Skip to main content

തൊഴില്‍ നിയമങ്ങള്‍

തൊഴിലിനെ ഏറെ പ്രോത്സാഹിപ്പിക്കുകയും പരലോകത്ത് പ്രതിഫലം ലഭിക്കുന്ന പുണ്യമായി പരിഗണിക്കുകയും ചെയ്യുന്ന ഇസ്‌ലാം അതുകൊണ്ടുതന്നെ ഈ രംഗത്ത് മാനുഷികതയുടെയും ധാര്‍മികതയുടെയും ചില നിയമങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.ആധുനിക കാലത്തെ തൊഴില്‍ നിയമങ്ങളുടെയെല്ലാം സത്ത അതിലേറെ മാനവികമായി ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. എന്നുമാത്രമല്ല അവ ഏടുകളില്‍ വിശ്രമിക്കുകയല്ല, ചരിത്രത്തിന്റെ സുവര്‍ണകാലങ്ങളെ അത്ഭുതപ്പെടുത്തി പ്രയോഗവത്കരിച്ചതാണ്. ധാര്‍മികമായ ഏതു തൊഴിലും ഏറ്റെടുക്കാനും സഹകരിക്കാനും ബുദ്ധിയും വിവേകവുമുള്ള ആര്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്നതാണ് ഇസ്‌ലാമിക തൊഴില്‍ നിയമങ്ങളിലെ പ്രഥമ പാഠം.

തൊഴില്‍ മേഖലയില്‍ മതപരമോ ലിംഗപരമോ ആയ യാതൊരു വിവേചനവും ഇസ്‌ലാം അനുവദിക്കുന്നില്ല. അനുയോജ്യമായ തൊഴിലുകളില്‍ വിവേചനമില്ലാതെ സ്ത്രീകളെയും ബാലാവകാശം ഹനിക്കാതെ കുട്ടികളെയും ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊണ്ട് ഭിന്നശേഷിക്കാരെയുമെല്ലാം സഹകരിപ്പിക്കാവുന്നതാണ്. ഏതുമതക്കാരുമായും മതനിഷേധികളുമായും ഇസ്‌ലാമിക സംസ്‌കാരത്തില്‍ നിന്നുകൊണ്ടുള്ള തൊഴില്‍ സഹകരണം ആകാവുന്നതാണ്. അവരെ തൊഴിലാളിയോ തൊഴിലുടമയോ ആക്കുമ്പോള്‍ യാതൊരു അവകാശവും നിഷേധിക്കപ്പെടാനോ വിവേചനം കാണിക്കപ്പെടാനോ പാടില്ലാത്തതാണ്. ബഹുദൈവവിശ്വാസികളും ആദര്‍ശ എതിരാളികളുമായ തൊഴിലുടമകളോടുള്ള തൊഴില്‍കരാര്‍ പോലും പൂര്‍ത്തീകരിക്കാനാണ് നബി(സ്വ) തന്റെ അനുയായികളോട് ആവശ്യപ്പെട്ടത്. 

