മുസ്‌ലിം സമൂഹത്തിനകത്തു നിന്ന് ആശയങ്ങളിലെ ഭിന്ന വീക്ഷണങ്ങള്‍, രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ തുടങ്ങിയ കാരണങ്ങളാല്‍ സംഘങ്ങളും കക്ഷികളും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാനാശയത്തില്‍ നിന്നും മുസ്‌ലിം സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നും വ്യതിചലിച്ചു പോകാത്തിടത്തോളം അവയെല്ലാം മുസ്‌ലിം സംഘങ്ങളായി ഗണിക്കപ്പെടുന്നു. എന്നാല്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ തന്നെ ചില കക്ഷികള്‍ ഉടലെടുത്തിട്ടുണ്ട്. പക്ഷെ അവയുടെ അടിസ്ഥാനം ഇസ്‌ലാമുമായി യോജിക്കുന്നതല്ല. അത്തരം കക്ഷികള്‍ മുസ്‌ലിം സംഘങ്ങളായി അറിയപ്പെടാറില്ല. അവയില്‍ ചിലര്‍ മുഹമ്മദ് നബിക്കു ശേഷം നബിത്വം വാദിക്കുകയും പുതിയ മതം രൂപീകരിക്കുകയും ചെയ്തവരാണ്. അവയെ ഇസ്‌ലാമിന്റെ വൃത്തത്തിനു പുറത്തായിട്ടാണ് മുസ്‌ലിം ലോകം ഏക കണ്ഠമായി നോക്കിക്കാണുന്നത്. അമേരിക്കയിലെ നേഷന്‍ ഓഫ് ഇസ്‌ലാം, ഇന്ത്യയിലെ ഖാദിയാനികള്‍ മുതലായവ ഈ ഗണത്തില്‍പ്പെടുന്നവയാണ്.