Skip to main content

ഡോ. മുഹമ്മദ് ഹമീദുല്ല (2-1)

ജീവിതം വിജ്ഞാനത്തിനു വേണ്ടി പൂര്‍ണമായും സമര്‍പ്പിച്ച പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായിരുന്നു ഡോ. മുഹമ്മദ് ഹമീദുല്ല. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ അരനൂറ്റാണ്ടിലധികം ജീവിച്ച സാത്വിക വ്യക്തിത്വത്തിന് ഭാര്യയോ മക്കളോ ഇല്ല. അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ല. താമസിക്കുന്ന മുറിയില്‍ ടെലിഫോണ്‍ പോലുമുണ്ടായിരുന്നില്ല. പ്രശസ്തിയോ പദവിയോ ആഗ്രഹിക്കാതിരുന്ന ഗ്രന്ഥകാരനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായിരുന്നു അദ്ദേഹം.

1326 മുഹര്‍റം 16, (1908 ഫെബ്രുവരി 19)ന് ഹൈദരാബാദിലായിരുന്നു ജനനം. മൂന്ന് സഹോദരങ്ങളും അഞ്ചുസഹോദരിമാരുമടങ്ങിയ കുടുംബത്തിലെ ഏറ്റവും ഇളയവനായിരുന്നു ഹമീദുല്ല. ദാറുല്‍ ഉലൂം സെക്കന്ററി സ്‌കൂള്‍, നിസാം കോളെജ്, ഉസ്മാനിയ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചു. ഉസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദ-ബിരുദാനന്തര, നിയമ ബിരുദങ്ങള്‍ കരസ്ഥമാക്കി.

ആസ്വിഫിയ്യ ഭരണകൂടത്തിന്റെ തലസ്ഥാനമായിരുന്ന ഹൈദരാബാദ് ഇസ്‌ലാമിക നാഗരിക സാംസ്‌കാരിക വളര്‍ച്ചയില്‍ ഡമസ്‌കസ്, ബഗ്ദാദ്, കൈറോ എന്നി നഗരങ്ങളോട് കിടപിടിക്കുന്നതായിരുന്നു. ബൈറൂത്തിലോ മറ്റു മുസ്ലിം തലസ്ഥാനങ്ങളിലോ അച്ചടിശാലകള്‍ വ്യാപകമാകാതിരുന്ന കാലത്ത് ഇസ്്‌ലാമിക സാഹിത്യകൃതികള്‍ കണ്ടെടുത്ത് പ്രസിദ്ധീകരിക്കുന്നതില്‍ ദാഇറതുല്‍ മആരിഫില്‍ ഉസ്മാനിയ്യ നിര്‍വഹിച്ചിരുന്ന സേവനം കനപ്പെട്ടതായിരുന്നു. ഇമാം ബൈഹഖിയുടെ സുനന്‍, ഇമാം ബുഖാരിയുടെ താരീഖ്, ഇമാം ദഹബിയുടെ മീസാനുല്‍ ഇഅ്തിദാല്‍ തുടങ്ങിയ അനേകം ഗ്രന്ഥങ്ങള്‍ അച്ചടി മഷിപുരണ്ട നഗരം കൂടിയായിരുന്നു അത്. ഇബ്‌നുസീന, ഇബ്‌നുല്‍ഹൈസം, ഇബ്‌നുറുശ്ദ്, റാസി തുടങ്ങിയവരുടെയും ഗ്രന്ഥങ്ങള്‍ അച്ചടിച്ചത് ഇവിടെയായിരുന്നു. മാത്രമല്ല, വൈദ്യം, തത്വശാസ്ത്രം, എന്‍ജിനീയറിംഗ് തുടങ്ങിയ ആധുനിക ശാസ്ത്രഗ്രന്ഥങ്ങള്‍പോലും മുസ്‌ലിംകളുടെ ഭാഷയായ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനു ആവശ്യമായ വിശാലമായ സംവിധാനങ്ങളും അവിടെയുണ്ടായിരുന്നു.

