Skip to main content

അഹ്‌ലുസ്സുന്ന കേരളത്തില്‍

കേരളത്തിലെ മുസ്‌ലിംകളില്‍ ഏതാണ്ട് നൂറു ശതമാനവും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ കൂടെ നിലകൊള്ളുന്നു. ശിഈകള്‍ കേവലം അംഗുലീപരിമിതരാണ്.

അഹ്‌ലുസ്സുന്നയെ ആഗോളതലത്തില്‍ സുന്നികള്‍ എന്ന ചുരുക്കപ്പേരിലാണ് വിളിക്കാറുള്ളത്. കേരളത്തില്‍ ഇക്കാര്യത്തില്‍ ഒരു ചെറിയ അവ്യക്തതയുണ്ട്. ഇവിടെ സമസ്ത, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത്, വിവിധ ത്വരീഖത്ത് പ്രസ്ഥാനങ്ങള്‍ തുടങ്ങിയ സംഘങ്ങള്‍ വര്‍ഷങ്ങളായി പ്രബോധന രംഗത്ത് കര്‍മനിരതരാണ്. ആദര്‍ശ പ്രചാരണ മേഖലയില്‍ തങ്ങളുടേതായ പങ്ക് എല്ലാവരും നിര്‍വ്വഹിക്കുകയും ചെയ്യുന്നു.

വിശ്വാസപരമായി അശ്അരീ, മാതുരീദീ സരണികളില്‍ ഒന്നും, അനുഷ്ഠാനപരമായി അഹ്‌ലുസ്സുന്നയിലെ നാലിലൊരു മദ്ഹബും അംഗീകരിക്കുമ്പോള്‍ മാത്രമേ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തില്‍ ഉള്‍പ്പെടുവെന്നാണ് സമസ്തയുടെ പണ്ഡിതന്മാര്‍ പറയുന്നത്. ഇത് അംഗീകരിക്കുന്നവര്‍ എന്ന നിലയില്‍ സമസ്ത വിഭാഗം, സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ത്വരീഖത്ത് പ്രസ്ഥാനങ്ങളും ഇത് ഏറെക്കുറെ അംഗീകരിക്കുന്നുണ്ട്. 

അതേസമയം നവോത്ഥാന പ്രസ്ഥാനങ്ങള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി, ഒരു പരിധിവരെ തബ്‌ലീഗ് ജമാഅത്ത് എന്നീ പ്രസ്ഥാനങ്ങളോടൊപ്പമുള്ളവര്‍, മേല്‍ പറഞ്ഞ നയം സ്വീകരിക്കുന്നില്ല. ഖുര്‍ആനും സുന്നത്തും പ്രമാണങ്ങളായി അംഗീകരിക്കുകയും പൂര്‍വ സൂരികളായ സ്വഹാബത്തടക്കമുള്ളവരുടെ ഉത്തമ പാത പിന്‍പറ്റുകയും ചെയ്യലാണ് അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ ശരിയായ നിലപാട് എന്നാണ് അവരുടെ നിലപാട്.

വിശ്വാസികളുടെ സംസ്‌കരണ കാര്യത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്ത് മുസ്‌ലിംകള്‍ക്ക് അസ്തിത്വവും വ്യക്തിത്വവും നല്‍കിയ മഹാപ്രസ്ഥാനമാണ്. അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ വിശ്വാസസംഹിതകളെയും വ്യക്തിനിയമങ്ങളെയും അത് വ്യാഖ്യാനിച്ചു. ആവശ്യമുള്ളിടത്ത് ബുദ്ധിക്കും സ്ഥാനം നല്‍കി. ചിലപ്പോള്‍ ശാസ്ത്രത്തെയും കൂട്ടുപിടിച്ചു. ആത്മീയതക്കു പിന്നില്‍ ഭൗതികതയെ അത് പാടേ മറന്നില്ല. ചിന്താ സ്വാതന്ത്ര്യത്തെ വിലമതിക്കുകയും ചെയ്യുന്നു.


 

Feedback