ജനങ്ങള്‍ എന്നര്‍ഥമുള്ള ഡെമോസ് (Demos), ഭരണം എന്നര്‍ഥമുള്ള ക്രറ്റോസ് (Kratos) എന്നീ പദങ്ങള്‍ ചേര്‍ന്നുണ്ടായ ഗ്രീക്കുഭാഷയിലെ ഡെമോക്രാറ്റിയ എന്ന വാക്കില്‍ നിന്നാണ് ജനാധിപത്യം എന്നര്‍ഥമുള്ള Democracy ഉണ്ടാവുന്നത്. 'ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍, ജനങ്ങളെ ഭരിക്കുന്നതാണു ജനാധിപത്യമെന്ന്' പൊതുവില്‍ വിവക്ഷിക്കപ്പെടുന്നു. എബ്രഹാം ലിങ്കണ്‍ നല്‍കിയ നിര്‍വചനമാണിത്. ആധുനിക ലോകത്ത് രാഷ്ട്രങ്ങളുടെ ഭരണ സംവിധാനത്തിന് സ്വീകരിക്കുന്ന മാര്‍ഗം എന്ന നിലയില്‍ ജനാധിപത്യത്തിന് ഏറെ പ്രസക്തിയുണ്ട്.
ജനാധിപത്യം എന്നത് ഒരു മൂല്യം കൂടിയാണ്. ഭൂരിപക്ഷം ജനാധിപത്യത്തിന്റെ അടിസ്ഥാന മാനദണ്ഡമായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ അത് മെജോറിറ്റേറിയനിസം (Majoritarianism) ആണ്, ജനാധിപത്യം അഥവാ ഡെമോക്രസി ആകുന്നില്ലെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. ഭൂരിപക്ഷം പരിഗണിക്കുക എന്നത് ജനാധിപത്യപരമായ ഭരണകൂടം നിലവില്‍ വരാനുള്ള ഒരു പ്രയോഗിക മാര്‍ഗം മാത്രമായി ഈ നിരീക്ഷകര്‍ മനസ്സിലാക്കുന്നു. അതേ സമയം, ജനാധിപത്യത്തെ ഒരു മൂല്യമായാണ് സമകാലീന രാഷ്ട്രീയ വ്യവഹാരങ്ങളില്‍ മനസ്സിലാക്കപ്പെടുന്നത്. ഒരു സംസ്‌കാരം എന്ന നിലയില്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നു എന്നതാണ്. ഇസ്‌ലാമിലെ ശൂറാ അഥവാ കൂടിയാലോചന എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ്. ആ നിലയ്ക്ക് ജനാധിപത്യത്തെ മുമ്പെ തന്നെ ആന്തരികവത്കരിച്ച മതമാണ് ഇസ്‌ലാം. അരികുവത്കരിക്കപ്പെട്ടവരും മാറ്റിനിര്‍ത്തപ്പെട്ടവരും ദുര്‍ബലരും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഭാഗധേയം വഹിക്കാന്‍ സാധിക്കുമ്പോഴാണ് ജനാധിപത്യം പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാകുന്നത്.
ജനാധിപത്യത്തിന്റെ അടിസ്ഥാനം ഭൂരിപക്ഷമാവുമ്പോള്‍, മൂല്യങ്ങള്‍ ബലികഴി ക്കപ്പെടില്ലേ എന്നൊരു ചര്‍ച്ച വൈജ്ഞാനിക ലോകത്തുണ്ട്. എന്നാല്‍, ഏതെങ്കിലും നൈതികമായ സംസ്‌കാരത്തെ പുല്‍കുന്നവര്‍ ഭൂരിപക്ഷാടിസ്ഥാനത്തില്‍ തീരുമാനമെടുത്താല്‍ പോലും അത് മൂല്യങ്ങളെ ഹനിക്കുകയില്ല. അതുകൊണ്ട്, ഭൂരിപക്ഷ ജനാധിപത്യത്തിന്റെ മുന്നുപാധി വ്യക്തിപരമായ വൈശിഷ്ട്യവും ഉദാത്തതയുമാണ്.
ജനാധിപത്യം തന്നെ സംസ്‌കാരമായി സ്വീകരിച്ചവരെ സംബന്ധിച്ചേടത്തോളം ഭൂരിപക്ഷം ഒരു മാനദണ്ഡമായി മാറുകയില്ല. എന്നാല്‍, മൂല്യബോധത്തെ ആന്തരീകരിച്ചതിന് ശേഷം പ്രയോഗികമായി ഭൂരിപക്ഷത്തെ അടിസ്ഥാനമാക്കുന്നതില്‍ തെറ്റില്ല. ഈയര്‍ഥത്തില്‍, ജനാധിപത്യത്തെ ഏറ്റവും നന്നായി പ്രോത്സാഹിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. ശൂറാ തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവ്. ദുര്‍ബലര്‍ക്കും അശരണര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവും അവരെ പരിഗണിക്കണമെന്ന കല്‍പനയും ജനാധിപത്യ സംസ്‌കാരത്തിന് മാറ്റുകൂട്ടുന്നതാണ്.
ജനാധിപത്യത്തിന്റെ താത്ത്വികാടിത്തറ ഭൂരിപക്ഷമാണെന്നും അതിന് ഇസ്‌ലാമില്‍ തെളിവില്ല എന്നും വിശദീകരിച്ചുകൊണ്ട് ജനാധിപത്യത്തെ ഇസ്‌ലാമിക വിരുദ്ധമായി കാണുന്ന പണ്ഡിതന്മാരുണ്ട്. സയ്യിദ് മൗദൂദി ആ ഗണത്തില്‍ പെടുന്ന ഒരാളാണ്. എന്നാല്‍, ജനാധിപത്യത്തെ ഒരു മൂല്യമായി മനസ്സിലാക്കിക്കൊണ്ട്, കൂടിയാലോചന അടിസ്ഥാന സ്വഭാവമായി നിശ്ചയിച്ചു കൊണ്ട്, പ്രയോഗവത്കരിച്ചാല്‍ അത് ഇസ്‌ലാമിക മൂല്യങ്ങളുമായി ഒത്തുചേരുന്നതായി നമുക്ക് കാണാന്‍ സാധിക്കും.