Skip to main content

നദ്‌വത്ത്: ഘടനയും ഘടകങ്ങളും

കേരള ജംഇയ്യത്തുല്‍ ഉലമയെ പണ്ഡിത സംഘടനയായംഗീകരിച്ചുകൊണ്ടാണ് കെ എന്‍ എം പ്രവര്‍ത്തിക്കുന്നത്. പണ്ഡിതര്‍ മുതല്‍ വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, യുവാക്കള്‍ തുടങ്ങി ആര്‍ക്കും ഇതില്‍ അംഗങ്ങളാകാം. ഖുര്‍ആനും സുന്നത്തും അനുസരിച്ച് വിശുദ്ധ ജീവിതം നയിക്കുമെന്നും സംഘടനാ അച്ചടക്കം പാലിക്കുമെന്നുമുള്ള പ്രതിജ്ഞയോടെ അംഗത്വമെടുക്കാം. സംസ്ഥാന സമിതിക്കു പുറമെ, ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ശാഖ കമ്മിറ്റികളും നിലവിലുണ്ട്. സംസ്ഥാന കൗണ്‍സിലിനാണ് കാര്യ നിര്‍വഹണ സമിതിയെയും ഭാരവാഹികളെയും തീരുമാനിക്കാനുള്ള അധികാരം.

നദ്‌വത്തിന് കീഴില്‍ സമൂഹത്തിന്നാവശ്യമായ എല്ലാ പ്രവര്‍ത്തന മേഖലകളിലും പ്രത്യേകം വിംഗുകളുണ്ട്. യുവാക്കള്‍ക്കായി ഇത്തിഹാദു ശ്ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ എസ് എം) 1967ലും, വിദ്യാര്‍ഥികള്‍ക്കായി മുജാഹിദ് സ്റ്റൂഡന്‍സ് മൂവ്‌മെന്റ് (എം എസ് എം) 1971 ലും, വനിതകള്‍ക്കായി മുസ്‌ലിം ഗേള്‍സ് ആന്‍ഡ് വിമന്‍സ് മൂവ്‌മെന്റ് (എം. ജി എം) 1987 ലും നിലവില്‍ വന്നു. പില്ക്കാലത്ത് എം ജി എം സ്റ്റൂഡന്റ്‌സ് വിംഗും രൂപീകരിച്ചിരുന്നു. യുവ-കൗമാര-വനിതാ വിഭാഗങ്ങളില്‍ ഇസ്‌ലാമിക ചിന്തയുണര്‍ത്തുന്നതില്‍ അനല്‍പമായ പങ്കാണ് ഈ ഘടകങ്ങള്‍ വഹിച്ചത്. 

പ്രസിദ്ധീകരണ രംഗത്തും കെ എന്‍ എം വിപ്ലവമുണ്ടാക്കി. അല്‍മുര്‍ശിദിന്റെ പിന്‍മുറക്കാര്‍ പിന്നീട് അല്‍മനാര്‍ (കെ എന്‍ എം മുഖപത്രം), ശബാബ് (ഐ എസ് എം മുഖപത്രം) പുടവ (എം ജി എം), ഇഖ്‌റഅ് (എം എസ് എം) എന്നിങ്ങനെ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കി. ഇഖ്‌റഅ്, പിന്നീട് വന്ന സര്‍ഗവിചാരം, ബാലകൗതുകം എന്നിവ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നില്ല. 'വിശുദ്ധ ഖുര്‍ആന്‍ വിവരണ'മെന്ന പേരില്‍ മലയാളത്തില്‍ സമാനതകളില്ലാത്തതും കെ.എം.മൗലവി, അലവി മൗലവി, പി കെ മൂസ മൗലവി, മുഹമ്മദ് അമാനി മൗലവി എന്നിവര്‍ തുടക്കം കുറിക്കുകയും അമാനി മൗലവിയുടെ തൂലികയിലൂടെ പൂര്‍ത്തീകരിക്കുകയും ചെയ്ത രചന വിശുദ്ധ ഖുര്‍ആന്‍ പ്രചാരണ രംഗത്ത് വലിയ മുതല്‍ക്കൂട്ടാണ്. കെ.എന്‍.എം. പബ്ലിഷിംഗ് വിംഗ് ആണ് ഇത് പ്രസിദ്ധീകരിച്ചത്. ഐ.എസ്.എം ന്റെ കീഴില്‍ 1987 ല്‍ ആരംഭിച്ച യുവത ബുക്ക് ഹൗസ് ഇതിനകം മുന്നൂറിലധികം കനപ്പെട്ട ഗ്രന്ഥങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

കേരളക്കരയില്‍ വ്യവസ്ഥാപിതമായ മദ്‌റസാ പഠനത്തിന് തുടക്കം കുറിച്ച മുജാഹിദ് പ്രസ്ഥാനത്തിനു കീഴില്‍ വിദ്യാഭ്യാസ ബോര്‍ഡും പ്രവര്‍ത്തിക്കുന്നുണ്ട്. ഉന്നത മതപഠന കേന്ദ്രങ്ങളായ എടവണ്ണ ജാമിഅ നദ്‌വിയ്യ, പുളിക്കല്‍ ജാമിഅ സലഫിയ്യ, പുളിക്കല്‍ മദീനത്തുല്‍ ഉലൂം, മോങ്ങം അന്‍വാറുല്‍ ഇസ്‌ലാം എന്നിവ സംഘടന നേരിട്ടു നടത്തുന്നന്ന സ്ഥാപനങ്ങളാണ്. അരീക്കോട് സുല്ലമുസ്സലാം, വളവന്നൂര്‍ അന്‍സാര്‍, ഫറൂഖ് റൗദത്തുല്‍ ഉലും, കടവത്തൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം, പാറാല്‍ ദാറുല്‍ ഇര്‍ശാദ്, തിരൂരങ്ങാടി കെ എം എ ഒ, എടക്കര ഗൈഡന്‍സ്, കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം, വാഴക്കാട് ദാറുല്‍ഉലൂം, മേപ്പയൂര്‍ സലഫിയ്യ തുടങ്ങിയവയും പറളി, എടത്തനാട്ടുകര, ചുങ്കത്തറ തുടങ്ങിയ മൂപ്പതിലധികം കോളേജുകള്‍ ഈ പ്രസ്ഥാനത്തിന്റെ വെളിച്ചം ഊര്‍ജ്ജമാക്കി പ്രവര്‍ത്തിക്കുന്നു. നൂറുക്കണക്കിന് പള്ളികള്‍, പ്രബോധന സ്ഥാപനങ്ങള്‍, ഹിലാല്‍ കമ്മിറ്റി, ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്‌ലാഹി സെന്ററുകള്‍ എന്നിവയും നദ്‌വത്തുമായി കൈകോര്‍ത്തു നീങ്ങുന്നു.


 

Feedback