ഇസ്‌ലാമില്‍ വ്യക്തികള്‍ അനുഷ്ഠിച്ചിരിക്കേണ്ട നിര്‍ബന്ധ ആരാധനകളിലൊന്നാണ് ഹജ്ജ്. നമസ്‌കാരം, സകാത്ത്, നോമ്പ് എന്നിവയാണ് മറ്റു കര്‍മങ്ങള്‍. നമസ്‌കാരം, നോമ്പ് സകാത്ത് എന്നിവയില്‍ നിന്ന് വ്യതിരിക്തമാണ് ഹജ്ജ്. അത് ലോകത്ത് ഒരിടത്തു മാത്രമേ ചെയ്യാന്‍ കഴിയൂ; മക്കയില്‍. അവിടെ പോയി വരാന്‍ സാമ്പത്തിക-ശാരീരിക-സാങ്കേതിക സൗകര്യങ്ങള്‍ ഒത്തിണങ്ങിയവര്‍ക്ക് മാത്രമേ ഹജ്ജ് കര്‍മം നിര്‍ബന്ധമുള്ളൂ. മാത്രമല്ല ജീവിതത്തില്‍ ഒരു തവണ മാത്രമേ ഹജ്ജ് ചെയ്യാന്‍ ബാധ്യതയുള്ളൂ. ഐച്ഛികമായി കൂടുതല്‍ നിര്‍വഹിക്കാവുന്നതാണ്.
മതങ്ങള്‍ അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തങ്ങളാണെങ്കിലും അവ തമ്മില്‍ ചില സാമ്യങ്ങളും കാണാം. മാനവിക മൂല്യങ്ങളില്‍ മാത്രമല്ല കര്‍മങ്ങളിലും മൗലികമായ ഐകരൂപ്യവും പ്രയോഗ തലത്തില്‍ ഭിന്നതയുമാണുള്ളത്. തീര്‍ഥാടനം എല്ലാ മതങ്ങളിലും പുണ്യ പ്രവര്‍ത്തനമാണ്. എന്നാല്‍ മിക്ക മതങ്ങളിലും തീര്‍ഥാടനം ആചാര്യന്‍മാരുടെ ജന്മസ്ഥലത്തേക്കോ സമാധിസ്ഥലത്തേക്കോ ആണ് നടത്താറുള്ളത്. ഇസ്‌ലാമില്‍ തീര്‍ഥാടനം ആദര്‍ശ പ്രധാനവും ഏകദൈവ വിശ്വാസത്തില്‍ ഊന്നിക്കൊണ്ടുമുള്ളതാണ്. ഹജ്ജും ഉംറയും അല്ലാതെ മറ്റൊരു കര്‍മവും ഇങ്ങനെ ചെയ്യാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. അത് മക്കയില്‍ മാത്രമേ പാടുള്ളുതാനും.