മനുഷ്യജീവിതത്തെ ആമൂലാഗ്രം ചൂഴ്ന്നു നില്ക്കുന്ന തത്ത്വങ്ങളും നിയമ വ്യവസ്ഥകളും പെരുമാറ്റ മാര്യാദകളും ഉള്‍കൊള്ളുന്ന മതമാണ് ഇസ്‌ലാം. ഇതിന്റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്നത് വ്യക്തി തന്നെയാണ്. ഓരോ വ്യക്തിയും ആന്തരിക സംശുദ്ധി കൈവരിക്കുകയും അതോടൊപ്പം പൊതുസമൂഹത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യുമ്പോള്‍ സമൂഹക്ഷേമം എളുപ്പമായിത്തീരുന്നു. ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ വ്യക്തിനിഷ്ഠമാണ്. എങ്കിലും സാമൂഹിക മാനമുള്ളവയാണ്. സമൂഹത്തിന്റെ ഭാഗമാകുമ്പോള്‍ മാത്രമേ സംസ്‌കാരത്തിനു പ്രസക്തിയുള്ളൂ. സമൂഹമില്ലാതെ ജീവിതവുമില്ല. അപ്പോള്‍ ഒരാളുടെ വ്യക്തിത്വം വിലയിരുത്തപ്പെടുന്നതു തന്നെ സമൂഹത്തില്‍ അയാളുടെ നിലവാരമനുസരിച്ചാണ്. ഇത്തരത്തില്‍ വ്യക്തിയെ രൂപപ്പെടുത്തുകയാണ് വിശ്വാസ-അനുഷ്ഠാനങ്ങളിലൂടെ ഇസ്‌ലാം ചെയ്യുന്നത്.