Skip to main content

സ്വൂഫികളുടെ ആചാരങ്ങള്‍

സ്വൂഫിസം പിറവികൊണ്ടത് അറേബ്യയിലാണെങ്കിലും വളര്‍ന്നതും വ്യാപിച്ചതും ഇറാന്‍, ഇറാഖ്, ഇന്ത്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു. യൂറോപ്യന്‍ സാഹിത്യങ്ങളില്‍ സ്വൂഫിസത്തിന്റെ നിഗൂഢാത്മകതയ്ക്ക് വന്‍ പ്രാധാന്യം കിട്ടി.

ഇസ്‌ലാമിന്റെ ഒരു വശം മാത്രമേ യഥാര്‍ഥത്തില്‍ ഇന്നത്തെ സ്വൂഫിസം പ്രതിനിധാനം ചെയ്യുന്നുള്ളൂ. അതേസമയം, ആരാധനകളിലൂടെ ദൈവസാമീപ്യം തേടി യഥാര്‍ഥ ദൈവദാസന്മാരായി ജീവിച്ച സഈദുബ്‌നുല്‍ മുസയ്യബ്(റ), ഹസനുല്‍ ബസ്വരി(റ), ഇമാം ഗസ്സാലി, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ, മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തുടങ്ങിയവരെ സ്വൂഫികള്‍ മാതൃകയായി അവതരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഹഖീഖത്ത്, ത്വരീഖത്ത് തുടങ്ങിയ ഇന്നു കാണുന്ന ആചാരങ്ങളോ മറ്റേതെങ്കിലും ബിദ്അത്തുകളോ ഇവരുടെ ജീവിതത്തില്‍ കാണാനാവില്ല.

സാമൂഹിക ജീവിതത്തില്‍ നിന്നകന്ന് ആശ്രമങ്ങളിലും പര്‍ണശാലകളിലും ദിക്ര്‍ ചൊല്ലിയിരിക്കലാണ്, സ്വൂഫികളുടെ പ്രധാന ആചാരം. ഈ ദിക്‌റുകള്‍ ത്വരീഖത്തുകള്‍ക്കും ശൈഖുമാര്‍ക്കും അനുസരിച്ച് മാറുകയും ചെയ്യും.

ചിലര്‍ക്ക് ഭജനഗീതങ്ങളും ഭക്തിഗാനങ്ങളുമാണ് പ്രാര്‍ഥനാരീതി. സ്വൂഫി നടത്തവും ഉണ്ട്. ഐഹിക കെട്ടുപാടുകളില്‍ നിന്ന് തീര്‍ത്തും ഒഴിഞ്ഞു നിന്ന് അതീവ ജാഗ്രതയോടെ ഏകാഗ്രനായി ഭജനയിരിക്കുന്ന 'മുറാഖബ' എന്ന ധ്യാനരീതിയും ചില സ്വൂഫികള്‍ സ്വീകരിക്കുന്നു.

പല സ്വൂഫി ആശ്രമങ്ങളോടനുബന്ധിച്ചും മഖ്ബറകളും കാണാം. ബഗ്ദാദില്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെയും അജ്മീറില്‍ മുഈനുദ്ദീന്‍ ചിഷ്തിയുടെയും ഡല്‍ഹിയില്‍ നിസാമുദ്ദീന്‍ 'ഔലിയ'യുടെയും ശവകുടീരങ്ങള്‍ കേന്ദ്രീകരിച്ചാണ് സ്വൂഫിസം വേരുപിടിച്ചത്.

മുസ്‌ലിം സമൂഹത്തെ യഥാര്‍ഥ തൗഹീദില്‍ നിന്ന് അകറ്റുകയും 'അനല്‍ഹഖ്'(ഞാന്‍ തന്നെയാണ് യാഥാര്‍ഥ്യം), വഹ്ദത്തുല്‍ വുജൂദ് (അദ്വൈത സിദ്ധാന്തം) പോലുള്ള പുതിയ സങ്കല്‍പത്തിലേക്ക് അവരെ നയിക്കുകയും ചെയ്തതായി സ്വൂഫിസത്തെ അംഗീകരിക്കാത്തവര്‍ പറയുന്നു. പൊതുസമൂഹത്തില്‍ നിന്ന് പണ്ഡിതര്‍ പിന്‍വാങ്ങിയതിനാല്‍, മുസ്‌ലിംകളെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും പിന്നാക്കം വലിക്കാന്‍ സ്വൂഫിസം ഇടയാക്കി.


 


 

Feedback