ഇസ്ലാമിക വിഷയങ്ങളില്‍ ആഴമുള്ള പണ്ഡിതന്, മുസ്ലിം ഉമ്മത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള നേതാവ്, പത്രപ്രവര്ത്തകന് അറബി- ഫാര്‍സി-ഉര്‍ദു ഭാഷാ പണ്ഡിതന്, കവി, തത്വചിന്തകന്‍, ചരിത്രകാരന്, വിദ്യാഭ്യാസ ചിന്തകന്‍, ഗ്രന്ഥകാരന്, വാഗ്മി, പരിഷ്ക്കര്‍ത്താവ് തുടങ്ങിയവയാണ് അല്ലാമാ ശിബ്ലി നുഅ്മാനി. ഉറുദു ചരിത്രരചനയുടെ പിതാവായും ഇദ്ദേഹത്തെ കണക്കാക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് മത-ഭൗതിക വിജ്ഞാനം സമ്മിശ്രമായി നല്കപ്പെടണമെന്ന ഇന്നത്തെ ആധുനിക പണ്ഡിത കാഴ്ചപ്പാടിന്റെ ഇന്ത്യയിലെ ആദ്യത്തെ വിപ്ലവകാരിയാണ് ശിബ്ലി നുഅ്മാനി.
സിഇ 1857 (ഹി.1274) മെയ് മാസത്തില്‍ ഉത്തര്‍പ്രദേശിലെ അത്സംഗഡ് ജില്ലയില്‍ ശൈഖ് ഹബീബുല്ലയുടെയും ബീലി ഈശാനന്ദടെയും സീമന്തപുത്രനായി ബിന്തോല് ഗ്രാമത്തില്‍ ജനിച്ചു. ഏതാണ്ട് 400 വര്‍ഷംമുമ്പ് ഇസ്ലാം സ്വീകരിച്ച ശിവരാജ് സിംഗ് എന്ന രജപുത്ര വംശജനായ സിറാജൂദ്ദീനാണ് അല്ലാമാ ശിബ്ലിയുടെ 14-ാമത്തെ പിതാമഹന്.
മാതാപിതാക്കള്‍ മുഹമ്മദ് ശിബ്ലിയെന്ന് നാമകരണം ചെയ്തു. സ്നേഹപൂര്‍വം ഒരു ഗുരുനാഥന് നുഅ്മാനിയെന്ന് അഭിസംബോധന ചെയ്തു. അങ്ങനെ കാലക്രമത്തില്‍ 'മുഹമ്മദ് ശിബ്ലി നുഅ്മാനി' എന്ന് അറിയപ്പെട്ടു. തുര്‍ക്കിസ്താനിലെ ശിബീല പട്ടണത്തില്‍ ശിബിലിയെന്ന സൂഫിവര്യന്റെ പേരിലെ ശിബ്ലിയാണ് മാതാപിതാക്കള്‍ തന്റെ മകന്റെ നാമത്തിന് രണ്ടാം ഭാഗമായി നല്‍കിയത്.
മതഭക്തരായിരുന്ന പിതാക്കള്‍ കുട്ടിയെ ഇസ്ലാമിക പഠനത്തിനായി അയച്ചു. ബുദ്ധിയും സാമര്‍ഥ്യവും മനസ്സിലാക്കിയ അധ്യാപകര്‍ വേണ്ട ശിക്ഷണം നല്കി. ഗുരുകുല പൗരാണിക മദ്റസാ പഠനവും ചെറുപ്പത്തില്‍ തന്നെ നല്ല രീതിയില്‍ ശിബ്ലിക്കു ലഭിച്ചു. അക്കാലത്തെ തന്റെ നാട്ടിലെ പ്രഗത്ഭരായ പല പണ്ഡിതരും ഗുരുനാഥന്മാരായി അറിയപ്പെടുന്നു. കുട്ടിക്കാലത്ത് അഅ്സംഗഡിലെ മദ്റസ അറബിയ്യ, മദ്റസ ഇസ്ലാമിയ്യ തുടങ്ങിയ സ്ഥാപനങ്ങളിലെ പഠനശേഷം ഉന്നത വിദ്യാ ഭ്യാസത്തിന് ദയൂബന്ദിലും ലാഹോറിലും പോയി.
