വിശ്വാസം എന്ന ആശയത്തിന് അറബിയില്‍ പ്രയോഗിക്കുന്ന പദമാണ് ഈമാന്‍. എന്നാല്‍ 'വിശ്വസ്തത' യില്‍ നിന്ന് ഉത്ഭൂതമാകുന്നതും മനുഷ്യര്‍ പരസ്പരം വിശ്വാസത്തിലെടുക്കുന്നതുമായ സംഗതികളല്ല ഈമാന്‍ എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്.
അറിവുകള്‍ ആര്‍ജിക്കാന്‍ മനുഷ്യന് അല്ലാഹു നല്‍കിയ മാര്‍ഗങ്ങളാണ് പഞ്ചേന്ദ്രിയങ്ങള്‍. കണ്ടും കേട്ടും മണത്തും രുചിച്ചും സ്പര്‍ശിച്ചും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യനുണ്ട്. ഈ കഴിവ് തിര്യക്കുകള്‍ക്കുമുണ്ട്. ഓരോന്നും വ്യത്യസ്ത അളവിലും തോതിലുമാണ് എന്നുമാത്രം. പഞ്ചേന്ദ്രിയങ്ങള്‍ മൂലം ലഭിക്കുന്ന അറിവുകള്‍ക്ക് പുറമെ തന്‍റെ സവിശേഷ ബുദ്ധിയും ചിന്താ ശേഷിയും ഉപയോഗിച്ച് മനനം ചെയ്തെടുക്കുന്ന നിഗമനങ്ങളും കണ്ടെത്തലുകളും മനുഷ്യന്‍റെ മാത്രം കഴിവുകളില്‍പെട്ടതാണ്. ഇങ്ങനെ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചുകൊണ്ടോ ചിന്താശേഷികൊണ്ടോ കണ്ടെത്താവുന്ന ഒരു കാര്യത്തില്‍ 'വിശ്വസിച്ചു' എന്ന് പറയാറില്ല. തേനിന് മധുരമുണ്ട് എന്നത് വിശ്വാസം അഥവാ (ഈമാന്‍) അര്‍പ്പിക്കേണ്ട ഒരു കാര്യമല്ല. മക്ക കാണാത്ത ഒരാള്‍, താന്‍ മക്കയുണ്ടെന്ന് വിശ്വസിക്കുന്നു എന്ന് പറയാറില്ല.
മനുഷ്യന്‍റെ കഴിവുകള്‍ കൊണ്ട് കണ്ടെത്താന്‍ കഴിയാത്ത അഭൗതികമായ വിഷയങ്ങളിലാണ് വിശ്വാസം വേണ്ടി വരുന്നത്. ഈ അര്‍ഥത്തിലാണ് പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിലും ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളിലും വിശ്വസിക്കുന്നത്. മരണാനന്തര ജീവിതത്തില്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല. അത് മനുഷ്യന്‍റെ അറിവിന്‍റെ പരിധിയില്‍ പെട്ടതല്ല. അത്തരം കാര്യങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്നതിനാണ് ഈമാന്‍ എന്നു പറയുന്നത്. എല്ലാ മതങ്ങളിലും വിശ്വാസ കാര്യങ്ങളുണ്ട്. ഇസ്‌ലാം മതത്തിന്‍റെ അടിത്തറ തന്നെ വിശ്വാസമാണ്. അല്ലാഹു, പരലോകം, മലക്കുകള്‍, സ്വര്‍ഗനരകങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ വിശ്വസിക്കേണ്ടതുണ്ട്. ഈ വിശ്വാസങ്ങള്‍ക്കാധാരം ദൈവദൂതന്മാര്‍ മുഖേനയുള്ള ദിവ്യ സന്ദേശങ്ങളാണ്. അതാണ് വഹ്‌യ് എന്നറിയപ്പെടുന്നത്. ഇത്തരം കാര്യങ്ങളില്‍ ഈമാന്‍ (വിശ്വാസം) ഉള്ളയാള്‍ മുഅ്മിന്‍ (വിശ്വാസി) എന്ന് അറിയപ്പെടുന്നു.
ദൈവദൂതന്മാര്‍ മുഖേന ലഭിക്കുന്ന ദൈവിക പ്രമാണങ്ങളിലുള്ളതല്ലാത്ത കാര്യങ്ങള്‍ കേട്ടുകേള്‍വിയുടെയോ മറ്റോ അടിസ്ഥാനത്തില്‍ പിന്‍പറ്റുന്നതിനെയാണ് അന്ധവിശ്വാസമെന്ന് പറയുന്നത്. ഈമാന്‍ നാവുകൊണ്ട് ഉരുവിടാനുള്ളതല്ല. കൃത്യമായ അറിവിന്‍റെ അടിസ്ഥാനത്തില്‍ മനസ്സില്‍ നിന്നുണ്ടാവേണ്ട ബോധ്യമാണത്. കാണാത്തതും ഭൗതികമായി വിശദീകരിക്കാന്‍ കഴിയാത്തതുമാണെങ്കിലും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളുടെയും ദൈവിക പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതും മനസ്സിന് ശാന്തത നല്കുന്നതുമായി മാറുമ്പോഴാണ് ഈമാന്‍ അര്‍ഥപൂര്‍ണമാകുന്നത്.