Skip to main content

ത്വരീഖത്തുകള്‍ കേരളത്തില്‍

ഖാജാ മുഈനുദ്ദീന്‍ ചിശ്തി, ഖുതുബുദ്ദീന്‍ ബക്തിയാര്‍ കഅ്കി, നിസാമുദ്ദീന്‍ ഔലിയ തുടങ്ങിയ സ്വൂഫിമാരുടെ ത്വരീഖത്താണ് ഉത്തരേന്ത്യയില്‍ വേരുപിടിച്ചത്. എന്നാല്‍ കേരളത്തിലെത്തിയത് ബഗ്ദാദില്‍ നിന്നുള്ള ഖാദിരിയ്യ ത്വരീഖത്താണ്. മുഹ്‌യിദ്ദീന്‍ മാലയും മുഹ്‌യിദ്ദീന്‍ മൗലീദ്, റാതീബ്, എന്നിവയും കേരളത്തിലാണല്ലോ പിറന്നത്. സയ്യിദ്, സ്വൂഫി, ഉലമ വിഭാഗങ്ങളാണ് ഈ ത്വരീഖത്തുകളുടെ പ്രചാരകരായത്.

മറ്റു പല ത്വരീഖത്തുകളുടെയും മറ പിടിച്ച് കേരളത്തില്‍ നിരവധി ശാഖകള്‍ വേറെയും വന്നെങ്കിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയ പ്രചാരണത്തിന്റെ ഫലമമെന്നോണം അവ നിഷ്പ്രഭമായി. അവയില്‍ പെട്ടതാണ് 1910 കാലത്ത് കൊടുവള്ളി കേന്ദ്രീകരിച്ച് വന്ന കോരൂര്‍ ത്വരീഖത്ത്, 1930 കാലത്ത് തിരൂര്‍ കേന്ദ്രീകരിച്ചുള്ള ചോറ്റൂര്‍ ത്വരീഖത്ത്, 1962 കാലത്ത് പ്രത്യേക്ഷപ്പെട്ട ചെമ്പാട്ടിമാട ശംസിയ്യ ത്വരീഖത്ത്, വേങ്ങാട് കൈക്കാര്‍ തുടങ്ങിയവ മിക്കതും ഇന്ന് നാമമാത്രമാണ്.

എന്നാല്‍ സമസ്തയുടെ എതിര്‍പ്പ് അവഗണിച്ച് ഇന്നും രണ്ട് ത്വരീഖത്തുകള്‍ ഇവിടെ സജീവമായി നിലനില്‍ക്കുന്നുണ്ട്. ചിശ്തി-ഖാദിരി ത്വരീഖത്തുകളുടെ പിന്‍തുടര്‍ച്ച അവകാശപ്പെടുന്ന നൂരിഷ, ആലുവ ത്വരീഖത്തുകള്‍. മുഹ്‌യിദ്ദീന്‍ ശൈഖിന്റെ 22-ാമത്തെ പൗത്രനായറിയപ്പെടുന്ന സയ്യിദ് അഹ്മദ് മുഹ്‌യിദ്ദീന്‍  നൂരിഷ ഹൈദരാബാദിയാണ് നൂരിഷ ത്വരീഖത്ത് സ്ഥാപകന്‍. കേരളത്തില്‍ ഇതിന് നിരവധി കേന്ദ്രങ്ങളുണ്ട്. സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഔപചാരികമായി അംഗീകരിച്ചതായിരുന്നു നൂരിശ ത്വരീഖത്ത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള ജാമിഅ നൂരിയ്യ എന്ന സ്ഥാപനം ആ പേരിലുള്ളതാണ്. എന്നാല്‍ 1974ല്‍ സമസ്ത നൂരിശ ത്വരീഖത്ത് ഉപേക്ഷിക്കുക മാത്രമല്ല, അത് പിഴച്ച വിഭാഗമാണെന്ന് വിധി പറയുകയും ചെയ്തു.

ആലുവയിലെ യൂസുഫ് സുല്‍ത്ത്വാനാണ് ഖാദിരീ ആലുവ ത്വരീഖത്തിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തെയും 2006-ല്‍ സമസ്ത തള്ളിപ്പറഞ്ഞു.  

മുജാഹിദ്, ജമാഅത്തെ ഇസ്്‌ലാമി വിഭാഗങ്ങള്‍ കേരളത്തില്‍ സജീവമാകുകയും, കേരളീയ മുസ്്‌ലിംകള്‍, വിഭ്യാഭ്യാസ മേഖലയിലും മത പ്രചാരണ പ്രവര്‍ത്തന രംഗത്തും നിലവാരം നേടുകയും ചെയ്തത് സ്വൂഫീ-ത്വരീഖത്ത് പ്രസ്ഥാനങ്ങളെ ഉള്‍വലിയാന്‍ പ്രേരിപ്പിച്ചു. 


 

Feedback