പോറലൊന്നുമേല്‍ക്കാതെ നൂറ്റാണ്ടുകള്‍ അതിജീവിച്ച വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതാകുന്നു. അതില്‍ മനുഷ്യരുടെ കൈകടത്തല്‍ ഉണ്ടായിട്ടില്ല. അല്ലാഹുവിന്റെ വചനങ്ങള്‍ മാത്രമടങ്ങിയ വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബി(സ്വ) മുഖേന ജനങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്തത്. മുഹമ്മദ് നബിക്ക് പോലും അതില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയുകയില്ല. ''അവര്‍ ഖുര്‍ആനിനെ പ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു'' (4:82). ''നബിയേ, പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരുന്നതിനായി മനുഷ്യരും ജിന്നുകളും ഒന്നിച്ചു ചേര്‍ന്നാലും അതുപോലൊന്ന് അവര്‍ കൊണ്ടുവരികയില്ല. അവരില്‍ ചിലര്‍ മറ്റുചിലര്‍ക്ക് സഹായികളായാല്‍ പോലും'' (17:88).
ഖുര്‍ആനിന്റെ ഈ അപ്രമാദിത്വം സ്ഥിരീകരിക്കുവാന്‍ ഖുര്‍ആനില്‍ തന്നെയുള്ള ചില രീതികളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് ഖുര്‍ആനിന്റെ ഭാഷ, ഖുര്‍ആനിലെ വൈജ്ഞാനികാത്ഭുതങ്ങള്‍, ഖുര്‍ആനിന്റെ വെല്ലുവിളി, അതിന്റെ നിലനില്പ്പ് എന്നിവ.