കര്‍മരംഗത്തിറങ്ങിയപ്പോള്‍ 1881 മുതല്‍ 1897വരെ സര് സയ്യിദിനോടൊത്ത് അലിഗര്‍ കോളെജിന്റെ പുരോഗതിക്കായി മുഴുസമയ ത്യാഗം വരിച്ചു. താന്‍ സ്വപ്നം കാണുന്ന ഒരു പ്രസ്ഥാനമായി അലീഗര്‍ ഓറിയന്റല്‍ കോളെജിന് മാറാന്‍ കഴിയുകയില്ലെന്ന് മനസ്സിലാക്കിയ ശിബ്ലി സര് സയ്യിദിനോട് വിയോജിക്കുകയും, ശിഷ്ടജീവിതവും സേവനവും ലക്നോ നദ്വത്തുല് ഉലമക്കായി സമര്‍പിക്കുകയും ചെയ്തു. അങ്ങനെയാണ് മത-ഭൗതിക വിജ്ഞാനങ്ങളെ കൂട്ടിയിണക്കി മുന്നേറുന്ന ദാറുല്‍ ഉലൂം നദ്വത്തുല് ഉലമ(ലക്നോ) പൂര്‍ണരൂപം പ്രാപിക്കുന്നത്. നദ്വയില്‍ ഇംഗ്ലീഷ് പഠനത്തെ എതിര്‍ത്ത സുഹൃത്തുക്കളെ ക്രമേണ തന്റെ ചിന്താധാരിലേക്ക് കൊണ്ടുവരാന്‍ അല്ലാമാ ശിബ്ലിക്ക് കഴിഞ്ഞു.
ഹൈദരാബാദിലും ലഖ്നൗവിലും
1898-ല്‍ സര് സയ്യിദ് അഹമ്മദിന്റെ മരണശേഷം അദ്ദേഹം അലിഗഡ് സര്‍വകലാശാല വിട്ട് ഹൈദരാബാദ് സ്റ്റേറ്റിലെ വിദ്യാഭ്യാസ വകുപ്പില്‍ ഉപദേശകനായി. ഹൈദരാബാദ് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിരവധി പരിഷ്കാരങ്ങള്‍ അദ്ദേഹം ആരംഭിച്ചു. അദ്ദേഹത്തിന്റെ നയത്തിന്റെ ഭാഗമായി ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാല ഉറുദു വിദ്യാഭ്യാസ മാധ്യമമായി സ്വീകരിച്ചു. അതിനുമുമ്പ്, ഇന്ത്യയിലെ മറ്റൊരു സര്‍വകലാശാലയും ഉപരിപഠനത്തില്‍ ഒരു പ്രാദേശിക ഭാഷയും പഠനമാധ്യമമായി സ്വീകരിച്ചിരുന്നില്ല. 1905-ല്‍ അദ്ദേഹം ഹൈദരാബാദ് വിട്ട് ലഖ്നൗവിലേക്ക് പോയി, നദ്വത്തുല് ഉലൂമിന്റെ മദ്രസയായ ദാറുല്‍ ഉലൂം നദ്വത്തുല് ഉലമയുടെ പ്രിന്‍സിപ്പലും ചാലകശക്തിയുമായി. സ്കൂളിന്റെ അധ്യാപനത്തിലും പാഠ്യപദ്ധതിയിലും അദ്ദേഹം പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. അഞ്ച് വര്‍ഷത്തോളം സ്കൂളില്‍ താമസിച്ചു, എന്നാല്‍ യാഥാസ്ഥിതിക പണ്ഡിതന്മാര് അദ്ദേഹത്തോട് ശത്രുത പുലര്‍ത്തി. 1913ല്‍ ജന്മനാടായ അസംഗഢിന് ചുറ്റുമുള്ള പ്രദേശത്ത് താമസമാക്കാന്‍ അദ്ദേഹത്തിന് ലഖ്നൗ വിടേണ്ടിവന്നു.
