സചേതന വസ്തുക്കളുടെ നിലനില്പിന്റെ ആധാരമാണ് ആഹാരം. വൃക്ഷലതാദികളും പക്ഷി മൃഗാദികളും സൂക്ഷ്മ ജീവികളുമെല്ലാം അവയ്ക്കു സ്രഷ്ടാവു നല്കിയ നൈസര്‍ഗികവഴികളിലൂടെ ആഹാരം തേടുന്നു; നേടുന്നു. അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് മനുഷ്യന്റെ കാര്യം. മനുഷ്യന്ന് വിശേഷ ബുദ്ധിയുണ്ട്. നിയമങ്ങള്‍ ബാധകമാണ്. അതുകൊണ്ടു തന്നെ മനുഷ്യന്ന് അതിരുകളും അരുതുകളും ശ്രദ്ധിക്കേണ്ടതുണ്ട്.
ധര്‍മബോധവും മതചിട്ടയും പാലിക്കുക എന്നത് വിശ്വാസികള്‍ക്ക് ഏതു രംഗത്തും അനിവാര്യമാണ്. പ്രാഥമികാവശ്യമായ ആഹാരത്തിന്റെ കാര്യത്തില്‍ വിശ്വാസികള്‍ പാലിക്കേണ്ട മൗലികമായ ചില തത്ത്വങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അനുവദനീയമായ ആഹാരം (ഹലാല്‍) മാത്രമേ കഴിക്കാവൂ. അനുവദീയമായ മാര്‍ഗത്തിലേ ആഹാരം സമ്പാദിക്കാവൂ. അനുവദനീയമായാല്‍ മാത്രം പോരാ വിശിഷ്ടമായ/നല്ല ആഹാരമേ കഴിക്കാവൂ. അഥവാ ത്വയ്യിബ് ആയിരിക്കണം ആഹാരം. ഹലാല്‍ ആത്മീയമായ നന്‍മയും ത്വയ്യിബ് ഭൗതികമായ നന്‍മയും ആണ്. ആഹാരം ഹലാലും ത്വയ്യിബും ആയാലും അമിതമാവരുത്. അമിതാഹാരം കഴിക്കരുതെന്നു മാത്രമല്ല, ആഹാരത്തിന്റെ കാര്യത്തില്‍ ദുര്‍വ്യയവും ധൂര്‍ത്തും പാടില്ല.
ആഹാരം അനുവദനീയമാകണം, അഹിതമോ അമിതമോ ആവരുത്. ഇതാണ് ഭക്ഷണ കാര്യങ്ങളില്‍ ഇസ്‌ലാം നിശ്ചയിച്ച മൗലിക തത്ത്വങ്ങള്‍. കൂടാതെ ആഹാരം തേടുന്നേടത്തും കഴിക്കുന്നേടത്തും നല്കുന്നേടത്തും പാലിക്കേണ്ട നിരവധി മര്യാദകള്‍(ആദാബ്) നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.