Skip to main content

ബറേല്‍വികളുടെ ആദര്‍ശം

ഇതര മുസ്‌ലിംകളെപ്പോലെ ബറേല്‍വികളും ഖുആന്‍, നബിചര്യ, എന്നിവ പ്രമാണങ്ങളായംഗീകരിക്കുകയും ഏകദൈവ വിശ്വാസം അംഗീകരിക്കുകയും ചെയ്യുന്നു. മാതുരിദീ ചിന്താസരണിയും ഹനഫീ മദ്ഹബും അനുധാവനം ചെയ്യുകയും ഖാദിരി, ചിശ്തി, സുഹ്‌റവര്‍ദീ ത്വരിഖത്തുകളും അംഗീകരിക്കുകയും ചെയ്യുന്നു 

ഖബര്‍ സന്ദര്‍ശനം, അവ കേന്ദ്രീകരിച്ചുള്ള ആചാരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവക്ക് അമിത പ്രാധാന്യം കല്പിക്കുന്നു. പ്രവാചകന്‍ മുഹമ്മദി(സ്വ)നെക്കുറിച്ച് അതിശയോക്തി കലര്‍ന്ന വിശ്വാസവുമുണ്ട്. നബി(സ്വ)ക്ക് ഒരേസമയം നിരവധി സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയും. ലോകത്തു നടക്കുന്ന കാര്യങ്ങള്‍ ഇപ്പോഴും നബി(സ്വ) കണ്ടുകൊണ്ടിരിക്കുന്നു. നബി (സ)ക്ക് അദൃശ്യം അറിയാം തുടങ്ങിയവ അവയില്‍ ചിലതു മാത്രം. പ്രവാചക ജന്മദിനാഘോഷം വന്‍ പ്രാധാന്യത്തോടെ കൊണ്ടാടുന്നു. 'ഖബ്‌റാരാധകര്‍' എന്ന് ബറേല്‍വികളെക്കുറിച്ച് ഇതര മുസ്‌ലിം സംഘടനകള്‍ ആരോപിക്കാറുണ്ട്. ദയൂബന്ദ്, നദ്‌വത്തുല്‍ ഉലമ എന്നീ സ്ഥാപനങ്ങളോടും അഹ്‌ലേ ഹദീസ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘനകളോടും അകലം പാലിക്കുന്നു.

മുഹമ്മദ് ഫസല്‍ കരീം, മുഹമ്മദ് മുനീബുര്‍റഹ്മാന്‍ തുടങ്ങിയവരാണ് സമകാലിക നേതാക്കള്‍. പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലായി ധാരാളം അനുയായികളുണ്ട്. ഉത്തര്‍പ്രദേശിലെ മഹ്‌ളറേ ഇസ്‌ലാം, ജാമിഅത്തുല്‍ അശ്‌റഫിയ എന്നിവയാണ് പ്രമുഖ സ്ഥാപനങ്ങള്‍.

2016 മെയ് മാസത്തില്‍ ന്യൂഡല്‍ഹിയില്‍ വിവാദ 'ലോക സൂഫിഫോറം' സംഘടിപ്പിച്ച ആള്‍ ഇന്ത്യാ ഉലമ ആന്‍ഡ് മശാഇഖ് ബോര്‍ഡ്, ബറേല്‍വി അനുബന്ധ സംഘടനയാണ്. കേരളത്തിലെ സമസ്തകളുമായി ആദര്‍ശബന്ധം സൂക്ഷിക്കുന്നു.


 

Feedback
  • Tuesday Sep 17, 2024
  • Rabia al-Awwal 13 1446