Skip to main content

നിര്‍ബന്ധിതാവസ്ഥകള്‍

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു അവന്റെ ദാസന്മാര്‍ക്ക് ക്ലേശവും ഞെരുക്കവും ഉണ്ടാക്കാന്‍ വേണ്ടിയല്ല ജീവിതത്തില്‍ വിധിവലക്കുകള്‍ നിര്‍ണയിച്ചിരിക്കുന്നത്. അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ നന്മയുണ്ടാകുന്നതു പോലെ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍ ഇരുലോകത്തും ഉപദ്രവകരവും നാശഹേതുവുമായിരിക്കും. അതുകൊണ്ട് നിഷിദ്ധ കാര്യങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുക എന്ന നിലപാടാണ് വിശ്വാസി സ്വീകരിക്കേണ്ടത്. നിഷിദ്ധങ്ങളിലേക്ക് ചെന്നെത്തുന്ന മുഴുവന്‍ മാര്‍ഗങ്ങളും ഇസ്‌ലാം കൊട്ടിയടച്ചിട്ടുണ്ട്. നിഷിദ്ധങ്ങളിലേക്ക് നയിക്കുന്നതും നിഷിദ്ധമായി ഗണിക്കപ്പെടുന്നതുപോലെ, നിഷിദ്ധത്തിന് വഴിയൊരുക്കുന്നതില്‍ നിന്നെല്ലാം നിരോധിക്കപ്പെട്ടത് എന്ന നിലക്ക് വിട്ടുനില്‍ക്കേണ്ടതാണ്. എങ്കിലും മനുഷ്യജീവിതത്തിലെ നിര്‍ബന്ധിതാവസ്ഥയെയും മനുഷ്യന്റെ നിസ്സഹായാവസ്ഥയെയും ഇസ്‌ലാം പരിഗണിച്ചിട്ടുണ്ട്. ഇത്തരം നിര്‍ബന്ധിതാവസ്ഥയുടെ സമ്മര്‍ദഘട്ടങ്ങളില്‍ ജീവഹാനി ഒഴിവാക്കാന്‍ അത്യാവശ്യമായ തോതില്‍ നിഷിദ്ധങ്ങളായവ ഉപയോഗിക്കുന്നത് ഇസ്‌ലാം മുസ്‌ലിമിന് അനുവദിക്കുന്നു.

മനുഷ്യന്റെ ജീവന്‍, അഭിമാനം, സമ്പത്ത് എന്നിവക്ക് ഇസ്‌ലാം ഏറെ പവിത്രത കല്പിച്ചിട്ടുണ്ട്. ജീവഹാനി ഭയക്കുന്ന നിര്‍ബന്ധിതാവസ്ഥയില്‍ നിഷിദ്ധമായതും അനുവദിക്കപ്പെട്ടി രിക്കുന്നു. ശവവും രക്തവും പന്നിമാംസവും അല്ലാഹു അല്ലാത്തവര്‍ക്കായി അറുക്കപ്പെട്ടതും മാത്രമാണവന്‍ നിങ്ങള്‍ക്ക് വിരോധിച്ചിരിക്കുന്നത്. എന്നാല്‍ വല്ലവനും നിര്‍ബന്ധിതനായിത്തീര്‍ന്നാല്‍ ആഗ്രഹമോ പരിധിലംഘനമോ കൂടാതെ അവ ഉപയോഗിക്കുന്നതില്‍ വിരോധമില്ല. അല്ലാഹു വളരെയേറെ പൊറുക്കുന്നവനും പരമകാരുണികനുമത്രെ (2:173).

നിര്‍ബന്ധിതാവസ്ഥയില്‍ നിഷിദ്ധങ്ങളോടുള്ള സമീപനത്തില്‍ അനുവദിച്ച ഈ ഇളവ് ഒരിക്കലും ദുരുപയോഗം ചെയ്തുകൂടാ. ആത്മനിയന്ത്രണം കൈവിടാതെ നിര്‍ബന്ധിതാവസ്ഥയില്‍ അതുപയോഗിക്കുന്നവന്‍ ഹലാലിലേക്ക് ഉടന്‍ മടങ്ങാനുള്ള ജാഗ്രത കാണിക്കുകയും അതിനുള്ള പോംവഴി തേടുകയും വേണ്ടതുണ്ട്.

ഇസ്‌ലാമിന്റെ ആദ്യകാല വിശ്വാസികളില്‍പ്പെട്ട അമ്മാറും കുടുംബവും ഖുറൈശികളുടെ ക്രുരവും മൃഗീയവുമായ മര്‍ദനമുറകള്‍ക്ക് ഇരയായി. പീഡനമുറകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ വിണ്ടു കീറിയ മുറിവുകളോടെ അദ്ദേഹത്തെ കിടത്തി. ശരീരമാസകലം വേദനകൊണ്ട് പുളയുന്ന അമ്മാറിനെ വെള്ളത്തില്‍ മുക്കി. സ്വബോധം നഷ്ടപ്പെട്ട അദ്ദേഹത്തോട് തങ്ങളുടെ ദേവന്മാരെ വാഴ്ത്തിപ്പറയണമെന്ന് മര്‍ദകര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പറയേണ്ട വാക്കുകള്‍ ചൊല്ലിക്കൊടുത്തു. ക്രൂരപീഡനത്തിന് അയവ് വരുത്തി ജീവന്‍ അപകടപ്പെടുത്താതിരിക്കാന്‍ അത് ഏറ്റുപറയുകയല്ലാതെ വേറെ വഴിയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അര്‍ധബോധാവസ്ഥയില്‍ അദ്ദേഹം അത് ഏറ്റു പറഞ്ഞു. വേദനയുടെ കാഠിന്യം കുറഞ്ഞ് സ്വബോധം വീണുകിട്ടിയപ്പോള്‍ നബി(സ്വ)യോട് കുറ്റബോധത്തോടെ സങ്കടം പറഞ്ഞു. നബി(സ്വ) അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. ഇനിയും അവര്‍ ആവര്‍ത്തിച്ചാല്‍ അങ്ങനെതന്നെ പറഞ്ഞാല്‍ മതി. നിര്‍ബന്ധിത സാഹചര്യത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ ശത്രുപീഡനത്തിന്റെ സമ്മര്‍ദ്ദത്താല്‍ സത്യനിഷേധത്തിന്റെ വാക്കുമൊഴിഞ്ഞാല്‍ ശിക്ഷാര്‍ഹരാവുന്നില്ല എന്ന് പഠിപ്പിക്കുന്ന ഖുര്‍ആന്‍ വാക്യം ഓതിക്കേള്‍പ്പിച്ചപ്പോള്‍ അമ്മാറിന് മനഃസമാധാനമായി. ''ഒരാള്‍ വിശ്വാസം കൈക്കൊണ്ടശേഷം സത്യത്തെ നിഷേധിച്ചാല്‍ അയാളുടെ ഹൃദയത്തില്‍ വിശ്വാസം ദൃഡമായിരിക്കെ അതിന് നിര്‍ബന്ധിക്കപ്പെട്ടതാണെങ്കില്‍ (സാരമില്ല) എന്നാല്‍ സമ്മതത്തോടെ സത്യനിഷേധം അംഗീകരിക്കുന്നവര്‍ ക്രോധത്തിനിരയാകുന്നു. അങ്ങനെയുള്ളവര്‍ക്ക് ബീഭത്സമായ ശിക്ഷയുണ്ട്''(16:106).

Feedback