ജുമുഅ ദിവസം ഇമാം മിമ്പറില്‍ കയറുന്നതിനു മുമ്പ് ഒരാള്‍ വാളെടുത്ത് സദസ്സിനെ അഭിമുഖീകരിച്ച് സ്വാഗതഭാഷണം പോലെ ഒരു ചെറിയ പ്രസ്താവന നടത്തുകയും അത് കഴിഞ്ഞ് ഖത്വീബ് രംഗത്തുവരികയും അയാളില്‍ നിന്ന് വാളു വാങ്ങി മിമ്പറില്‍ കയറുകയും ചെയ്യുന്ന ഒരു വിചിത്ര സമ്പ്രദായം ചിലയിടങ്ങളില്‍ കാണപ്പെടുന്നുണ്ട്. ഒരു അടിസ്ഥാനവുമില്ലാത്ത നൂതനാചാരമാണിത്. നബി(സ്വ) അവിടുത്തെ വീട്ടില്‍നിന്ന് പള്ളിയിലെത്തി നേരെ മിമ്പറില്‍ കയറുകയായിരുന്നു പതിവ്. സലാം പറഞ്ഞ് മിമ്പറില്‍ ഇരുന്നാല്‍ ബിലാല്‍(റ) ബാങ്ക് വിളിക്കുമായിരുന്നു.
'മആശിര്‍ വിളി' എന്ന പേരിലറിയപ്പെടുന്ന ഈ സമ്പ്രദായം ബിദ്അത്താണ്. ഇങ്ങനെയുള്ള ഒരു 'മആശിര്‍' വിളിയെ സംബന്ധിച്ച് കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധേയമാണ്.
''ഖത്വീബിന്റെ മുമ്പില്‍ ഒരു പ്രസ്താവന നടത്തുന്ന സമ്പ്രദായം ജനങ്ങള്‍ പുതുതായി തുടങ്ങിയിട്ടുണ്ട്. 'അല്ലാഹു അവന്റെ പ്രവാചകന് കരുണ ചെയ്യുന്നു. മലക്കുകള്‍ കരുണക്ക് പ്രാര്‍ഥിക്കുന്നു. വിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന് കാരുണ്യം ലഭിക്കാന്‍ പ്രാര്‍ഥിക്കുവിന്‍' എന്ന ആയത്ത് (33: 56) ഓതി ഈണത്തില്‍ ദീര്‍ഘമായി എന്തൊക്കെയോ പറയുന്നു. ഇതെല്ലാം പുത്തനാചാരമാണ്. അതിന്റെ ആവശ്യമോ നിര്‍ബന്ധിതാവസ്ഥയോ ഇല്ല; പ്രത്യേകിച്ചും എന്താണ് താന്‍ പറയുന്നതെന്ന് ആ മുഅദ്ദിനിന് തന്നെ അറിയാത്ത സ്ഥിതിക്ക്. കാരണം സംസാരിക്കരുതെന്ന് അയാള്‍ കല്പിക്കുകയും എന്നിട്ട് അതിനുശേഷം അയാള്‍ തന്നെ സംസാരിക്കുകയും ചെയ്യുന്നു'' (അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍ അര്‍ബഅ:).