പതിനാറ് വര്‍ഷത്തോളം അലിഗഢില്‍ പേര്‍ഷ്യന്‍, അറബിക് ഭാഷകള്‍ അദ്ദേഹം പഠിപ്പിച്ചു. അവിടെ നിന്നും തോമസ് അര്‍നോള്‍ഡിനെയും മറ്റ് ബ്രിട്ടീഷ് പണ്ഡിതന്മാരെയും കണ്ടുമുട്ടുകയും അവരില്‍ നിന്ന് ആധുനിക പാശ്ചാത്യ ആശയങ്ങളും ചിന്തകളും മനസ്സിലാക്കി. 1892-ല്‍ തോമസ് അര്‍നോള്‍ഡിനൊപ്പം സിറിയ, തുര്‍ക്കി, ഈജിപ്ത് എന്നിവയുള്‍പ്പെടെയുള്ള ഒട്ടോമന്‍ സാമ്രാജ്യത്തിലേക്കും മിഡില്‍ ഈസ്റ്റിലെ മറ്റ് സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുകയും സമൂഹങ്ങളുടെ നേരിട്ടുള്ളതും പ്രായോഗികവുമായ അനുഭവങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.
ഇസ്താംബൂളില്‍ വെച്ച് സുല്‍ത്താന്‍ അബ്ദുള്‍ ഹമീദ് രണ്ടാമനില്‍ നിന്ന് അദ്ദേഹത്തിന് മെഡല്‍ ലഭിച്ചു. കെയ്റോയില്‍ വെച്ച് അദ്ദേഹം പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ മുഹമ്മദ് അബ്ദുവിനെ (1849-1905) കണ്ടുമുട്ടി.
വിലപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. മുസ്ലിം നായകന്മാരുടെ നിരവധി ജീവചരിത്രങ്ങള്‍, സീറത്തുന്നബി(ആദ്യഭാഗം), അല്‍ഫാറൂഖ്, അല്മഅ്മൂന്, സീറത്തുന്നുഅ്മാന്, അല്‍ഗസ്സാലി, ഇല്‍മുല്‍കലാം, അല്‍കലാം മുസല്‍മാനോന്‍ കി ഗുസ്താ തഅ്ലീം തുടങ്ങിയവ അതില്‍ ചിലതാണ്. അലക്സാന്‍ഡ്രിയ ലൈബ്രറി കത്തിച്ചുകളഞ്ഞത് അമീറുല്‍ മുഅ്മിനീന്‍ ഉമര്‍(റ) ആണെന്നും മുസ്ലിംകള് വിജ്ഞാനത്തിന്റെ ശത്രുക്കളാണന്നും വ്യാജപ്രചാരണം നടത്തിയ ജൂത-ക്രൈസ്തവ ലോബിയെയും അതേറ്റുപിടിച്ച ഓറിയന്റലിസ്റ്റുകളെയും അല്ലാമാ ശിബ്ലി(റ) തന്റെ അല്ഫാറൂഖിലൂടെ കശക്കിയെറിയുന്നുണ്ട്. ഗവേഷണാത്മകമാണ് അദ്ദേഹത്തിന്റെ മുഴുവന്‍ കൃതികളും. സയ്യിദ് സുലൈമാന്‍ നദ്വിയുടെ 'ഹയാത്തെ ശിബ്ലി'എന്ന അമൂല്യകൃതി ഈ മഹാന്റെ ജീവിതയാത്രയും കര്‍മ പഥവും സരളമായി വ്യക്തമാക്കിത്തരുന്നു.
ഹിജ്റ 1332 ദുല്‍ഹിജ്ജ 28ന് (1914 നവംബര്‍ 18) ഈ കര്‍മയോഗി ലോകത്തോട് വിടപറഞ്ഞു.
പാകിസ്താന് പോസ്റ്റല്‍ സര്‍വീസസ് 1992ല്‍ 'പയനിയേഴ്സ് ഓഫ് ഫ്രീഡം' പരമ്പരയില്‍ നുഅ്മാനിയുടെ സ്മരണാര്‍ഥം തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്..
പ്രധാന ഗ്രന്ഥങ്ങള്‍:
· സീറത്തുന്നബി
· സീറത്തുന്നുഅ്മാന്
· അല്‍ ഫാറൂഖ്
· അല്‍ മഅ്മൂന്‍
· അല്‍ ഗസ്സാലി
· ഇമാം ഇബ്നു തൈമിയ്യ
· മൗലാനാ റൂമി
· ഔറംഗസീബ്
· സഫര്‍നാമ എ റോമിയോ മിസ്ര് ഓ ഷാം
https://www.rekhta.org/authors/shibli-nomani/profile
https://contendingmodernities.nd.edu/field-notes/shibli-nomani-education/
അല്ലാമാ ശിബ്ലി നുഅ്മാനി: എം.എം.നദ്വി, അത്തൗഹീദ് മാര്‍ച്ച് 2010