തൊഴിലാളിയുടെയും  മുതലാളിയുടെയും ഇടയിലെ വര്‍ഗശത്രുതയല്ല, പരസ്പര സഹകരണമാണ് ഇസ്‌ലാമിലെ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനം. ആരും അക്രമിക്കാനോ അക്രമിക്കപ്പെടാനോ പാടില്ല എന്നതാണ് അതിന്റെ ആധാരം. അതുകൊണ്ടു തന്നെ ഇസ്‌ലാമില്‍ തൊഴിലുടമയും തൊഴിലാളിയും ഒരു ശരീരത്തിന്റെ രണ്ടുഭാഗങ്ങളാണ്. അവരെ ഇങ്ങനെ വിഭജിച്ചത് സ്രഷ്ടാവാണ്. അത് ഒരാളെ മഹത്വപ്പെടുത്താനോ അപരനെ അടിമയാക്കിവെക്കാനോ അല്ല. രണ്ടു വിഭാഗവും അവരവരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടും. പരസ്പരം സഹകരിച്ചും ഗുണംകാംക്ഷിച്ചും വളരാന്‍ അവര്‍ക്ക് കഴിയണം. തൊഴിലാളി, മുതലാളി, ഉത്പന്നം എന്ന ത്രിത്വത്തിനു പുറമെ ട്രേഡ് യൂണിയനുകള്‍ക്കോ മുതലാളിമാര്‍ക്കോ ചര്‍ച്ചയില്ലാത്ത നാലാമതൊരു ഭാഗം ഇസ്‌ലാമിക തൊഴില്‍ നിയമങ്ങളില്‍ സുപ്രധാനമാണ്. എന്തെല്ലാം തൊഴിലാകാം, ഏതെല്ലാം തൊഴിലുകള്‍ പാടില്ല എന്നതാണത്. ഇത് ദൈവിക ദര്‍ശനങ്ങളില്‍ നിന്നേ നിര്‍വചിക്കാനും നിര്‍വഹിക്കാനും കഴിയൂ.

ആത്യന്തികമായി മനുഷ്യന് ഉപകാരപ്പെടുന്നതാകണം ഏതു ജോലിയും. പാഴ്‌വേലയാകരുത് മനുഷ്യാധ്വാനം. ആരോഗ്യം എന്തില്‍ ചെലവഴിച്ചുവെന്ന് അല്ലാഹുവിന്റെ ചോദ്യത്തിന് ഉത്തരം നല്‌കേണ്ടതുണ്ട്. മൂല്യമുള്ള ഉത്പന്നമായിരിക്കണം അധ്വാനം മുഖേന ലഭിക്കേണ്ടത്. മുതലാളിക്കും തൊഴിലാളിക്കും തൃപ്തികരമായ ലാഭവും കൂലിയും ലഭിക്കുന്നു എന്നതുമാത്രമാകരുത് തൊഴിലിന്റെ മാനദണ്ഡം. മാനവികവും ധാര്‍മികവുമായ മൂല്യങ്ങളുള്ള ജോലികളേ നിര്‍വഹിക്കാവൂ. അത്തരം ഉത്പന്നങ്ങളേ അതില്‍ നിന്ന് ലഭിക്കാവൂ. മഹത്തായ ധാര്‍മികതയിലൂന്നി ഇസ്‌ലാം ചില കാര്യങ്ങള്‍ നിഷിദ്ധമാക്കിയിട്ടുണ്ട്. ഇവയോ ഇവയെ സഹായിക്കുന്നതോ ആയ തൊഴിലുകള്‍ പാടില്ലാത്തതാണ്.  ചൂത്, ലഹരി, പലിശ, പന്നി, ലൈംഗിക ദുര്‍വൃത്തികള്‍, ജ്യോത്സ്യം, മാരണം, മന്ത്രവാദം തുടങ്ങിയ ക്ഷുദ്രകര്‍മങ്ങള്‍, സിദ്ധിയും  ദിവ്യത്വവും പോലുള്ള ആത്മീയചൂഷണം, അക്രമങ്ങള്‍ ഏറ്റെടുക്കുന്ന ഗുണ്ടായിസം, ക്വട്ടേഷന്‍, ദ്രോഹകരമായ പുകയില, പടക്കം, പാന്‍ മസാലകള്‍ എന്നിവ, നിഷിദ്ധങ്ങള്‍ക്ക് കാരണമാവുന്ന തരത്തിലുള്ള നൃത്തം, സംഗീതം, ചിത്രം, സിനിമ, നാടകം തുടങ്ങിയ കലകള്‍, അധര്‍മത്തിന്റെ സാഹിത്യ രചനകള്‍, പ്രതിമാ നിര്‍മാണം മുതലായവ ഇതില്‍ പെടുന്നു. ഇത്തരം കാര്യങ്ങള്‍ തൊഴിലായി ചെയ്യാനോ സഹായം ചെയ്യാനോ പാടില്ല. എല്ലാ മ്ലേഛതകളെയും ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുണ്ട് എന്ന ഖുര്‍ആനിക കല്പനയാണ് ഇതിന് ആധാരം (6:151). നിര്‍ബന്ധിതാവസ്ഥകളില്‍ ആഗ്രഹിക്കാതെയും പരിധിലംഘിക്കാതെയുമാണെങ്കില്‍ നിഷിദ്ധങ്ങള്‍ അനുവദനീയമാകും (2:173). ചില നന്മകള്‍ നിഷിദ്ധത്തിന് ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതില്‍ നമുക്ക് പരമാവധി സൂക്ഷ്മത പാലിക്കാനേ കഴിയൂ(64:16). എന്നാല്‍ ആ തൊഴിലന്റെ കൂടുതല്‍ ഫലം ഉപയോഗിക്കപ്പെടുന്നത് നന്മയിലോ തിന്മയിലോ എന്ന് വിലയിരുത്തി തീരുമാനമെടുക്കാന്‍ ശ്രമിക്കണം.

