Skip to main content

അശ്അരിയ്യയുടെ സിദ്ധാന്തങ്ങള്‍

ഈമാന്‍, ഹൃദയം കൊണ്ട് സാക്ഷ്യപ്പെടുത്തലാണ്. വാക്കും കര്‍മവും അതിന്റെ പിന്നാലെ വരേണ്ടവയാണ്. ഈമാന്‍ പൂര്‍ണമായിക്കഴിഞ്ഞാല്‍ കര്‍മങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കാതെ മരിച്ചാല്‍ പോലും അവന്‍ മുഅ്മിനാണ്.

പാപത്തെക്കുറിച്ച് അശ്അരിയുടെ പക്ഷം: പാപിയുടെ കാര്യം തീരുമാനിക്കേണ്ടത് അല്ലാഹുവാണ്. മനുഷ്യന്‍ ഒന്നുകില്‍ മുസ്്‌ലിം അല്ലെങ്കില്‍ കാഫിര്‍. ഇതിനിടയില്‍ ഒരു സ്ഥാനമില്ല. അങ്ങനെയൊന്നുണ്ട് എന്നായിരുന്നു മുഅ്തസിലീ സിദ്ധാന്തം.

അനിതീ, അക്രമം എന്നിവ അല്ലാഹുവിലേക്ക് ചേര്‍ത്തു പറയാവതല്ല. അവന്‍ സര്‍വാധിപതിയാണ്. അവകാശവും അധികാരവുമില്ലാത്തത് ചെയ്താണല്ലോ അനിതീയും അക്രമവും ആയിത്തീരുന്നത്.

ഖലീഫമാര്‍ നാലുപേരും ശ്രേഷ്ഠരാണ്, സ്വഹാബിമാര്‍ക്കിടയില്‍ നടന്ന യുദ്ധത്തിന്റെ പേരില്‍ അവരെ പഴിക്കരുത്. യുദ്ധം അവരുടെ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് നടത്തിയത്. ഇജ്തിഹാദ് തെറ്റിയാലും പ്രതിഫലമുണ്ടല്ലോ. അധികാരം ശരിയാംവിധം പ്രയോഗിക്കുന്ന ആര്‍ക്കും ഭരണാധികാരിയാവാം. ഭരണാധിപന് അപ്രമാദിത്വമില്ല. വലിയ്യുകള്‍ക്കു കറാമത്തുണ്ടാവാം. എന്നാല്‍ എത്ര വലിയ വലിയ്യായാലും അവര്‍ മതനിയമങ്ങള്‍ കൃത്യമായി പാലിച്ചേ പറ്റൂ. മുഅ്ജിസത്തുണ്ടായിട്ടും നബിമാര്‍ മതനിയമങ്ങള്‍ പാലിക്കാതിരുന്നിട്ടില്ലല്ലോ എന്നിങ്ങനെയുള്ള മിതത്വം പ്രകടമാകുന്ന സിദ്ധാന്തങ്ങളാണ് അശ്അരികള്‍ മുന്നോട്ടുവെച്ചത്.

അല്ലാഹു സിംഹാസനത്തിലുള്ളവനാണ്. അവന്റെ സിംഹാസനാരോഹണം അനിഷേധ്യ വസ്തുതയുമാണ്. എന്നാല്‍ അതെങ്ങനെയെന്നത് അജ്ഞാതവുമാണ്. അവന് കൈകളും കണ്ണുകളും മുഖവും ഉണ്ട്. അശ്അരി സമര്‍ഥിക്കുന്നു.

എന്നാല്‍ ചില നവീന വാദങ്ങളും ഇവര്‍ മുന്നോട്ടുവച്ചു. 'മനുഷ്യന്ന് സ്വന്തമായി കഴിവുകളില്ല, അതാത് സമയത്ത് അല്ലാഹു കഴിവുകള്‍ നല്‍കുകയാണ്'. ഇതായിരുന്നു അതിലൊന്ന്. ഒരാള്‍ ഒരു തടി മുറിക്കുന്നുവെന്നിരിക്കട്ടെ അയാള്‍ ബലം പ്രയോഗിക്കുന്നു. എന്നാല്‍ മുറിക്കല്‍ സംഭവിപ്പിക്കുന്നത് അല്ലാഹുവാണ്. അല്ലാതെ അവന്റെ ശേഷിയല്ല.

സകല കഴിവും അല്ലാഹുവിനാണ്. മറ്റാര്‍ക്കും ഒരു കഴിവുമില്ല എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ കാര്യകാരണ ബന്ധങ്ങളെയും അശ്അരികള്‍ നിഷേധിച്ചു. കാരണം മൂലം കാര്യം സംഭവിച്ചു എന്നുപറഞ്ഞാല്‍ അത് കാരണത്തില്‍ ദിവ്യത്വം ആരോപിക്കലാണെന്നു പോലും ഇവര്‍ വാദിച്ചു.


 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446