റമദാന്‍, ശവ്വാല്‍ മാസപ്പിറവികള്‍ ഉണ്ടാകും എന്ന് സംശയിക്കപ്പെടുന്ന ദിവസങ്ങളില്‍ നോമ്പെടുക്കാന്‍ പാടില്ല. കാരണം റമദാന്‍ മാസം ആരംഭിച്ചാല്‍ മാത്രമേ വ്രതം തുടങ്ങാന്‍ പാടുള്ളൂ. റമദാന്‍ അവസാനിക്കുന്നതും മാസപ്പിറവിയോടെത്തന്നെ. നാളെ റമദാനായിരിക്കും എന്നു കരുതി നോമ്പെടുക്കാനോ നാളെ ശവ്വാലാവുകയില്ലെന്നു കരുതി നോമ്പെടുക്കാനോ പാടില്ല. അതുപോലെ റമദാനിന് തൊട്ടുമുമ്പുള്ള ദിവസവും നോമ്പെടുക്കാനായി തെരഞ്ഞെടുക്കരുത്.
അബൂഹുറയ്‌റ(റ)പറയുന്നു: നബി(സ്വ) അരുളി: റമദാന്‍ നോമ്പിന് ഒന്നോ രണ്ടോ ദിവസം മുന്‍കൂട്ടി നിങ്ങള്‍ നോമ്പു തുടങ്ങരുത്. വല്ലവനും അതിനുമുമ്പ് തന്നെ നോമ്പ് പിടിച്ച്‌വരികയാണെങ്കില്‍ അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം (ബുഖാരി.1914).
അമ്മാര്‍(റ) പറയുന്നു: മാസപ്പിറവി ഉണ്ടോ ഇല്ലെയോ എന്ന് സംശയമുള്ള ദിവസം (വ്യക്തമായ തെളിവില്ലാതെ) വല്ലവനും നോമ്പനുഷ്ഠിച്ചാല്‍ അബുല്‍ ഖാസിമിനോട് അവന്‍ വിപരീതം പ്രവര്‍ത്തിച്ചു (തുര്‍മുദി 686).
നോമ്പ് ചേര്‍ത്തനുഷ്ഠിക്കല്‍
ഇസ്‌ലാമിലെ വ്രതത്തിന് ഐകരൂപ്യമുണ്ട്. അത് പ്രഭാതോദയത്തോടെ ആരംഭിക്കുകയും സൂര്യാ സ്തമയത്തോടെ അവസാനിക്കുകയും ചെയ്യും. ഭക്തിയുടെ പേരില്‍ ഇതിലേറെ നീട്ടിക്കൊണ്ടു പോകുന്നത് തീവ്രതയാണ്; പാപമാണ്. ഒരു നോമ്പ് ഭക്ഷണം കഴിച്ച് അവസാനിപ്പിക്കാതെ അത് നീട്ടിക്കൊണ്ടുപോകുന്നതും രണ്ടു നോമ്പുകള്‍ ചേര്‍ത്തുപിടിക്കുന്നതും പാടില്ലാത്തതാണ്.
അബൂഹുറയ്‌റ(റ) പറയുന്നു: രാവും പകലും ചേര്‍ത്തിക്കൊണ്ട് നോമ്പനുഷ്ഠിക്കുന്നതിനെ നബി(സ്വ) വിരോധിച്ചു. അപ്പോള്‍ മുസ്‌ലിംകളില്‍പെട്ട ഒരു മനുഷ്യന്‍ പറഞ്ഞു. നിശ്ചയം, താങ്കള്‍ അപ്രകാരം നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി(സ്വ) പ്രത്യുത്തരം നല്‍കി. എന്നെപ്പോലെ നിങ്ങളിലാരുണ്ട്? ഞാന്‍ ഭക്ഷിപ്പിക്കപ്പെടുന്നവനും പാനം ചെയ്യിക്കപ്പെടുന്നവനുമായി രാത്രി കഴിച്ചുകൂട്ടുന്നു. അവര്‍ അതില്‍നിന്ന് വിരമിക്കുവാന്‍ മടികാണിച്ചപ്പോള്‍ അവരെയുമായി നബി(സ്വ) രണ്ടുദിവസം വിസ്വാല്‍ നോമ്പ് അനുഷ്ഠിച്ചു. പിന്നീടവന്‍ ചന്ദ്രപ്പിറവി കണ്ടു. അപ്പോള്‍ നബി(സ്വ) അരുളി: മാസപ്പിറവി കാണാന്‍ വൈകിയിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ വര്‍ധിപ്പിക്കുമായിരുന്നു. അവര്‍ വിശ്രമിക്കുവാന്‍ വിസമ്മതം കാണിച്ചപ്പോള്‍ അവരെ ശിക്ഷിക്കുവാന്‍ നബി(സ്വ) ഉദ്ദേശിച്ചതുപോലെ (ബുഖാരി).
അബ്ദുല്ല(റ) പറയുന്നു: നബി(സ്വ) രാത്രിയും പകലും ഒന്നിച്ച് നോമ്പനുഷ്ഠിച്ചു. അപ്പോള്‍ ജനങ്ങളും അപ്രകാരം ചെയ്തു. ശേഷം അതവര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. അപ്പോള്‍ നബി(സ്വ) അതിനെ വിരോധിച്ചു. അനുചരന്മാര്‍ പറഞ്ഞു. താങ്കള്‍ യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി(സ്വ) അരുളി: ഞാന്‍ നിങ്ങളെപ്പോലെയല്ല. എന്റെ രക്ഷിതാവ് എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു (ബുഖാരി).