കെ ജെ യുവിന്റെ പരിശ്രമങ്ങളാല്‍ നാടിന്റെ നാനാഭാഗങ്ങളില്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങളുടെ കൂട്ടായ്മയാണ് കേരള നദ്‌വത്തുല്‍ മുജാഹിദിന്‍ ആയി രൂപം കൊണ്ടത്. അരീക്കോട്ട് എന്‍ വി അബ്ദുസ്സലാം മൗലവിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജംഇയ്യത്തുല്‍ മുജാഹിദീനില്‍ നിന്നാണ് ഈ പേര് ഉത്ഭവം കൊണ്ടത്.
മുജാഹിദുകള്‍ പ്രവര്‍ത്തനം സജീവമാക്കിയപ്പോള്‍ പിതാക്കളുടെ പാരമ്പര്യത്തിന് പ്രാധാന്യം കല്‍പിച്ചു കൊണ്ടു മാത്രം ദീനിനെ സ്വീകരിച്ചുപോന്നവര്‍ വെല്ലുവിളികള്‍ മുഴക്കി. ഖണ്ഡന മണ്ഡന പ്രസംഗങ്ങള്‍ പലപ്പോഴും അരങ്ങേറി. സംവാദങ്ങള്‍ നടന്നു. പൊതു വേദികളില്‍ വാദപ്രതിവാദങ്ങള്‍ പോലും നടത്തേണ്ടി വന്നു അങ്ങനെയാണ് വാദപ്രതിവാദ വേദികള്‍ ഉയരാന്‍ തുടങ്ങിയത്. 1951ല്‍ പൂനൂരിലാണ് ആദ്യ സുന്നി-മുജാഹിദ് വാദപ്രതിവാദം കേരളത്തില്‍ നടക്കുന്നത്. എടവണ്ണ അലവി മൗലവിയും പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും ആയിരുന്നു ഇരു ഭാഗത്തുമായി അതിനെ നയിച്ചത്.
1974ല്‍ കുറ്റിച്ചിറയിലും, 1983ല്‍ പുളിക്കല്‍ കൊട്ടപ്പുറത്തും ദിവസങ്ങള്‍ നീണ്ടുനിന്ന സംവാദം ചരിത്രത്തിന്റെ ഭാഗമായി. ഇതുകൂടാതെ ചെറുതും വലുതുമായ പത്തിലധികം സംവാദങ്ങള്‍ വേറെയും നടന്നു. തൗഹീദും ശിര്‍ക്കും തവസ്സുലും ഇസ്തിഗാഥയും സ്ത്രീകളുടെ പള്ളി പ്രവേശവും മറ്റു പല വിഷയങ്ങളും സംബന്ധിച്ചുള്ള തെളിവുകളുടെ ബലാബലം ഒരേ സമയം ഇരു വേദികളില്‍ നിന്നുമായി കേട്ടപ്പോള്‍ സത്യം പലര്‍ക്കും ബോധ്യപ്പെട്ടു. മുജാഹിദ് പ്രസ്ഥാന വളര്‍ച്ചയിലെ നാഴികകല്ലുകളായിരുന്നു വാദപ്രതിവാദങ്ങള്‍.
കെ സി അബൂബക്കര്‍ മൗലവി, എ പി അബ്ദുല്‍ ഖാദിര്‍ മൗലവി, സി പി ഉമര്‍ സുല്ലമി, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, അലി അബ്ദുല്‍റസാഖ് മദനി തുടങ്ങിയവരുടെ സംഭാവനകള്‍ ഇതില്‍ ഗണനീയമായിരുന്നു.
പ്രസ്ഥാന വളര്‍ച്ചയിലെ മറ്റൊരു ഘടകമായിരുന്നു സമ്മേളനങ്ങള്‍. പ്രബോധന മാര്‍ഗത്തിലെ സമ്മേളനങ്ങള്‍ ഐക്യസംഘവും പിന്നീട് കേരള ജംഇയ്യത്തുല്‍ ഉലമയും തുടര്‍ന്ന് കെ എന്‍ എമ്മുമാണ് കേരളത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. 1968 വരെ കെ എന്‍ എമ്മും വാര്‍ഷിക സമ്മേളനങ്ങള്‍ നടത്തി.
1972ല്‍ കോഴിക്കോട്ടാണ് ആദ്യമായി ഒരു സംസ്ഥാനതല സമ്മേളനം നടന്നത്. പിന്നീട് വിപുലമായ രീതിയിലുള്ളതും വന്‍ജന പങ്കാളിത്തത്തോടെയുള്ളതുമായ സമ്മേളനം 1979ല്‍ മലപ്പുറം ജില്ലയിലെ പുളിക്കല്‍ വച്ചു നടന്നു. മൂന്നു വര്‍ഷത്തിനുശേഷം 1982ല്‍ ഫറോക്കിലും സമ്മേളനം നടന്നു. സമ്മേളനങ്ങള്‍ക്കിടയിലുള്ള കാലാവധി അഞ്ചു വര്‍ഷമാക്കിയതിനെത്തുടര്‍ന്ന് 1987ല്‍ കുറ്റിപ്പുറവും 1992ല്‍ പാലക്കാടും 1997 ല്‍ കണ്ണൂരിലെ പിലാത്തറയിലും നടന്നു. 2002 മുതല്‍ രണ്ട് വീതം സമ്മേളനങ്ങളായാണ് നടന്നത്. 2002ല്‍ കോഴിക്കോട്ടും എറണാകുളത്തും, 2007ല്‍ ചങ്ങരംകുളത്തും വയനാട്ടില്‍ പനമരത്തും, 2013ല്‍ കോഴിക്കോട്ടും 2014ല്‍ കോട്ടക്കലിനടുത്തെ എടരിക്കോടും 'മുജാഹിദ് സമ്മേളനം' എന്ന ബാനറില്‍ ചതുര്‍ദിന സമ്മേളനങ്ങള്‍ നടന്നു. 2017 ഡിസംബറില്‍ മലപ്പുറം ജില്ലയിലെ കൂരിയാട്ട നടന്ന ഒന്‍പതാം മുജാഹിദ് സമ്മേളനമാണ് ഏറ്റവും ഒടുവിലത്തേത്.