ഇഖ്‌വാന്റെ അടിസ്ഥാന ആദര്‍ശം ഏതൊരു മുസ്‌ലിം സംഘത്തിന്റേതുമെന്ന പോലെ 'അല്ലാഹുഅല്ലാതെ ആരാധ്യനില്ല, മുഹമ്മദ്(സ്വ) അവന്റെ ദൂതനാണ്' എന്ന സാക്ഷ്യ വാക്യം തന്നെയാണ്. ഇസ്‌ലാം വല്‍ക്കരണം, ഇസ്‌ലാമിക ഐക്യം, ഈജിപ്ത് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ഇസ്‌ലാമിക ജനാധിപത്യം നടപ്പാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമുണ്ടായി.
ഇസ്‌ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണെന്നും അത് ദൈവിക നീതിയിലധിഷ്ഠിതമാണെന്നും ഉദ്‌ഘോഷിച്ച ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ആ കാഴ്ചപ്പാടിലുള്ള രാഷ്ട്ര നിര്‍മിതി ലക്ഷ്യമാക്കുകയും ചെയ്തു. ഇസ്‌ലാമിക സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാനും സമാധാനപരമായ വഴിയിലൂടെ പരിഹാരം തേടാനും അത് ശ്രമിച്ചു.
വ്യക്തി-കുടുംബ-സമൂഹ സംസ്‌കരണം ഹ്രസ്വകാല ദൗത്യമായും ഭരണകൂട സംസ്‌കരണവും ഖിലാഫത്ത് പുന:സ്ഥാപനവും ദീര്‍ഘകാല ദൗത്യമായും, ഹസനുല്‍ ബന്നയും കൂട്ടരും നിശ്ചയിച്ചു. ആറുപേരില്‍ തുടങ്ങിയ ഈ സംഘം 1946 ആയപ്പോഴേക്കും അഞ്ചു ലക്ഷം സജീവാംഗങ്ങളും അത്രതന്നെ അനുഭാവികളും അയ്യായിരത്തോളം ശാഖകളുമുള്ള ബഹുജന പ്രസ്ഥാനമായി വളര്‍ന്നു. ഈജിപ്തിനു പുറമെ സിറിയ, ലബനന്‍, ഫലസ്തീന്‍, ജോര്‍ഡാന്‍ എന്നിവിടങ്ങളിലും ഇഖ്‌വാന്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.