ഇത്തരം സാഹചര്യത്തില്‍ വളര്‍ന്ന ഹമീദുല്ലയുടെ വൈജ്ഞാനിക മണ്ഡലം അതിരുകളില്ലാതെ വിശാലമായിരുന്നു. 1933ല്‍ ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാലയില്‍ നിന്ന് ഒമ്പതു    മാസംകൊണ്ട് ''ഇസ്‌ലാമിലെ ഭരണ നിയമങ്ങള്‍'' എന്ന ഗവേഷണ പ്രബന്ധത്തിനു ഡോക്ടറേറ്റ് നേടി. പിന്നീട് പാരീസിലെ സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് രണ്ടാമതൊരു പി എച്ച് ഡിയും നേടി. വിഷയം 'പ്രവാചകന്റെയും ഖുലഫാഉര്‍റാശിദുകളുടെയും കാലത്തെ നയതന്ത്രബന്ധങ്ങള്‍' എന്നതായിരുന്നു.

ഇന്ത്യയില്‍ മടങ്ങിയെത്തിയ ഹമീദുല്ല ഹൈദരാബാദ് ഉസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര നിയമവിഭാഗം പ്രഫസറായി നിയമിക്കപ്പെട്ടു. പിന്നീട് ഹമീദുല്ല അന്ന് സ്വതന്ത്ര നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിന്റെ ഐക്യരാഷ്ട്ര അംബാസിഡറായി. ഹൈദരാബാദിനെ ഇന്ത്യയിലേക്ക് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇനി ഇന്ത്യയിലേക്കില്ലെന്ന് തീരുമാനിച്ച അദ്ദേഹം അഭയാര്‍ഥി വിസയില്‍ പാരീസില്‍ കഴിച്ചുകൂട്ടി. തന്റെ ജീവിതം ഇസ്‌ലാമിക ജീവിതത്തിനും പഠനത്തിനും ഉഴിഞ്ഞുവെക്കുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രത്തിന്റെയും പൗരത്വമില്ലാതെയാണ് അദ്ദേഹം മരണംവരെ കഴിഞ്ഞുകൂടിയത്.

ഇരുപതു വര്‍ഷക്കാലം പാരീസിലെ നാഷണല്‍ സെന്റര്‍ ഓഫ് സയന്റിഫിക് റിസര്‍ച്ചില്‍ ജോലി ചെയ്തു. പിന്നീട് അദ്ദേഹം ഇസ്‌ലാമിക സേവനത്തിനു സ്വയം സമര്‍പ്പിക്കുകയായിരുന്നു. അള്‍ഷിമേഴ്‌സ് ബാധിച്ചശേഷം 1995ല്‍ അദ്ദേഹം അമേരിക്കയിലെ പിറ്റ്‌സ്ബറിയിലേക്ക് താമസം മാറ്റി, പിന്നീട് ജാക്‌സണ്‍ വില്ലയിലേക്കും.

യൂറോപ്പിലെയും ഏഷ്യയിലെയും മിക്ക യൂനിവേഴ്‌സിറ്റികളിലും അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തുകയും വിസിറ്റിംഗ് പ്രഫസറായി ജോലി നോക്കുകയും ചെയ്തിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ ലംഘിച്ചുകൊണ്ട് ഇസ്‌ലാമിനെ പ്രതിരോധിക്കുന്നതില്‍ അദ്ദേഹം നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുക്കണക്കിന് സെമിനാറുകളില്‍ അദ്ദേഹം പേപ്പറുകള്‍ സമര്‍പ്പിച്ചു. അങ്ങനെ സമര്‍പ്പിത പേപ്പറുകള്‍ 93 ആണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 165ലധികം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. സമകാലികരായ ഓറിയന്റലിസ്റ്റ് പണ്ഡിതന്മാരുമായി സംവാദങ്ങള്‍ നടത്തി. ഇസ്‌ലാമിക സേവനത്തിനുള്ള ഹി. 1414ലെ, (ക്രി. 1994) ഫൈസല്‍ അവാര്‍ഡിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്‌നേഹപൂര്‍വം അത് നിരസിക്കുകയാണ് അദ്ദേഹം ചെയ്തത്. 

മാതൃഭാഷയായ ഉര്‍ദുവിനു പുറമെ പാര്‍സി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ടര്‍ക്കിഷ്, ഇറ്റാലിയന്‍ തുടങ്ങിയ ഇരുപത്തിരണ്ട് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന അത്യപൂര്‍വ പണ്ഡിതനായിരുന്നു അദ്ദേഹം. 84-ാം വയസ്സിലാണ് അദ്ദേഹം തായ് ഭാഷ പഠിച്ചത്. കുറേക്കാലം ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഇസ്ലാമിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

 
 

Feedback