ഇസ്‌ലാം തൊഴിലാളിയെ ഏറെ ആദരവോടെ കാണുന്നു. ഇത്തരം ആളുകളുള്ളതുകൊണ്ടാണ് നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നത് എന്ന് നബി(സ്വ) തൊഴിലുടമകളെ ഓര്‍മപ്പെടുത്തുന്നു. 'അവര്‍ നിങ്ങളുടെ സേവകന്‍മാര്‍ മാത്രമല്ല, സഹോദരങ്ങള്‍ കൂടിയാണ്. അവരെ അല്ലാഹു നിങ്ങളുടെ അധികാരത്തില്‍ വെച്ചിരിക്കുന്നു. അതിനാല്‍ അങ്ങനെ വല്ലവന്റെയും കീഴില്‍ വേലക്കാരുണ്ടെങ്കില്‍ തന്റെ ആഹാരത്തിലും വസ്ത്രത്തിലും അവനെ പങ്കാളിയാക്കട്ടെ. കഴിയാത്ത ജോലിചെയ്യാന്‍ നിര്‍ബന്ധിക്കാതിരിക്കട്ടെ. പ്രയാസകരമായ ജോലികളില്‍ സഹായിക്കട്ടെ (ബുഖാരി) എന്ന പ്രഖ്യാപനം മുഹമ്മദ് നബി(സ്വ)യില്‍ നിന്നല്ലാതെ കേള്‍ക്കുക സാധ്യമല്ല. ഇസ്‌ലാം തൊഴിലാളിക്ക് മാന്യമായ കൂലി ഉറപ്പുവരുത്തുന്നു. തൊഴിലാളിയും ഉടമയും തൊഴിലിനെയും കൂലിയെയും സംബന്ധിച്ച് നേരത്തെ തന്നെ കരാറില്‍ എത്തിയിരിക്കണം.ഒരാളെ ജോലിക്കുവിളിച്ചാല്‍ കൂലി അയാളെ അിറിയിക്കണമെന്ന് നബി(സ്വ) ഉണര്‍ത്തി. (അബ്ദുര്‍റസ്സാഖ്) ഇങ്ങനെ നിശ്ചയിച്ച കൂലിയില്‍ ഏകപക്ഷീയമായി കുറവുവരുത്താന്‍ പാടില്ലെന്നും അദ്ദേഹം താക്കീതുചെയ്തു.

