ഒരു മുസ്‌ലിം അല്ലാഹുവിന് സമര്‍പിക്കുന്ന പുണ്യകര്‍മങ്ങളില്‍ ഒട്ടേറെ സവിശേഷതകളും സദ്ഫലങ്ങളും സമ്മേളിച്ചൊരു ആരാധനയാണ് നമസ്‌കാരം. അത് മനുഷ്യജീവിതത്തിന് ശിക്ഷണവും ദിശാബോധവും ഉണ്ടാക്കുന്നു: അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വബോധം. നമസ്‌കാരത്തിന്നായി വസ്ത്രവും ദേഹവും സ്ഥലവുമെല്ലാം മാലിന്യങ്ങളില്‍ നിന്ന് ശുദ്ധീകരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചു. നമസ്‌കരിക്കുന്നതിനു മുമ്പ് (കുളി നിര്‍ബന്ധമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍) കുളിച്ചോ ഇല്ലെങ്കില്‍ അംഗസ്‌നാനം ചെയ്‌തോ വൃത്തിയായിരിക്കണമെന്നും അനുശാസിച്ചു. ഇത് ദിനേന പല തവണ ആവര്‍ത്തിക്കപ്പെടുമ്പോള്‍ നമസ്‌കരിക്കുന്നവരില്‍ ശുചിത്വബോധം രൂഢ മൂലമാകുമെന്നത് സുവിദിതമാണ്. ശുചിത്വം പാലിക്കുന്നതില്‍ മുസ്‌ലിംകള്‍ കാണിച്ച അതീവ താത്പര്യത്തെ പ്രശംസിച്ചുകൊണ്ട് ഖുര്‍ആന്‍ ഇപ്രകാരം പറഞ്ഞു: ''ശുദ്ധി പാലിക്കാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍ (ഖുബാ). അല്ലാഹു ശുചിത്വം പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (9:108).
നമസ്‌കാരത്തിന് വേണ്ടി വസ്ത്രങ്ങള്‍ ധരിക്കാനും മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന ദുര്‍ഗന്ധങ്ങള്‍ അകറ്റാനും ഇസ്‌ലാം അനുശാസിച്ചു. വെള്ളിയാഴ്ചയിലെ സമൂഹ പ്രാര്‍ഥനയ്ക്കായി സ്‌നാനം ചെയ്യുന്നത് പുണ്യകര്‍മമാണെന്ന് നബി(സ്വ) ഉപദേശിക്കുകകൂടി ചെയ്തു. കുളിച്ചു നല്ല വസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധങ്ങള്‍ പൂശിക്കൊണ്ടാണ് പൂര്‍വിക മുസ്‌ലിംകള്‍ വെള്ളിയാഴ്ച പള്ളിയില്‍ പോയിരുന്നത്. ഇതിനെക്കുറിച്ച് ഹസന്‍(റ)നോട് ഒരാള്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ''അല്ലാഹു സുന്ദരനാണ്. അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. അതിനാല്‍ ഞാനും എന്റെ നാഥന് വേണ്ടി ഭംഗിയാവുന്നത് ഇഷ്ടപ്പെടുന്നു'' (അല്‍ ഇബാദതു ഫില്‍ ഇസ്‌ലാം, ഡോ. യുസുഫുല്‍ ഖര്‍ദാവി, പേ. 218).
അര്‍ധനഗ്നരോ പൂര്‍ണമായും വസ്ത്രം ഉപേക്ഷിച്ചവരോ ആയിക്കൊണ്ടുള്ള ആരാധനയാണ് ഭക്തിക്ക് ഇണങ്ങുന്നതെന്നും വസ്ത്രം അണിയുന്നത് ദൈവ സാമീപ്യത്തിന് തടസ്സമുണ്ടാക്കുമെന്നുമുള്ള ജാഹിലിയ്യാ സങ്കല്പത്തെ തിരുത്തിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു: ''ആദം സന്തതികളേ, എല്ലാ ആരാധനാ വേളയിലും നിങ്ങള്‍ക്കു അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുക'' (7:31).
നമസ്‌കാരം, മുസ്‌ലിംകളില്‍ വളര്‍ത്തിയെടുത്ത ശുചിത്വബോധം പള്ളികളിലും പാതയോരങ്ങളിലും സ്‌നാനഗൃഹങ്ങള്‍ പടുത്തുയര്‍ത്താനും അതിന്നായി ധനം വഖ്‌ഫ് ചെയ്യാന്‍ വരെയും പ്രേരകമായിത്തീര്‍ന്നു. എന്നാല്‍ സന്ന്യാസ പ്രസ്ഥാനങ്ങള്‍ സ്വയം വൃത്തിയായില്ലെന്നു മാത്രമല്ല, മറ്റുള്ളവര്‍ വൃത്തിയാകുന്നതും അവര്‍ തടയുകയുണ്ടായി. സ്പാനിഷ് മുസ്‌ലിംകളെ സംസ്‌കരിക്കുന്നത് സംബന്ധമായി ചേര്‍ന്ന (ക്രി.1566) യോഗ തീരുമാനങ്ങളില്‍ പ്രധാനമായവ മുസ്‌ലിംകളെ കുളിക്കാന്‍ അനുവദിക്കരുതെന്നും അവരുടെ സ്‌നാനഗൃഹങ്ങള്‍ പൊളിച്ചു മാറ്റേണ്ടതാണെന്നും ആയിരുന്നു. ഇക്കാര്യം ജെ. മോര്‍ഗന്‍ വിവരിക്കുന്നുണ്ട് (ഇസ്‌ലാം പ്രബോധനവും പ്രചാരവും, സര്‍ തോമസ് ആര്‍നോള്‍ഡ്).
ആധുനിക കാലത്ത് ശുചിത്വവും വസ്ത്രാലങ്കാരവും നാഗരികതയുടെയും സംസ്‌കാരത്തിന്റെയും നിദര്‍ശനമായി അംഗീകരിക്കപ്പെട്ടു. ഇപ്പോഴും അത് തുടര്‍ന്ന് വരുന്നു. എന്നാല്‍ അതിനു പുറമെ നമസ്‌കാരത്തിന്റെ നിബന്ധനയായും ഭക്തിയുടെ ഘടകമായും അവയെ നിശ്ചയിച്ചുവെന്നത് ഇസ്‌ലാമിന്റെ സവിശേഷതയത്രെ.