Skip to main content

മക്ക: ഭൂമിശാസ്ത്രവും മഹത്ത്വവും

ഏഷ്യാ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന സഊദി അറേബ്യയിലെ ഒരു പ്രധാന പ്രവിശ്യയാണ് മക്ക. സുഊദി അറേബ്യയുടെ തുറമുഖ നഗരമായ ജിദ്ദയില്‍നിന്ന് 80 കിലോ മീറ്റര്‍ ഉള്ളിലേക്ക് മാറി സമുദ്ര നിരപ്പില്‍നിന്ന് 910 അടി ഉയരത്തിലായി മക്ക നഗരം സ്ഥിതി ചെയ്യുന്നു. മുസ്‌ലിംകളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ് ഇത്. ലോകത്ത് ഏകദൈവത്തെ ആരാധിക്കാനായി ആദ്യമായി നിര്‍മിക്കപ്പെട്ട ദേവാലയമായ കഅ്ബ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കടുത്ത പാറക്കല്ലുകളാലും കുന്നുകളാലും ചുറ്റപ്പെട്ട ഇവിടെ നാഗരികത ആരംഭിക്കുന്നത് ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അറേബ്യന്‍ മരുഭൂമിയില്‍ മനുഷ്യരെ ആകര്‍ഷിക്കാവുന്ന യാതൊന്നും അവകാശപ്പെടാനില്ലാതെ കിടന്ന പ്രദേശമാണിത്. ബാബിലോണിയക്കാരനായ ഇബ്‌റാഹീം നബി (അബ്രഹാം പ്രവാചകന്‍) തന്റെ കുടുംബത്തെ ഇവിടെ നേരത്തെയുണ്ടായിരുന്നതും നശിച്ചുപോയതുമായ ദേവാലയത്തിന്റെ പരിസരത്ത് താമസിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ഥനയുടെ ഫലമായി ഈ പ്രദേശത്ത് അത്ഭുത ഉറവയായ സംസം രൂപപ്പെട്ടു. ''ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്വുള്ളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചെന്നു വരാം''(14:37). ഇതോടെ സമീപ പ്രദേശങ്ങളില്‍നിന്ന് അവിടെ ആളുകള്‍ വന്ന് താമസിക്കാന്‍ തുടങ്ങി. ഇതാണ് അറബ് വംശത്തിന്റെ തന്നെ ഉത്ഭവചരിത്രം.

ഭൂമുഖത്ത് പവിത്രമായി(ഹറം) അല്ലാഹു തെരഞ്ഞെടുത്ത പ്രദേശമാണ് മക്ക. മക്ക(48:24), ബക്ക(3:96), ഉമ്മുല്‍ഖുറാ (രാജ്യങ്ങളുടെ കേന്ദ്രം) (42:7), അല്‍ബലദുല്‍ അമീന്‍ (നിര്‍ഭയരാജ്യം)(95:3) എന്നെല്ലാം ഖുര്‍ആന്‍ ഈ രാജ്യത്തെ പരിചയപ്പെടുത്തുന്നുണ്ട്. ഈ വാക്കുകളെയെല്ലാം അന്വര്‍ഥമാക്കുന്നതാണ് ഈ നാട്. ഏകദൈവാരാധകരാല്‍ തിങ്ങിനിറഞ്ഞതും (മക്ക) അക്രമികളാല്‍ നശിപ്പിക്കപ്പെട്ടതും(ബക്ക) മനുഷ്യവാസമുള്ള ഭൂപ്രദേശങ്ങളില്‍ നിന്നും ഏകദേശം തുല്യദൂരം പങ്കിടുന്ന തും(ഉമ്മുല്‍ഖുറാ) നൂറ്റാണ്ടുകളായി ജനകോടികള്‍ക്ക് സമാധാനം സമ്മാനിക്കുകന്നതുമായ (ബലദുന്‍ അമീന്‍) പ്രദേശമാണിത്. ഇതെല്ലാം ചേര്‍ന്നതാണ് ഈ രാജ്യത്തിന്റെ പവിത്രതക്കും മഹത്വത്തിനും കാരണം.