റസൂല്‍ (സ്വ) പറഞ്ഞു: പരലോകത്ത് ഞാന്‍ മൂന്നു വിഭാഗങ്ങള്‍ക്കെതിരായിരിക്കും. എതിര്‍കക്ഷിയായവനെ ഞാന്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യും. എന്നോട് കരാര്‍ചെയ്തശേഷം ചതിക്കുന്നവന്‍, സ്വതന്ത്രനെ അടിമയാക്കിവിറ്റ് അതിന്റെ വില ഭക്ഷിക്കുന്നവന്‍, ജോലി പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് കൂലികൊടുക്കാത്തവന്‍ (ബുഖാരി).  തൊഴിലാളിയുടെ ഉപേക്ഷയാല്‍ ഏല്പിച്ച ജോലി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കൂലിക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ജോലിയുടെ കൂലി നിശ്ചയിച്ച സമയത്ത് തന്നെ കൊടുക്കണമെന്നും നബി(സ്വ) അരുള്‍ചെയ്തിട്ടുണ്ട്. തൊഴിലാളിക്ക് വിയര്‍പ്പുവറ്റുന്നതിന് മുമ്പ് കൂലികൊടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത് (ഇബ്‌നുമാജ). ജോലിക്കനുയോജ്യമായതായിരിക്കണം കൂലിയെന്നും അതില്‍ ഒരുതരം വിവേചനവും പാടില്ലെന്നതും തൊഴിലുകളിലോ തൊഴിലളികള്‍ക്കിടയിലോ ഉച്ചനീചത്വങ്ങള്‍ പാടില്ലെന്നതും ഇസ്‌ലാം മുന്നോട്ടുവെക്കുന്ന നീതിസംഹിതയുടെ നിര്‍ബന്ധതാത്പര്യമാണ്. 

ഭക്ഷണമുണ്ടാക്കുന്നവര്‍ക്ക് അതിന്റെ ഓഹരി നല്‌കേണ്ടതുണ്ടെന്നു പറഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു റസൂലുല്ല(സ്വ). തൊഴിലാളിക്ക് കഴിയുന്ന ജോലിയേ എടുപ്പിക്കാവൂ. അവര്‍ തങ്ങളുടെ ശരീരഭാഗം തന്നെയാണെന്നു മനസ്സിലാക്കി കഠിനജോലികളില്‍ അവരെ സഹായിക്കുകയോ ജോലിയില്‍ സന്ദര്‍ഭാനുസരണം ഇളവനുവദിക്കുകയോ വേണം (മുസ്‌ലിം). ഈ നഷ്ടത്തിന്  പകരമായി പരലോകത്ത് അല്ലാഹു നല്കുമെന്നും നബി(സ്വ) പ്രചോദിപ്പിക്കുന്നു (ഇബ്‌നു ഹിബ്ബാന്‍).

ട്രേഡ് യൂണിയനുകള്‍ക്ക് അപ്രമാദിത്തം കൈവന്ന ആധുനിക കാലത്തു പോലും നടപ്പിലാക്കാന്‍ കഴിയാതെ പോയ ഈ നിയമങ്ങള്‍ അടിമകള്‍ തൊഴിലെടുത്ത ഏഴാം നൂറ്റാണ്ടില്‍ മുന്നോട്ടുവെക്കാനും നടപ്പാക്കാനും ഇസ്‌ലാമിനു കഴിഞ്ഞു. ദൈവിക നീതിയിലും പരലോകത്തിലും വിശ്വാസമുള്ള ഒരു സമൂഹമായിരുന്നു അവര്‍ എന്നതായിരുന്നു അതിനു കാരണം.

