Skip to main content

സമസ്ത: ഘടനയും ഘടകങ്ങളും

ശൂറാ (കൂടിയാലോചനാസമിതി), കേന്ദ്ര മുശാവറ (ഫത്‌വാ കമ്മിറ്റി) എന്നിവയാണ് സമസ്തയുടെ പരമോന്നത സമിതികള്‍. 1989ലെ പിളര്‍പ്പിന്റെ വേളയില്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ പ്രസിഡണ്ട്, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള മലബാര്‍ ജില്ലകളിലാണ് സമസ്തക്ക് കൂടുതല്‍ ജനസ്വാധീനമുള്ളത്. ആയിരക്കണക്കിന് പള്ളികള്‍ക്ക് കീഴില്‍ വരുന്ന മഹല്ലുകളും പതിനായിരത്തോളം മദ്‌റസകളുമാണ് സമസ്തയുടെ എക്കാലത്തെയും ഊര്‍ജം. കോഴിക്കോട് സമസ്ത കാര്യാലയവും ചേളാരിയിലെ സമസ്താലയവുമാണ് ഓഫീസുകള്‍.

1951ല്‍ രൂപീകൃതമായ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡാണ് സമസ്തയുടെ ഏറ്റവും വലിയ പോഷക ഘടകം. 10 ലക്ഷത്തോളം വിദ്യാര്‍ഥികളും ഒരു ലക്ഷം അധ്യാപകരും ഇതിന് കീഴില്‍ വരും. യുവജന വിഭാഗമായ സുന്നി യുവജന സംഘം, വിദ്യാര്‍ഥി വിഭാഗമായ എസ് കെ എസ് എസ് എഫ് (1989), സുന്നി ബാലവേദി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മുസ്‌ലിം എംപ്ലോയിസ് അസോസിയേഷന്‍, സുന്നി മഹല്ല് ഫെഡറേഷന്‍, മാനേജ്‌മെന്റ് അസോസിയേഷന്‍ തുടങ്ങിയവയും പോഷക ഘടകങ്ങളാണ്.

സുപ്രഭാതം ദിനപത്രം, സത്യധാര ദ്വൈവാരിക, സുന്നി അഫ്കാര്‍, കുരുന്നുകള്‍, സന്തുഷ്ട കുടുംബം എന്നിവയടക്കം പത്തിലധികം ആനുകാലികങ്ങള്‍ സംഘടന പുറത്തിറക്കുന്നു. പട്ടിക്കാട് എഞ്ചിനീയറിംഗ് കോളേജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം എന്നിവയടക്കം നിരവധി സ്ഥാപനങ്ങള്‍ സമസ്തയുടെ നിയന്ത്രണത്തിലുണ്ട്. സ്വന്തമായി പ്രസിദ്ധീകരണശാലയുണ്ട്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വ്വകലാശാലയാണ് സുപ്രധാനമായ മറ്റൊരു സ്ഥാപനം. 1986ല്‍ ചെറിയ നിലയില്‍ തുടങ്ങി 2009ല്‍ യൂണിവേഴ്‌സിറ്റിയായി ചെമ്മാട് ദാറുല്‍ ഹുദാ മാറി. സ്വതന്ത്രമായി ടി വി ചാനലും സ്വന്തമായി ദിനപത്രവും ഇന്ന് സമസ്തയ്ക്കുണ്ട്.


 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446