ഹലാലും ഹറാമും നിശ്ചയിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമാണുള്ളത്. മതനിഷ്ഠയിലും ഭക്തിയിലുള്ള ചിലരുടെ അമിതാവേശവും അതിരുകവിയലും കാരണം അല്ലാഹു അനുവദനീയമാക്കിയതു പോലും വേണ്ടെന്നു വെയ്ക്കുന്ന ദുഷ്പ്രവണത പ്രകടമായപ്പോള്‍ റസൂല്‍(സ്വ) ശക്തമായ ഭാഷയില്‍ നാശത്തെക്കുറിച്ച് ഇക്കൂട്ടര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
അറേബ്യയിലെ ബഹുദൈവവിശ്വാസികള്‍ വിവിധ തരം മൃഗങ്ങളെയും ധാന്യങ്ങളെയും തങ്ങള്‍ക്ക് സ്വയം നിഷിദ്ധമാക്കിയിരുന്നു. അവര്‍ വഴിപാടായി ഉഴിഞ്ഞിടുകയും ഉപയോഗിക്കല്‍ നിഷിദ്ധമാക്കുകയും ചെയ്ത മൃഗങ്ങള്‍ ബഹീറ, സാഇബ, വസീല, ഹാം എന്നെല്ലാം അറിയപ്പെട്ടിരുന്നു. അല്ലാഹു പറയുന്നു: ബഹിറ, സാഇബ, വസീല, ഹാം എന്നിവയൊന്നും അല്ലാഹു നിശ്ചയിച്ചിട്ടില്ല. സത്യനിഷേധികള്‍ ദൈവത്തിന്റെ പേരില്‍ കള്ളമാരോപിക്കുകയാണ്. അവരിലധികമാളുകളും ചിന്തിക്കുന്നില്ല. അല്ലാഹു അവതരിപ്പിച്ച സന്ദേശങ്ങളിലേക്കും പ്രവാചകചര്യയിലേക്കും വരികയെന്ന് അവരോട് പറയപ്പെട്ടാല്‍ നടന്നുകണ്ടവ മാത്രം മതി ഞങ്ങള്‍ക്ക് എന്ന് അവര്‍ പറയുന്നു. അവരുടെ പിതാക്കളൊന്നുമറിയാത്തവരും നേര്‍മാര്‍ഗം പ്രാപിക്കാത്തവരുമായിരുന്നു (5:103, 104).
ഒട്ടകം, പശു, ചെമ്മരിയാട്, കോലാട് എന്നീ നാല്‍ക്കാലികളില്‍ നിഷിദ്ധങ്ങളെന്ന് അവര്‍ വാദിച്ചിരുന്നതിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു: എട്ട് ഇണകളുണ്ട്. ചെമ്മരിയാടില്‍ രണ്ടെണ്ണം, കോലാടില്‍ രണ്ടിനങ്ങള്‍, അതിനാല്‍ ചോദിക്കുക. രണ്ട് ആണ്‍വര്‍ഗത്തെയോ രണ്ട് പെണ്‍വര്‍ഗത്തേയോ അതുമല്ലെങ്കില്‍ രണ്ട് പെണ്‍വര്‍ഗത്തിന്റെയോ ഗര്‍ഭാശയം ഉള്‍ക്കൊള്ളുന്നതിനെയോ ഏതിനെയാണ് അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്? നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ അറിവിന്റെ അടിസ്ഥാനത്തില്‍ എന്നോട് പറയുക. ഒട്ടകത്തില്‍ രണ്ടിനവും പശുവില്‍ രണ്ട് വര്‍ഗവുമുണ്ട്. അതിനാല്‍ ചോദിക്കുക. രണ്ട് ആണിനെയോ അതല്ല രണ്ട് പെണ്ണിനെയോ ഏതിനെയാണ് നിഷിദ്ധമാക്കിയത് (6:143,144).
മദീനയില്‍വെച്ച് ചില മുസ്‌ലിംകള്‍ ഭക്തിയുടെ പേരില്‍ നല്ല പദാര്‍ഥങ്ങള്‍ സ്വയം നിഷിദ്ധമാക്കിയിരുന്നു. അപ്പോള്‍ അല്ലാഹു അവരെ ദൈവിക നിയമത്തിന്റെപരിധിയില്‍ ഒതുങ്ങിനിന്ന് നേരെ ചൊവ്വെയുള്ള ദീനിന്റെ പാത സ്വീകരിക്കാന്‍ അല്ലാഹു അവരോട് കല്പിച്ചു. 'സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് നിയമവിധേയങ്ങളാക്കിതന്നിരിക്കുന്ന നല്ല സാധനങ്ങള്‍ നിങ്ങള്‍ നിഷിദ്ധങ്ങളാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ പദാര്‍ഥങ്ങളില്‍ നല്ലതും നിയമാനുസൃതമായതും ഭക്ഷിച്ചുകൊള്ളുക. നിങ്ങള്‍ വിശ്വസിച്ചിരിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക (5: 87,88).