ഇസ്‌ലാം തൊഴിലുടമയുടേതു കൂടിയാണ്. അതിനാല്‍ തന്നെ തൊഴിലാളിക്കുള്ള അവകാശങ്ങള്‍ തെര്യപ്പെടുത്തുന്നതോടൊപ്പം അയാളുടെ ബാധ്യതകളും ഇസ്‌ലാം ഓര്‍മപ്പെടുത്തുന്നു. അസാന്മാര്‍ഗിക ആഹാരം തൊഴിലുടമക്കും തൊഴിലാളിക്കും ഒരുപോലെ നിഷിദ്ധമാണ്. അത് പ്രാര്‍ഥനയെ പോലും നിഷ്ഫലമാക്കും. തൊഴിലാളി ശക്തനും വിശ്വസ്തനുമായിരിക്കണം (28:26). തനിക്കുചെയ്യാന്‍ കഴിയുന്ന ജോലികളേ ഏറ്റെടുക്കാവൂ എന്നും കൃത്യനിര്‍വഹണത്തില്‍ വിശ്വസ്തതപുലര്‍ത്തണമെന്നും ആത്മാര്‍ഥതയോടെ തൊഴില്‍ ചെയ്യണമെന്നും ഇസ്‌ലാം ആവശ്യപ്പെടുന്നു. തൊഴില്‍ അമാനത്താണ്. ഉടമയുമായുണ്ടാക്കിയ കരാര്‍ മറ്റു കരാറുകള്‍ പോലെ അല്ലാഹുവുമായുള്ളതാണ്. 

ഇല്ലാത്ത യോഗ്യതകളും തൊഴില്‍ പരിചയവും കള്ള പരീക്ഷകളുമായി പിന്‍വാതില്‍ കളികളിലൂടെ നേടിയ തൊഴിലിന്റെ വരുമാനം അധാര്‍മികമാണ്.കരാര്‍ ചെയ്തശേഷം കൂലി കുറവാണെന്നതിന്റെ പേരില്‍ തൊഴിലില്‍ വീഴ്ചവരുത്തുന്നത് വാഗ്ദാന ലംഘനമാണ്. പറഞ്ഞ രൂപത്തിലും സമയത്തിലും അത് നിര്‍വഹിക്കേണ്ടതാണ്. നേതാവിന് ഗുണം കാംക്ഷിക്കുകയും അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുന്നവന് ഇരട്ടി പുണ്യമുണ്ടെന്നാണ് നബി(സ്വ) അറിയിക്കുന്നത്(ബുഖാരി). തൊഴിലാളിയുടെ അശ്രദ്ധയില്‍ തൊഴിലുടമക്ക്  വരുന്ന എല്ലാ നഷ്ടങ്ങള്‍ക്കും തൊഴിലാളി നഷ്ടപരിഹാരം നല്കാന്‍ ബാധ്യസ്ഥനാണെന്ന് നാലു ഖലീഫമാരും വിധിച്ചിരുന്നു. ഇത് സാമൂഹിക സുരക്ഷക്ക് അനിവാര്യമാണെന്നായിരുന്നു അലി(റ)വിന്റെ അഭിപ്രായം (ബൈഹഖി). തൊഴിലാളികളുടെ സംഘബലവും സഹായവുമെല്ലാം ഈ ഭൂമിയിലേ നടക്കൂവെന്നും പീഡിതന്‍ തൊഴിലുടമയാണെങ്കിലും പ്രാര്‍ഥനയ്ക്കും പടച്ചവനുമിടയില്‍ മറയില്ലെന്നും മുസ്‌ലിം തൊഴിലാളി മറക്കരുത്.

ചുരുക്കത്തില്‍, തൊഴില്‍, തൊഴിലുടമ, തൊഴിലാളി, ഉത്പന്നം എന്നീ മേഖലകളിലെല്ലാം ദൈവിക നിര്‍ദേശങ്ങളേ ആത്യന്തികമായ സാമൂഹിക പുരോഗതിക്ക് ഉപയോഗപ്പെടൂ.  ഇതില്‍ ആര്‍ അനീതി കാണിച്ചാലും അത് ദൈവ കാരുണ്യം തടയപ്പെടുന്ന അക്രമമാണ് എന്ന പൊതുതത്വത്തില്‍ നിന്നുകൊണ്ടാണ് ഇസ്‌ലാമിക നിയമങ്ങള്‍ പ്രയോഗവത്കരിക്കപ്പെട്ടത്; ഇനിയും അതേ വിജയിക്കൂ.

Feedback