Skip to main content

സമയം മുന്തിക്കലും പിന്തിക്കലും

ശഅ്ബാന്‍ കഴിഞ്ഞതിനു ശേഷം ശവ്വാല്‍ പിറക്കുന്നതുവരെയാണ് റമദാന്‍. അതുപോലെ പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെയാണ് ഓരോ നോമ്പിന്റെയും സമയം. ഈ സമയ ഘടനയില്‍ ബോധപൂര്‍വം മാറ്റങ്ങള്‍ വരുത്തിയാല്‍ നോമ്പ് നഷ്ടപ്പെടും. റമദാന്‍ മാസം പിറന്നില്ലെന്നറിഞ്ഞിട്ടും നോമ്പെടുക്കുക, ശവ്വാല്‍പിറ തെളിഞ്ഞിട്ടും നോമ്പ് തുടരുക എന്നിങ്ങനെ അല്ലാഹുവും റസൂലും(സ്വ) നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റം വരുത്തുന്നത് നിഷിദ്ധമാണ്. അത്തരം ദിവസങ്ങളലെ നോമ്പ് സാധുവാകുന്നതല്ല. ഉറപ്പായതിനു ശേഷമല്ലാതെ, സൂക്ഷ്മതയുടെ പേരിലോ മറ്റോ മാസം പിറക്കും മുമ്പേ നോമ്പ് തുടങ്ങാനോ മാസം മാറിയശേഷം തുടരാനോ പാടില്ല. 

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: "റമദാന്‍ നോമ്പിന് ഒന്നോ രണ്ടോ ദിവസം മുന്‍ കൂട്ടി നിങ്ങള്‍ നോമ്പു തുടങ്ങരുത്. വല്ലവനും അതിനുമുമ്പ് തന്നെ നോമ്പ് പിടിച്ച് വരികയാണെ ങ്കില്‍ അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം" (ബുഖാരി). നേരത്തെയുള്ള സുന്നത്തുനോമ്പ് ആണെങ്കില്‍ തുടരാം എന്നാണ് ഉദ്ദേശ്യം.

അറിവില്ലാതെ പ്രഭാതത്തിനുശേഷം നോമ്പ് തുടങ്ങുകയോ നേരമാകാതെ നോമ്പ് തുറക്കുകയോ ചെയ്താല്‍ അത് കുറ്റകരമല്ല. ആ നോമ്പ് പൂര്‍ണമാകുന്നതുമാണ്. നബി(സ്വ)യുടെ കാലത്ത് ഒരിക്കല്‍ മേഘംമൂടിയ ഒരു ദിവസം നേരത്തെ നോമ്പു തുറക്കുകയും ശേഷം സൂര്യനെ കാണുകയും ചെയ്തു. എന്നാല്‍ നോമ്പ് മാറ്റി നിര്‍വഹിക്കാന്‍ നബി(സ്വ) ആവശ്യപ്പെട്ടില്ല (ബുഖാരി 594). ഇതിന്റെ അടിസ്ഥാനത്തില്‍ മേഘാവൃത ദിനങ്ങളില്‍ സമയമായെന്ന് ഉറപ്പുവരുത്താന്‍ വേണ്ടി നോമ്പു തുറക്കാതെ കാത്തിരിക്കേണ്ടതില്ലെന്നും അങ്ങനെ തെറ്റിപ്പോയാല്‍ നോമ്പ് പകരം നോറ്റുവീട്ടേണ്ടതില്ലെന്നും ഇമാം ഇബ്‌നു തൈമിയ നിരീക്ഷിക്കുന്നു (മജ്മൂഉല്‍ ഫതാവാ, 25/124). 

എന്നാല്‍ സമയമായിട്ടും സൂക്ഷ്മതയുടെ പേരില്‍ നോമ്പ് തുറക്കാന്‍ വൈകിക്കുന്നത് കുറ്റകരമാണ്. അതുപോലെത്തന്നെ പ്രഭാതോദയത്തി(ഫജ്‌റ്)ന് വളരെ നേരത്തെ സൂക്ഷ്മതയുടെ പേരില്‍ അത്താഴം കഴിക്കാതിരിക്കുന്നതും ശരിയായ നടപടിയല്ല. നബി(സ്വ) പറയുന്നു: "സമയമായ ഉടനെ നോമ്പുതുറക്കുന്നേടത്തോളം കാലം ജനങ്ങള്‍ നന്മയിലായിരിക്കും. നിങ്ങള്‍ നോമ്പുതുറക്കാന്‍ ധൃതികൂട്ടുക. യഹൂദികള്‍ നോമ്പുതുറക്കല്‍ വൈകിക്കുന്നവരാണ്" (ഇബ്‌നു മാജ 1387).

Feedback