ഈ പ്രദേശത്തിന്റെ പവിത്രത അവിടെ നിവസിക്കുന്നതിലോ മരിക്കുന്നതിലോ ഇവിടത്തെ വെള്ളവും മണ്ണും ഉപയോഗിക്കുന്നതിലോ അല്ല, പ്രത്യുത അവിടെ നിര്‍വഹിക്കപ്പെടുന്ന ആരാധനകളാണ് അതിനെ പവിത്രവും പുണ്യഭൂമിയുമാക്കുന്നത്. അല്ലാഹുവിനെ ആരാധിക്കാനായി ലോകത്ത് ആദ്യമായി നിര്‍മിക്കപ്പെട്ട കഅ്ബ ദേവാലയത്തിന്റെ നാടാണ് അത് എന്നതാണ് ആ പ്രദേശത്തിന് മഹത്വം നല്കിയത്. മുസ്‌ലിംകള്‍ക്ക് പ്രത്യേക പുണ്യസ്ഥലങ്ങളായി നിശ്ചയിക്കപ്പെട്ട മൂന്നു പള്ളികളില്‍ ഒന്നാമത്തേതാണ് ഇത്.  ഇവിടെ നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരത്തിന് മറ്റു പള്ളികളില്‍ നിന്നുള്ളതിനെക്കാള്‍ ലക്ഷം മടങ്ങ് പ്രതിഫലമുണ്ടെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു ''തീര്‍ച്ചയായും മനുഷ്യര്‍ക്ക്‌വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും(നിലകൊള്ളുന്നു)''(3:96). ''(നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. എല്ലാ വസ്തുവും അവന്റെതത്രെ. ഞാന്‍ കീഴ്‌പെടുന്നവരുടെ കൂട്ടത്തിലായിരിക്കണമെന്നും കല്പിക്കപ്പെട്ടിരിക്കുന്നു''(27:91).  ലോകവസാനം വരെ ഈ പവിത്രത നിലനില്‍ക്കുമെന്നും നബി(സ്വ) പ്രഖ്യാപിച്ചു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു. മക്കവിജയ ദിവസം നബി(സ്വ) പറഞ്ഞു. തീര്‍ച്ചയായും ആകാശഭൂമികള്‍ സൃഷ്ടിക്കപ്പെട്ട നാള്‍ മുതല്‍ ഈ നാട് അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അന്ത്യനാള്‍ വരെക്കും ആ പവിത്രത നിലനില്‍ക്കുകയും ചെയ്യും(മുസ്‌ലിം 2/986).

ഈ നാട് നല്കുന്ന നിര്‍ഭയത്വമാണ് ഇതിന്റെ മറ്റൊരു മഹത്വം(3:97). ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയാണ് ഈ രാജ്യത്തെ ഇങ്ങനെ നിര്‍ഭയത്വത്തിന്റെ കേന്ദ്രമാക്കിയത്. ''ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യേണമേ''(14:35). മനുഷ്യനായാലും മറ്റു ജീവികള്‍ക്കായാലും അല്ലാഹുവിനെയല്ലാതെ ആരെയും പേടിക്കേണ്ടതില്ലാത്ത ഇടമാണ് ഹറം. മക്കയിലെ ബഹുദൈവാരാധകര്‍ക്കുപോലും ഈ പ്രദേശം ഇത്തരത്തില്‍ അഭയമായിരുന്നു എന്നാണ് ഖുര്‍ആന്‍ സൂറതു ഖുറൈശിലൂടെ ഉണര്‍ത്തുന്നത്. ഈ പ്രദേശത്തിന്റെ നിര്‍ഭയാവസ്ഥ സൂക്ഷിക്കേണ്ടത് അതിനെ ആദരിക്കുന്ന മനുഷ്യരുടെ ബാധ്യതയാണ്. ഇല്ലെങ്കില്‍ അവര്‍ ദൈവിക ശിക്ഷക്ക് പാത്രമാകും. ''അവിടെ വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്''(22:25). ഇത് കഅ്ബ തകര്‍ക്കാന്‍ വന്ന അബ്‌റഹതിനെ അമാനുഷികമായ രീതിയില്‍ പരസ്യമായി നശിപ്പിച്ചതുപോലെയാകാം. അല്ലെങ്കില്‍ മക്കാബഹുദൈവാരാധകരെ ആ മണ്ണില്‍ നിന്ന് ഇല്ലായ്മചെയ്തപോലെയുമാകാം. 

