Skip to main content

ജുമുഅയുടെ ബാങ്ക്

ദുഹ്‌റിന്റെ സമയത്താണ് ജുമുഅ നിര്‍വഹിക്കേണ്ടത്. ദുഹ്ര്‍ ബാങ്ക് വിളിക്കേണ്ട സമയമായാല്‍ ഇമാം മിമ്പറില്‍ കയറണം. പ്രസംഗം നടത്താന്‍ ഒരു ഉയര്‍ന്ന സ്ഥലം വേണം. അതാണ് മിമ്പര്‍. മരംകൊണ്ട് നിര്‍മിച്ചതോ, മണ്ണുകൊണ്ട് പടുത്തുയര്‍ത്തിയതോ ആകാം. ഒന്നുമില്ലെങ്കിലും വിരോധമില്ല. നബി(സ്വ)ക്ക് മിമ്പറുണ്ടായിരുന്നു. ജനങ്ങളെ അഭിമുഖീകരിച്ച് നില്ക്കാനും ശ്രോതാക്കള്‍ക്ക് ഖത്വീബിനെ കാണുവാനുമുള്ള സൗകര്യത്തിന്നാണത്.

ഇമാം മിമ്പറില്‍ കയറിയാല്‍ സദസ്സിനെ അഭിമുഖീകരിച്ചു നിന്ന് സലാം പറയണം. സലാം പറഞ്ഞതിനു ശേഷം ഇമാം മിമ്പറില്‍ ഇരിക്കണം. ഈ സമയത്ത് ബാങ്ക് വിളിക്കണം. ബാങ്ക് വിളി കഴിഞ്ഞാല്‍ ഇമാം എഴുന്നേറ്റുനിന്ന് സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് രണ്ട് പ്രസംഗം നടത്തണം. ഇതാണ് പ്രവാചകന്റെ സുന്നത്ത്.

ഇപ്രകാരമുള്ള ബാങ്ക് വിളിയായിരുന്നു പ്രവാചകന്റെ കാലത്തുണ്ടായിരുന്നത്. പില്ക്കാലത്ത് ജനങ്ങള്‍ വര്‍ധിച്ച പ്പോള്‍ ജുമുഅയുടെ സമയം ആസന്നമായി എന്ന് അറിയിക്കുന്നതിന് ശരിയായ ബാങ്കിന്റെ സമയത്തിനു മുമ്പ് മദീനയിലെ 'സൗറാഅ്' എന്ന സ്ഥലത്തുനിന്ന് ജനങ്ങളെ വിളിക്കുന്ന സമ്പ്രദായമുണ്ടായി. അത് ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)ന്റെ കാലത്തുണ്ടായതാണെന്നും മുആവിയയുടെ കാലത്തുണ്ടായതാണെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. ഏതായിരുന്നാലും ആ കാലഘട്ടം മുതല്‍ രണ്ടു ബാങ്ക് വിളിക്കുന്ന സമ്പ്രദായം പലയിടത്തും നിലനിന്നുവരുന്നു.

ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ജനങ്ങളെല്ലാം പള്ളിയില്‍ വന്നെത്തിയതിനുശേഷം ശരിയായ ദ്വുഹ്‌റിന്റെ സമയത്ത് ബാങ്ക് വിളിക്കുകയും അല്പസമയത്തിനുശേഷം ഇമാം മിമ്പറില്‍ കയറിയിട്ട് വേറെ ബാങ്ക് വിളിക്കുകയും ചെയ്യുന്നു. ഇതൊട്ടും ശരിയായ രീതിയല്ല. ഇത്തരത്തില്‍ ഒരു ആദ്യ ബാങ്കിന് ഇന്ന് ആവശ്യമില്ല. ഇത്തരം ഒരു ബാങ്ക് നടപ്പിലാക്കിയ കാലത്തു തന്നെ അത് പള്ളിയില്‍ നിന്നല്ല വിളിച്ചിരുന്നത്. ഈ വിഷയത്തില്‍ നബിചര്യയിലേക്ക് മടങ്ങണം.

ഇമാം ശാഫിഈ അദ്ദേഹത്തിന്റെ 'കിതാബുല്‍ ഉമ്മി'ല്‍ പ്രസ്താവിച്ചത് ശ്രദ്ധേയമാണ്: ''ഇമാം പള്ളിയില്‍ പ്രവേശിച്ച് ഖുതുബ നടത്തുന്നതിനു മരം കൊണ്ടുണ്ടാക്കിയ വസ്തു, ഈത്തപ്പനത്തടി, മിമ്പര്‍, ഉയര്‍ന്ന സ്ഥലം, അല്ലെങ്കില്‍ നിലം എന്നിങ്ങനെയുള്ള സ്ഥലത്ത് ഇരുന്നാല്‍ മുഅദ്ദിന്‍ ബാങ്ക്‌വിളി തുടങ്ങണം. അതാണെനിക്ക് ഇഷ്ടം. അത് അവസാനിച്ചാല്‍ അദ്ദേഹം എഴുന്നേറ്റു നിന്ന് പ്രസംഗിക്കണം. ഇതില്‍ കൂടുതലൊന്നും ചെയ്യരുത്.''

സാഇബുബ്‌നു യസീദില്‍ നിന്ന് ഇമാം ശാഫിഈ നിവേദനം ചെയ്യുന്നു: ''ജുമുഅയുടെ ബാങ്ക് ആദ്യകാലത്ത് ഇമാം മിമ്പറിലിരിക്കുമ്പോഴായിരുന്നു; പ്രവാചകന്റെയും അബൂബക്ര്‍ സ്വിദ്ദീഖിന്റെയും ഉമറി(റ)ന്റെയും കാല ഘട്ടങ്ങളില്‍. ഉസ്മാനി(റ)ന്റെ കാലഘട്ടമായപ്പോഴേക്കും ജനങ്ങള്‍ വര്‍ധിച്ചു. അപ്പോള്‍ അദ്ദേഹം രണ്ടാമതൊരു ബാങ്കുകൂടി വിളിക്കാന്‍ കല്പിച്ചു. പ്രശ്‌നം അങ്ങനെ സ്ഥിരപ്പെട്ടു.''

ഇമാം ശാഫിഈ വീണ്ടും പറയുന്നു: ''ഉസ്മാന്‍(റ) ഈ പുതിയ നടപടി ഉണ്ടാക്കിയെന്നതിനെ അത്വാഅ് നിഷേധിക്കുന്നു. മുആവിയയാണ് ഇതുണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു. വാസ്തവം അല്ലാഹുവിന്നറിയാം. അത് തുടങ്ങിയത് ആരാവട്ടെ; പ്രവാചകന്റെ കാലത്തെ നടപടിയാണ് ഞാനിഷ്ടപ്പെടുന്നത്'' (കിതാബുല്‍ ഉമ്മ് 1:195).

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446