Skip to main content

അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (1928) (2)

1914 ആഗസ്ത്. ഒന്നാം ലോക മഹായുദ്ധം തുടങ്ങി. ബ്രിട്ടനും ഫ്രാന്‍സും  റഷ്യയും ഇറ്റലിയും അടങ്ങുന്ന സഖ്യ ശക്തികള്‍ ഒരു ഭാഗത്ത്. ജര്‍മനിയും ആസ്‌ട്രേലിയയും ഹങ്കറിയും അച്ചുതണ്ട് ശക്തികളായി മറു ഭാഗത്തും. യുദ്ധം കൊടുമ്പിരി കൊള്ളവേ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് ഖിലാഫത്ത് ശക്തിയായ തുര്‍ക്കി ജര്‍മനിയോടൊപ്പം ചേര്‍ന്നു.

തന്ത്രം മെനഞ്ഞ ബ്രിട്ടനും ഫ്രാന്‍സും അറബ് രാജാവായി വാഴിക്കപ്പെട്ട മക്കയിലെ ശരീഫ് ഹുസൈനെ കൂട്ടുപിടിച്ചു. ശരീഫ് തുര്‍ക്കിക്കെതിരെ പട നയിക്കാനൊരുങ്ങി. യുദ്ധത്തില്‍ ജയിച്ചാല്‍ തുര്‍ക്കി ഖിലാഫത്തിലെ അറബ് രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ മറുവശത്ത് ബ്രിട്ടനും ഫ്രാന്‍സും റഷ്യയും മറ്റൊരു കരാറും ഒപ്പിട്ടിരുന്നു. തുര്‍ക്കി മേഖലയും അറബ് രാജ്യങ്ങളും പരസ്പരം പങ്കിടാനുള്ള കരാര്‍.

ലോക യുദ്ധത്തില്‍ ബ്രിട്ടനും സഖ്യശക്തികളും ജയിച്ചു. തുര്‍ക്കി ഖിലാഫത്ത് തകര്‍ന്നു. ശരീഫ് ഹുസൈന് നല്‍കിയ വാഗ്ദാനം ലംഘിച്ച് തുര്‍ക്കിയും അറബ് രാജ്യങ്ങളും ബ്രിട്ടനും ഫ്രാന്‍സും റഷ്യയും പങ്കിട്ടെടുത്തു. ഈജിപ്ത്, സുഡാന്‍, ഫലസ്തീന്‍, ഇറാഖ്, മലേഷ്യ, നൈജീരിയ എന്നിവ ബ്രിട്ടനെടുത്തപ്പോള്‍ സിറിയ, ലബനന്‍ എന്നിവ റഷ്യയും അള്‍ജീറിയ, മൊറോക്കോ, സെനഗല്‍ എന്നിവ ഫ്രാന്‍സും അധീനത്തിലാക്കി.

അറബ് മണ്ണിനെയും മുസ്‌ലിം ചിന്തകളെയും സംസ്‌കാരത്തെയും നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഈ വഞ്ചനക്കു പിന്നില്‍. കുരിശു യുദ്ധത്തിന്റെ തുടര്‍ച്ചയായാണ് ഈ വഞ്ചനയെന്നു പോലും ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്.

ഈ സാംസ്‌കാരിക കടന്നുകയറ്റത്തെ പ്രതിരോധിക്കാനും ഇസ്‌ലാമിക പ്രബോധനത്തിലുടെ ജനകീയാവബോധം വളര്‍ത്താനും ഈജിപ്തിലെ ഒരു ചെറു സംഘം തീരുമാനിച്ചുറച്ചു. 1928 മെയ് മാസത്തില്‍ ആറ് യുവാക്കള്‍ ഈജിപ്തിലെ ഇസ്മാഈലിയ പട്ടണത്തില്‍ യോഗം ചേര്‍ന്ന് ഒരു സംഘം രൂപീകരിച്ചു. അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (മുസ്‌ലിം ബ്രദര്‍ ഹുഡ്). മുഖ്യ കാര്യദര്‍ശിയായി (മുര്‍ശിദുല്‍ ആം) ഹസനുല്‍ ബന്നയെയും തെരഞ്ഞെടുത്തു.


 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446