ഇസ്‌ലാം വെറും ആചാരക്കൂട്ടല്ല. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും ചൂഴ്ന്നു നില്ക്കുന്ന സംസ്‌കാരമാണത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തൊഴില്‍. ശാരീരികമോ ബുദ്ധിപരമോ ആയ എല്ലാതരം അധ്വാനത്തെയും ഇസ്‌ലാം അംഗീകരിക്കുകയും അതില്‍ നിന്നുള്ള വരുമാനം അനുവദനീയമാക്കുകയും ചെയ്തിട്ടുണ്ട്.
മറ്റുള്ളവരില്‍ നിന്ന് ഔദാര്യങ്ങള്‍ കൈപ്പറ്റി ജീവിക്കേണ്ടവനല്ല സത്യവിശ്വാസി. ഭൗതികലോകം പാരത്രിക വിഭവമൊരുക്കാനുള്ള കൃഷിസ്ഥലമാണ് എന്ന ബോധം വിടാതെ ഇവിടെ മാന്യമായി ജീവിക്കാനാവശ്യമായത് നേടിയെടുക്കാന്‍ പണിയെടുക്കുക കൂടി അവന്റെ ബാധ്യതയാണ്. വിരക്തമായ ലളിതജീവിതത്തിന് പ്രോത്സാഹനം നല്കുമ്പോഴും ഈ ഭൂമിയിലെ സുഖങ്ങള്‍ വിശ്വാസികള്‍ക്കു കൂടി ഉപയോഗിക്കാവുന്നതാണ്, അതവര്‍ക്ക് വിലക്കാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു(7:32). അല്ലാഹു ഭൂമി ഇതിനുവേണ്ടി മനുഷ്യന് കീഴ്‌പെടുത്തി തന്നിരിക്കുന്നു എന്നുണര്‍ത്തുന്നു(67:15). ആരാധനയുടെ നിര്‍ബന്ധ കര്‍മങ്ങള്‍ കഴിഞ്ഞാല്‍ ഐഛിക കര്‍മങ്ങള്‍ അധ്വാനത്തിനിടയില്‍ നിര്‍വഹിച്ചാലും മതി എന്നും ജന്മത്തില്‍ ഒരിക്കല്‍ മാത്രം നിര്‍ബന്ധമായ ഹജ്ജിലും അധ്വാനിച്ച് സമ്പാദിക്കുന്നത് തെറ്റില്ലെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു (62:10, 2:198).
ആരാധനപോലും അധ്വാനത്തിന് തടസ്സമാവരുതെന്ന് അനുചരന്മാരെ നബി(സ്വ) പഠിപ്പിച്ചു. ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്തു പ്രഭാത നമസ്‌കാരം നിര്‍വഹിക്കുന്ന ഇമാമിനോട് 'കുഴപ്പമുണ്ടാക്കുകയാണോ' എന്ന് നബി(സ്വ) ക്ഷുഭിതനാകുന്നു. ഏറ്റവും നല്ല ഭക്ഷണം ദാവൂദ് നബി(സ്വ)യുടെതായിരുന്നുവെന്നും അദ്ദേഹം അധ്വാനിയായിരുന്നെന്നും, തന്റെ ചെലവില്‍ കഴിയേണ്ടവരെ പരിപാലിക്കാതിരിക്കുന്നത് കുറ്റമാണെന്നും നബി(സ്വ) ഉണര്‍ത്തുന്നു. അധ്വാനംകൊണ്ട് തഴമ്പിച്ച അനുചരന്‍ സഅദുബ്‌നു മുആദിന്റെ(റ)കൈപിടിച്ച് 'ഇത് അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള കൈ ആണെന്ന്' അദ്ദേഹം അഭിനന്ദിക്കുന്നു. അര്‍ഹതയില്ലാതെ യാചിക്കുന്നവന്‍ മുഖത്ത് മാംസമില്ലാതെയായിരിക്കും പരലോകത്ത് വരികയെന്നും യാചിക്കുന്നവന് ഒരിക്കലും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. സഹായം ചോദിച്ചു വന്ന മനുഷ്യന് മഴുവാങ്ങിക്കൊടുത്ത് ഇതുപയോഗിച്ച് വിറകുവെട്ടി ജീവിക്കുന്നതാണുത്തമം എന്ന പ്രായോഗിക മാര്‍ഗം റസൂല്‍ കാണിച്ചു തന്നു.
