത്തീരാനുള്ള ശക്തി അതില്‍ ഏര്‍പ്പെടുത്തുകയുംചെയ്യുക. ഉദാഹരണം ഈന്തക്കുരുവില്‍ നിന്ന് ഈന്തപ്പനയും, മനുഷ്യബീജത്തില്‍ നിന്ന് മനുഷ്യനും ഉണ്ടാകുന്നത് പോലെയുള്ള കാര്യങ്ങള്‍. അപ്പോള്‍ അല്ലാഹുവിന്റെ 'തഖ്ദീര്‍' രണ്ടുവിധമാണ്. (ഒന്ന്) ഇന്ന പ്രകാരം ഉണ്ടാവണം അല്ലെങ്കില്‍ ഇന്ന പ്രകാരം ഉണ്ടാവരുത് എന്ന നിര്‍ബന്ധത്തിന്റെ നിലക്കോ സാധ്യതയുടെ നിലക്കോ വിധിക്കുക. അല്ലാഹു പറയുന്നു 'ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്' (65:3). (രണ്ട്) ഒരു വസ്തുവിന് ഒരു കാര്യത്തിന് കഴിവുകൊടുക്കല്‍.

ഖദ്ര്‍ എന്ന പദവും അതില്‍നിന്ന് നിഷ്പന്നമായ മഖ്ദൂര്‍, തഖ്ദീര്‍ എന്നീ പദങ്ങളും വിശുദ്ധഖുര്‍ആനിലും പ്രവാചക വചനത്തിലും വന്നിട്ടുള്ള പ്രയോഗങ്ങളും അതിന്റെ അര്‍ത്ഥവും താല്പര്യവുമെല്ലാം ഇമാം രാഗിബ് തുടര്‍ന്ന് വിശദീകരിക്കുന്നു. അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ കലപ്ന ഖണ്ഡിതമായ ഒരുവിധിയാകുന്നു (33:38). ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഖദര്‍ എന്ന വാക്ക് അല്ലാഹു നേരത്തെ തീരുമാനിച്ചിട്ടുള്ളതിനെയും 'ലൗഹുല്‍മഹ് ഫൂളില്‍' രേഖപ്പെടുത്തിയതിനെയും സൂചിപ്പിക്കുന്നു. സൃഷ്ടി, കാലാവധി, ആഹാരം എന്നിവയുടെ ജോലിയില്‍ നിന്ന് നിങ്ങളുടെ റബ്ബ് വിരമിച്ചിരിക്കുന്നു. അഥവാ അവയെ സംബന്ധിച്ച തീരുമാനം കഴിഞ്ഞിരിക്കുന്നു എന്ന നബി വചനത്തില്‍ സൂചിപ്പിക്കപ്പെട്ടതും അതുതന്നെ. 

'മഖ്ദൂര്‍' എന്ന വാക്ക്‌കൊണ്ട് അര്‍ഥമാക്കുന്നത് അല്ലാഹു കണക്കാക്കിവെച്ചതില്‍നിന്ന് അപ്പപ്പോള്‍ സംഭവിക്കുന്നതിലേക്കുള്ള സൂചനയാണ്. എല്ലാദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു (55:29) എന്ന ആയത്ത് സൂചിപ്പിക്കുന്ന ആശയവും അല്ലാഹു കണക്കാക്കിവെച്ച കാര്യങ്ങളില്‍ നിന്ന് ഓരോന്നും യഥാസമയം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് തന്നെയാണ്.

അല്ലാഹു പറയുന്നു ''യാതൊരു വസ്തുവും നമ്മുടെ പക്കല്‍ അതിന്റെ ഖജനാവുകള്‍ ഉള്ളതായിട്ടല്ലാതെയില്ല. ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത് ഇറക്കുന്നതല്ല (15:21). ഏതൊരു വസ്തുവും യഥേഷ്ടം സൃഷ്ടിച്ചിറക്കാന്‍ അല്ലാഹുവിന് കഴിയും. പക്ഷേ നിര്‍ണിതമായ അനുപാതത്തിലല്ലാതെ യാതൊന്നും അവന്‍ സൃഷ്ടിക്കുകയില്ല.

ഇമാം ഇബ്‌നു കഥീര്‍(റ) തന്റെ തഫ്‌സീറില്‍ ഖദ്‌റിന് നല്‍കുന്ന നിര്‍വചനം ഇപ്രകാരമാണ്. കാര്യങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് അല്ലാഹു അറിയുക എന്നതും അവയെ സൃഷ്ടിച്ചുണ്ടാക്കുന്നതിന് മുമ്പ് അവയെ രേഖപ്പെടുത്തലുമാകുന്നു. 

''അല്ലാഹുഎല്ലാറ്റിനും ഓരോ ഖദ്ര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് (65:3) എന്ന സൂക്തത്തെ ഇബ്‌നുല്‍ഖയ്യിം(റ) വിവരിക്കുന്നത് ശ്രദ്ധേയമാണ്. ഖദ്ര്‍ രണ്ട് തരത്തിലുണ്ട്. (ഒന്ന്) ജ്ഞാനവുമായി ബന്ധപ്പെട്ടത്, (രണ്ട്) പ്രത്യേകവസ്തുവുമായി ബന്ധപ്പെട്ടത്. ഒരാള്‍ ഒരുകാര്യം പറയുകയോ എഴുതുകയോ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ ആദ്യം അത് മനസ്സില്‍ രൂപപ്പെടുത്തുന്നു. പിന്നീട് പ്രയോഗത്തില്‍ വരുത്തുന്നു. അതേ പ്രകാരം സൃഷ്ടികളെ സൃഷ്ടിക്കുന്നതിന് മുമ്പ് അവയുടെ തോത് വ്യവസ്ഥകള്‍ക്ക് (മഖാദീറുല്‍ഖല്‍ഖ്) അല്ലാഹുവിന്റെ അറിവിലും നിശ്ചയത്തിലും ഒരു വ്യവസ്ഥയുണ്ടായിരുന്നു. പിന്നീടത് അറിവിന്റെയും രേഖയുടെയും അടിസ്ഥാനത്തില്‍ സൃഷ്ടിക്കുന്നു.

ദൈവികമായി ഖദ്ര്‍ രണ്ട് വിധമാണ്. 1) അറിവിലും നിശ്ചയത്തിലും അഥവാ രേഖപ്പെടുത്തുന്നതിലും ഉള്ളത്. 2) വസ്തുക്കളെ സൃഷ്ടിക്കാനുള്ള അവന്റെ കഴിവുകൊണ്ട് അവയെ സൃഷ്ടിക്കലും അവക്ക് രൂപം നല്‍കലും. നിര്‍മാണവും വ്യവസ്ഥയും കൂടി ഉള്‍ക്കൊള്ളുന്നതാണ് സൃഷ്ടിപ്പ്. 
 

Feedback