Skip to main content

വഴിക്കച്ചവടം

മാര്‍ക്കറ്റിലേക്കു കൊണ്ടുവരുന്ന ചരക്കുകള്‍ വഴിയില്‍ നിന്ന് കച്ചവടമാക്കുന്നത് ഇസ്‌ലാം നിരോധിച്ചു. മാര്‍ക്കറ്റ് നിലവാരം അിറയാതെ വിക്രേതാവ് ചതിക്കപ്പെടാന്‍ ഏറെ സാധ്യതയുള്ളതാണ് ഈ ഇടപാട്. പ്രത്യേകിച്ചും ഗ്രാമീണനായ വ്യക്തിക്ക് അങ്ങാടി നിലവാരം അറിയാനുള്ള സാധ്യത കുറവായതിനാല്‍ അയാള്‍ ഇടത്തട്ടുകാരനാല്‍ ചതിക്കപ്പെടാന്‍ ഏറെ സാധ്യതയുണ്ട്. അതിനാല്‍ ഇങ്ങനെ നഷ്ടം ബോധ്യപ്പെട്ടവന് ഇടപാട് ദുര്‍ബലമാക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. കൂടാതെ ഇത് അങ്ങാടിയില്‍ അനാവശ്യമായ മത്സരങ്ങളുണ്ടാക്കാനും ചരക്കുകളെല്ലാം സമര്‍ഥരായ ചില കച്ചവടക്കാരില്‍ മാത്രം കേന്ദ്രീകരിക്കപ്പെടാനും ഇടയാക്കുകയുംചെയ്യും. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ചരക്ക് അങ്ങാടിയിലേക്ക് കൊണ്ടുവരുന്നവരില്‍ നിന്ന് ഇടക്കു വെച്ച് അതു വാങ്ങരുതെന്നും ഗ്രാമീണന് വേണ്ടി അവന്റെ ചരക്ക് പട്ടണവാസി വില്‍പ്പന നടത്തരുതെന്നും നബി(സ്വ) അരുളിയിരിക്കുന്നു. അപ്പോള്‍ ഞാന്‍(ത്വാവൂസ്) ഇബ്‌നുഅബ്ബാസിനോട് ചോദിച്ചു. ഗ്രാമീണനുവേണ്ടി ചരക്ക് പട്ടണവാസി വില്‍പ്പന നടത്തരുതെന്നു പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശ്യമെന്താണ്? ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞു: അവനുവേണ്ടി ദല്ലാലിയായി നില്‍ക്കരുതെന്ന് വിവക്ഷ (ബുഖാരി).

അബൂഹുറയ്‌റ(റ) പറയുന്നു: ചരക്കുമായി വരുന്ന ഗ്രാമവാസികള്‍ക്ക് വേണ്ടി പട്ടണവാസി വില്‍പ്പന നടത്തുന്നത് നബി വിരോധിച്ചിരിക്കുന്നു. (വാങ്ങാനുദ്ദേശമില്ലാതെ മറ്റുള്ളവരെ വഞ്ചിക്കാനായി)ചരക്കിന് വില ഏറ്റിപ്പറയുകയോ തന്റെ സഹോദരന്‍ കച്ചവടം ചെയ്തു കഴിഞ്ഞ ചരക്ക് വീണ്ടും കച്ചവടം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യരുത് (ബുഖാരി).

അനസ്(റ) പറയുന്നു: പട്ടണവാസി ഗ്രാമീണന് വേണ്ടി വില്‍പ്പന നടത്തുന്നത് ഞങ്ങളോട് വിരോധിക്കപ്പെട്ടിട്ടുണ്ട് (ബുഖാരി).

ഇബ്‌നുഉമര്‍(റ) പറയുന്നു: നബി(സ്വ) അരുളി: മറ്റു ചിലര്‍ കച്ചവടം ചെയ്തു കഴിഞ്ഞ ചരക്ക് വീണ്ടും നിങ്ങള്‍ കച്ചവടം ചെയ്യരുത്. ചരക്ക് അങ്ങാടിയിലെത്തും മുമ്പ് ഇടയ്ക്കു വെച്ച് നിങ്ങള്‍ കച്ചവടം ചെയ്യരുത് (ബുഖാരി).

ഇബ്‌നുഉമര്‍(റ) പറയുന്നു: ഞങ്ങള്‍ ചരക്കുമായി വരുന്നവരെ ഇടയ്ക്കു വെച്ച് അഭിമുഖീകരിച്ച് അവരില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ വാങ്ങാറുണ്ട്. ചരക്ക് അങ്ങാടിയില്‍ ഇറക്കുന്നതുവരെ ഈ കച്ചവടം നബി(സ്വ) ഞങ്ങളോട് വിരോധിച്ചു (ബുഖാരി).

Feedback