Skip to main content

മനഃശാന്തിയുടെ മാര്‍ഗം

മനുഷ്യന്‍ ദുര്‍ബല മനസ്‌കനും ചഞ്ചലചിത്തനുമാണ്. അവന്ന് വല്ല പ്രതിസന്ധിയോ പ്രയാസമോ നേരിട്ടാല്‍ അവന്‍ തീര്‍ത്തും അസ്വസ്ഥനാവുന്നു. അരുതാത്തത് ചെയ്തുപോവുകയും തുടര്‍ന്ന് അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന ചില ഘട്ടങ്ങളും അവന്നുണ്ടാകാറുണ്ട്. വല്ല നേട്ടങ്ങളും അവന്‍ കൈവരിച്ചെങ്കില്‍ അവന്‍ ലുബ്ധനാകുന്നു. അതിന്റെ ഒരു ചെറിയ ഭാഗം മറ്റുള്ളവരുമായി പങ്കുവെക്കുന്നത് പോലും അവന്റെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍, വിശ്വാസിയുടെ ജീവിതം ഇതില്‍നിന്ന് വ്യതിരിക്തത പുലര്‍ത്തുന്നു. കാരണം ആത്മീയോത്കൃഷ്ടതയുടെ അനര്‍ഘ നിമിഷങ്ങളായ നമസ്‌കാരവേള അവനെ ഉന്നതനും മഹാനുമായ സ്രഷ്ടാവിനോട് ബന്ധിപ്പിക്കുന്നു. പ്രപഞ്ചത്തെ മുഴുവന്‍ സംരക്ഷിച്ചു കൊണ്ടിരിക്കുന്നവനും സകല പ്രയാസങ്ങളെയും ലഘൂകരിക്കാനും പരിഹരിക്കാനും കഴിവുറ്റവനുമായ നാഥനുമായി അവന്‍ സംഭാഷണം നടത്തുന്നു. ഇതില്‍ ലയിച്ചു ചേരുന്ന വിശ്വാസിയുടെ മനസ്സില്‍ നിന്ന് ഭീതിയും അസ്വസ്ഥതയും നീങ്ങുന്നു. പകരം കരുത്തുറ്റതും ത്യാഗനിര്‍ഭരവുമായ ഒരു മനസ്സ് അവന് ലഭിക്കുന്നു. ഇത് നമസ്‌കരിക്കുന്നവന്റെ സവിശേഷഗുണമായി ഖുര്‍ആന്‍ വിവരിക്കുന്നു. അല്ലാഹു പറയുന്നു: ''മനുഷ്യന്‍ അക്ഷമനായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. തിന്മ ബാധിച്ചാല്‍ അവന്‍ അസ്വസ്ഥനാകും. നന്മ ലഭിച്ചാല്‍ അവന്‍ പിശുക്കനാവും. നമസ്‌കരിക്കുന്നവര്‍ ഇതില്‍ നിന്ന് മുക്തരായിരിക്കും'' (70:19-22).
 
ദുരിതപൂര്‍ണവും ക്ലേശകരവുമായ ജീവിതം അനുഭവിക്കേണ്ടിവരുന്ന മനുഷ്യന്‍ അല്പം ശാന്തിക്കായി ദാഹിക്കുന്നു. ജീവിത പുരോഗതിക്കും പ്രയാണത്തിനും സഹായിക്കുന്ന, ശക്തമായ ഒരു ഉപാധിയായി നമസ്‌കാരം നിശ്ചയിക്കപ്പെട്ടു. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, സഹനം കൊണ്ടും നമസ്‌കാരം കൊണ്ടും നിങ്ങള്‍ സഹായം തേടുവീന്‍. നിശ്ചയം, അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ്'' (2:153).

വിഷമസന്ധികളില്‍ അകപ്പെട്ട ഒരു വ്യക്തി അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നതിലുപരി ശരിയായ അര്‍ഥത്തില്‍ നമസ്‌കാരം നിര്‍വഹിച്ചാല്‍ അത് അവന് ഒരു അഭയമായിത്തീരും. നബി(സ്വ)ക്ക് സമൂഹത്തില്‍നിന്ന് ഉപദ്രവം സഹിക്കേണ്ടി വന്ന അവസരത്തില്‍ അല്ലാഹു പറഞ്ഞു: ''ആയതിനാല്‍ അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുക. സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് മുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില സമയങ്ങളിലും പകലിന്റെ ചില ഭാഗങ്ങളിലും നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്ക് സംതൃപ്തി കൈവന്നേക്കാം'' (20:130).

ഹുദൈഫ(റ) പറയുന്നു: ''നബി(സ്വ) തനിക്ക് വല്ല പ്രയാസവും ബാധിച്ചാല്‍ നമസ്‌കരിക്കുമായിരുന്നു'' (അഹ്മദ്). നമസ്‌കാര സമയമായാല്‍ പ്രതീക്ഷാ നിര്‍ഭരമായ വചനങ്ങളില്‍ പ്രവാചകന്‍(സ്വ) ഇപ്രകാരം പറയുമായിരുന്നു:

''അല്ലയോ ബിലാല്‍, നമസ്‌കാരത്തിലൂടെ നമുക്ക് ആശ്വാസം പകര്‍ന്നാലും'' (മുസ്‌നദ് അഹ്മദ്). ''നമസ്‌കാരത്താല്‍ ഞാന്‍ അതിയായ ആനന്ദം അനുഭവിക്കുന്നുണ്ട്'' എന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട് (നസാഈ). ഇപ്രകാരമായിരുന്നു നമസ്‌കാരം അവിടുത്തേക്ക് ശാന്തിയും അഭയവും നല്‍കിയത്. ഇത് എല്ലാ നമസ്‌കാരക്കാരന്റെയും ഉദ്ദേശ്യമാകണമെന്ന് കൂടി ഈ വചനം വ്യക്തമാക്കുന്നു.

Feedback