അറേബ്യ മുഴുവന്‍ ദാരിദ്ര്യത്തിലായ നൂറ്റാണ്ടുകളിലും വിവിധ നാടുകളില്‍നിന്നു വരുന്ന തീര്‍ഥാടകരാല്‍ മക്ക പ്രായേണ സുഭിക്ഷതയിലായിരുന്നു. അതിന് കാരണം കഅ്ബയായിരുന്നു. ഹജ്ജും ഉംറ യുമടക്കമുള്ള തീര്‍ഥാടനത്തിന് നാനാഭാഗങ്ങളില്‍ നിന്നായി ഇവിടെ പുരാതനകാലം മുതല്‍ പതിനായിരക്കണക്കായ മനുഷ്യരെത്തുന്നു. അവര്‍ കൊണ്ടുവരുന്ന വസ്തുക്കള്‍ വാങ്ങിയും അവര്‍ക്കാവശ്യമുള്ള ചരക്കുകള്‍ വിറ്റും അന്ന് മക്കക്കാര്‍ സമൃദ്ധിനേടി. കഅ്ബയുടെ സൂക്ഷിപ്പുകാര്‍ എന്ന നിലയില്‍ അവര്‍ക്ക് മറ്റു നാടുകളിലേക്ക് സുരക്ഷിതമായി കച്ചവടയാത്ര നടത്താനും മറ്റും കഴിഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ ഇത് ഇങ്ങനെ വിശദീകരിക്കുന്നുണ്ട്. ''ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍, ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും ഭയത്തില്‍നിന്ന് നിര്‍ഭയത്വം നല്‍കുകയും ചെയ്തവനെ''(106:1-4). 

ആധുനിക കാലത്ത് യാത്രാ സൗകര്യങ്ങള്‍ വര്‍ധിക്കുകയും സാമ്പത്തികശേഷി ലഭിക്കുകയും ചെയ്തപ്പോള്‍ ഈ ഏകദൈവാരാധനാ കേന്ദ്രത്തിലെത്താനും ഹജ്ജും ഉംറയും നിര്‍വഹിക്കാനും ജനലക്ഷങ്ങള്‍ക്ക് ശേഷി ലഭിച്ചു. അതിനാല്‍ ദൈവത്തിന്റെ വിളിക്കുത്തരം നല്കുക എന്ന ബാധ്യത നിര്‍വഹിക്കാനായി ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നുമായി എത്തുന്ന അല്ലാഹുവിന്റെ അതിഥി കളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു.  സുഭിക്ഷവും സൗകര്യപ്രദവുമായ ആതിഥ്യം നല്കി ഇവരെ ആദരിക്കാന്‍ എണ്ണയും സ്വര്‍ണവും നല്കി അല്ലാഹു ഈ നാടിനെ സമ്പന്നമാക്കി. കൃഷിയും കച്ചവടവും വ്യവസായങ്ങളുമൊന്നും ഇനിയും വളര്‍ന്നിട്ടില്ലാത്ത ഈ നാടിനെ അങ്ങനെ ജനലക്ഷങ്ങളെ ഊട്ടാനും പോറ്റാനുമായി എല്ലാ രാജ്യക്കാരുടെയും പഴങ്ങളും ഫലങ്ങളും സമൃദ്ധമായി ലഭിക്കുന്ന ഇടമാക്കി അല്ലാഹു അനുഗ്രഹിച്ചു. ''നിന്നോടൊപ്പം ഞങ്ങള്‍ സന്‍മാര്‍ഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടില്‍നിന്ന് ഞങ്ങള്‍ എടുത്തെറിയപ്പെടും എന്ന് അവര്‍ പറഞ്ഞു. നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടുവരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്. പക്ഷേ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല''(28:57).

Feedback