ഹിന്ദു മതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പ്രമുഖമായവ വേദങ്ങളാണ്. സ്‌തോത്രങ്ങളും, സ്തുതി ഗീതങ്ങളുമടങ്ങിയ ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. ദേവന്മാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ളവയാണ് ഇവയിലെ ഗീതങ്ങളും സ്‌തോത്രങ്ങളും. വേദങ്ങള്‍ മനുഷ്യോക്തിയല്ലെന്നും അവയുടെ കാലം നിര്‍ണയിക്കാവുന്നതല്ലെന്നും അവയെ ആരും സൃഷ്ടിച്ചതല്ലെന്നും വിശ്വസിക്കപ്പെടുന്നു. ക്രിസ്തുവിന് മുമ്പ് 1500, 1200 കാലഘട്ടങ്ങളിലാണ് ഋഗ്വേദം രചിക്കപ്പെട്ടതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. മറ്റു വേദങ്ങള്‍ അതിന് ശേഷം രചിക്കപ്പെട്ടവയാണ്. ഋഗ്വേദം, സാമവേദം, യജുര്‍വേദം, അഥര്‍വവേദം എന്നിങ്ങനെ വേദങ്ങള്‍ നാല് ആണ്. ഒരോ വേദവുംനാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
(a) സംഹിതകള്‍. (b) ബ്രാഹ്മണങ്ങള്‍. (c) ആരണ്യകങ്ങള്‍ (d) ഉപനിഷത്തുകള്‍
ചിന്താമണ്ഡലത്തില്‍ ഭാരതത്തിന്റെ ഉജ്വല സംഭാവനയാണ് ഉപനിഷത്തുകള്‍. പില്‍ക്കാലത്ത് ഇന്ത്യയില്‍ രൂപംകൊണ്ട ചിന്തയുടെയും മതരൂപങ്ങളുടെയും അടിസ്ഥാനവും പ്രേരകശക്തിയുമായിത്തീര്‍ന്നത് ഉപനിഷത്തുകളാണ്. ജീവിത ക്ലേശം മൂലം ചപല മനസ്സുകള്‍ക്ക് ശാന്തിയും സമാധാനവും കൈവരിക്കാന്‍ സഹായിക്കുക എന്നുള്ളതാണ് ഉപനിഷത്തുകളുടെ ലക്ഷ്യം. താത്ത്വിക സത്യത്തെ സ്ഫുടവും വ്യക്തവുമായ രീതിയില്‍ അവ അവതരിപ്പിക്കുന്നു. സത്യം എന്താണ് എന്നുള്ള അന്വേഷണമാണ് ഒരോ ഉപനിഷത്തും ലക്ഷ്യമിടുന്നത്. ഇന്ദ്രിയ മാര്‍ഗേണ ലഭിക്കാത്ത അനുഭവങ്ങളുടെ നിജസ്ഥിതി അറിയാനുള്ള ചിന്തകരുടെ അന്വേഷണമാണത്.
രണ്ടായിരത്തോളം ഉപനിഷത്തുകളില്‍ 108 എണ്ണമാണ് കണ്ടുകിട്ടിയത്. ഇവ നാലു വേദങ്ങളില്‍ ഉള്‍പ്പെട്ടവയാണ്. ഇവയില്‍ പ്രധാനപ്പെട്ട 10 ഉപനിഷത്തുക്കള്‍ 'ഭഗോപനിഷത്തുകള്‍' എന്നറിയപ്പെടുന്നു. ഈശോവാന്യോപനിഷത്താണ് അതില്‍ പ്രധാനം. കേതോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡ്യുക്യോപനിഷത്ത്, തൈത്തിരിയോപനിഷത്ത്, ഐതരെയോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് എന്നിവയാണ് മറ്റുള്ളവ.
ഹിന്ദു മതത്തിന്റെ മറ്റൊരു പ്രധാന സാഹിത്യ ഭാഗമാണ് ഇതിഹാസങ്ങള്‍. ഇവ 5ാം വേദമെന്ന് അറിയപ്പെടുന്നു. ഇവയുടെ രചനാ കാലത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മഹാഭാരതമാണ് പ്രഥമ രചനയെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഒരു കൂട്ടം ആളുകളാണ് ഇതിഹാസങ്ങളുടെ രചയിതാക്കളെന്നും അവ ഒരു പ്രത്യേക കാലഘട്ടത്തിലെ സ്ഥിതിഗതികളെയെല്ലാം വിവരിക്കുന്നതെന്നും അഭിപ്രായമുണ്ട്.
രാമായണം വാത്മീകി മഹര്‍ഷി രചിച്ചതാണെന്ന് കരുതപ്പെടുന്നു. ഇരുപത്തിനാലായിരം ശ്ലോകങ്ങള്‍ ഇതിലുണ്ട്. തേത്രായുഗമാണ് രചനാ പശ്ചാത്തലം. ദശരഥ പുത്രനായ ശ്രീരാമ മൗറിന്റെയും സീതാ ദേവിയുടെയും ജീവചരിത്ര പശ്ചാത്തലത്തിലാണ് വിവരണം.
വ്യാസ മഹര്‍ഷിയാല്‍ വിരചിതമായ മഹാഭാരതമാണ് മറ്റൊരു ഇതിഹാസം. ധര്‍മം ജയിക്കും എന്നുള്ളതാണ് മഹാഭാരതം നല്‍കുന്ന സന്ദേശം. മഹാഭാരതയുദ്ധത്തില്‍ പാണ്ഡവരുടെ ധര്‍മവും കൗരവരുടെ അധര്‍മവും ഏറ്റുമുട്ടിയപ്പോള്‍ ധര്‍മത്തിനായിരുന്നു വിജയം.
ഭഗവദ്ഗീത മഹാഭാരത ഇതിഹാസത്തിന്റെ ഭാഗമാണ്. ഭീഷ്മ പര്‍വത്തിലെ 25 മുതല്‍ 42 വരെയുള്ള 18 അധ്യായങ്ങള്‍ അടങ്ങിയതാണ് ഗീത. കുരുക്ഷേത്ര യുദ്ധത്തില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കിയ തത്ത്വോപദേശങ്ങളാണ് ഗീതയിലെ പ്രതിപാദ്യം.
ശ്രുതി-സ്മൃതി
വേദം ശ്രുതിയെന്നും ധര്‍മ ശാസ്ത്രം സ്മൃതിയെന്നും അറിയപ്പെടുന്നു. ശ്രുതികളിലാണ് വൈദിക ധര്‍മത്തിന്റെ ചട്ടക്കൂടുകള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. പക്ഷേ സ്മൃതികള്‍ പരമ പ്രമാണങ്ങളല്ല. സ്മൃതിയില്‍ ശ്രുതി വിതണ്ഡമായ വല്ലതുമുണ്ടെങ്കില്‍ അവ ത്യജിക്കേണ്ടതാണ്. സ്മൃതികള്‍ കാലം തോറും മാറിയിട്ടുണ്ട്.