ഇസ്‌ലാം തൊഴിലില്‍ ഉച്ചനീചത്വങ്ങള്‍ അനുവദിക്കുന്നില്ല. അനുവദനീയമായ എല്ലാതൊഴിലുകള്‍ക്കും സമൂഹത്തില്‍ അതിന്റെതായ സ്ഥാനവും പ്രാധാന്യവുമുണ്ട്. സമൂഹത്തിന് ആവശ്യമായ എല്ലാ തൊഴിലുകളും ഫര്‍ദുകിഫായ (സാമൂഹിക നിര്‍ബന്ധം)യാണെന്ന് ഇമാം ഗസ്സാലി ഇഹ്‌യാഇല്‍ നിരീക്ഷിക്കുന്നു. സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമായ ആശാരി, കൊല്ലന്‍, മണ്ണാന്‍, മൂശാരി, ക്ഷുരകന്‍ തുടങ്ങി എല്ലാ വിഭാഗം തൊഴിലാളികളും ഉണ്ടായിരിക്കണമെന്നും അങ്ങനെ ചിലര്‍ ഇല്ലെങ്കില്‍ സമൂഹം മുഴുവന്‍ അല്ലാഹുവിന്റെ മുമ്പില്‍ കുറ്റക്കാരാകുമെന്ന വീക്ഷണമാണിത്. വെള്ളക്കോളര്‍ തൊഴിലിനോടുള്ള ആര്‍ത്തിയില്‍ ജീവിക്കുന്ന നേതാക്കളും അനുയായികളും ഒരുപോലെ ചിന്തിക്കേണ്ട വിഷയമാണിത്. എല്ലാവരും ഫസ്റ്റ് ക്ലാസ് തൊഴിലാളികളാവുക എന്നത് പ്രകൃതിവിരുദ്ധമാണ്. അതിനുവേണ്ടി വിദ്യാര്‍ഥികളെ തല്ലിപ്പഴുപ്പിക്കുന്നത് പാപമാണ്.
മറ്റുചില സമൂഹങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ക്കും ചില തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ട്. ക്ഷുരകനും മുക്കുവനുമെല്ലാം താഴ്ന്നവരാണെന്നും അവരുമായി വിവാഹബന്ധം പാടില്ല, അവരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല, ആശാരിപ്പണിയും കൊല്ലപ്പണിയും മുസ്‌ലിംകള്‍ക്ക് പാടില്ല തുടങ്ങിയ ചില അന്ധവിശ്വാസങ്ങള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും മനസ്സിലാകുന്നത് അല്ലാഹുവിന്റെ പ്രവാചകന്‍മാര്‍ പോലും ഇത്തരം ജോലികള്‍ ചെയ്തിരുന്നുവെന്നാണ്. മുന്‍ പ്രവാചകന്‍മാരെല്ലാവരും ആടുകളെ മേച്ചിരുന്നുവെന്നും താനും ഖുറൈശികള്‍ക്ക് കൂലിക്ക് ആടുമേച്ചിട്ടുണ്ടെന്നും തൊഴിലിന്റെ മാഹാത്മ്യമുണര്‍ത്താനും അതിലെ ഉച്ചനീചത്വഭാവം അകറ്റാനുമായി നബി(സ്വ) സാഭിമാനം പറയുന്നു. ദാവൂദ് നബി(സ്വ)യുടെ ഭക്ഷണമാണ് ഏറ്റവും ഉത്തമമെന്നും അദ്ദേഹം അധ്വാനിയായിരുന്നുവെന്നും നബി(സ്വ) പറഞ്ഞു. അദ്ദേഹം ഇരുമ്പ് പണിക്കാരനായിരുന്നു. നൂഹ് നബി(അ)യും ഇദ്‌രീസ് നബി(അ)യും ആശാരിപ്പണിയെടുത്തി ട്ടുണ്ട്. ഇബ്‌റാഹീം നബി(അ) കര്‍ഷകനും ആശാരിയും കല്പണിക്കാരനുമായിരുന്നു.