Skip to main content

മുഹമ്മദുര്‍റസൂലുല്ലാഹ്

ഇസ്‌ലാമിന്റെ സാക്ഷ്യവചനങ്ങളുടെ രണ്ടാം പാതിയാണിത്. മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണ് എന്നാണ് ഈ വാക്യത്തിന്റെ ആശയം. അല്ലാഹുവിനെ ഏക ആരാധ്യനായി അംഗീകരിക്കുക എന്ന തൗഹീദ് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ വിശ്വാസമാണ് റസൂലിലുള്ള വിശ്വാസം. വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അല്ലാഹു ആയിരക്കണക്കായ നബിമാരെ(പ്രവാചകന്‍) അയച്ചിട്ടുണ്ട്. അതില്‍ ഓരോരുത്തരെയും അല്ലാഹുവിന്റെ സന്ദേശവാഹകന്‍മാരായി വിശ്വസിക്കുകയും അവര്‍ നല്കുന്ന ദൈവിക ബോധനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നത് അതാതുകാലത്തെ മനുഷ്യര്‍ യഥാര്‍ഥ സത്യവിശ്വാസികളാകാന്‍ നിര്‍ബന്ധമാണ്. ഇതാണ് നുബുവ്വത്ത്, രിസാലത്ത് എന്നെല്ലാം പറയുന്നത്. നൂഹ് നബി(അ) മുതല്‍ ഈസാ(അ) വരെയുള്ള എല്ലാ റസൂലുമാരും ഇങ്ങനെ അംഗീകരിക്കപ്പെടേണ്ടവരാണ്. മുഹമ്മദ് നബി(സ്വ)യുടെ അനുയായികളായ മുസ്‌ലിംകള്‍ ഇവരെയെല്ലാം ദൈവദൂതന്മാരായി വിശ്വസിക്കുന്നുണ്ട്. മാത്രമല്ല ഇവരില്‍ വിശ്വസിക്കാത്തവര്‍ക്ക് മുസ്‌ലിംകളാകാന്‍ സാധിക്കില്ല എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ''തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല (എന്നതാണ് അവരുടെ നിലപാട്). ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം എന്ന് അവര്‍ പറയുകയും ചെയ്തു'' (2:285). 


    
മുഹമ്മദ് നബി(സ്വ) മനുഷ്യകുലത്തിലേക്കുള്ള അവസാന ദൈവദൂതനാണ്. ''നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല'' (34:28). ''മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'' (33:40).

മുഹമ്മദ് നബി(സ്വ) നിയോഗിക്കപ്പെട്ടശേഷമുള്ള മുഴുവന്‍ മനുഷ്യരും അദ്ദേഹത്തെ ഇങ്ങനെ റസൂലായി അംഗീകരിക്കുമ്പോഴാണ് സത്യവിശ്വാസിയാവുക. അഥവാ മൂസാ നബി(അ) വന്നപ്പോള്‍ അദ്ദേഹത്തെ വിശ്വസിച്ചവര്‍ മുസ്‌ലിംകളായി. പിന്നീട് അദ്ദേഹത്തിന്റെ കാലശേഷം ഈസാ(അ) ആഗതനായപ്പോള്‍ അദ്ദേഹത്തെയും വിശ്വസിച്ചവര്‍ മുസ്‌ലിംകളാണ്. എന്നാല്‍ ഈസാ നബിയെ അംഗീകരിക്കാത്തവരായ മൂസാ നബിയുടെ അനുയായികള്‍ എന്നു പറഞ്ഞവര്‍, യഹൂദികള്‍, മുസ്‌ലിംകളല്ലാതായി. ഇനി മുഹമ്മദ് നബി(സ്വ) വന്നപ്പോള്‍ (എ ഡി 610) മുതല്‍ അദ്ദേഹത്തില്‍ വിശ്വസിക്കാതെ മൂസാ നബി(അ)യിലോ ഈസാ നബി(അ)യിലോ മാത്രം വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നവരും  (ജൂതരും ക്രിസ്ത്യാനികളും) ഇവര്‍ക്കുമുമ്പുള്ള എല്ലാ നബിമാരെയുമോ അവരില്‍ ചിലരെയോ മാത്രം വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നവരുമെല്ലാം സത്യവിശ്വാസികള്‍ ആവുകയില്ല.

     
ഒരാള്‍ ശരിയായ ഏകദൈവ ആരാധന നിര്‍വഹിക്കുകയും സത്കര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്താലും മുഹമ്മദ് നബിയെ അവസാനദൂതനായി അംഗീകരിച്ചിട്ടില്ലെങ്കില്‍ അയാള്‍ മുസ്‌ലിമായിട്ടില്ല. 

മുഹമ്മദ് നബി(സ്വ) ഒരുകാര്യം നമുക്ക് നിര്‍ദേശിച്ചുതന്നാല്‍ അതാണ് ഏറ്റവും ഉത്തമം എന്ന് മനസ്സിലാക്കുകയും അത് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ശഹാദത്. അതില്‍ മടികാണിച്ച് നില്‍ക്കാനോ സംശയിക്കാനോ ഭൗതികമായി താന്‍ കണ്ടെത്തിയത് അതിലേറെ നല്ലതാണ് എന്ന് വിശ്വസിക്കാനോ വിചാരിക്കാന്‍ പോലുമോ റസൂലിനെ സാക്ഷ്യപ്പെടുത്തുന്നവന് പാടില്ല. ''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു'' 33:36)

ചുരുക്കിപ്പറഞ്ഞാല്‍ അല്ലാഹുവിന്റെ ഏകത്വവും (തൗഹീദ്) മുഹമ്മദ് നബി(സ്വ)യുടെ അന്ത്യപ്രവാചകത്വവും (രിസാലത്ത്) അംഗീകരിച്ച് ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുക എന്നതാണ് സാക്ഷ്യവചനങ്ങളുടെ (ശഹാദത്ത്) പൊരുള്‍.
 

Feedback