പ്രവാചകന്മാര്‍ക്ക് പ്രത്യേകം അനുവദിക്കപ്പെട്ടതാണ്. നബി(സ്വ) നിര്യാതനായപ്പോള്‍ ഖബ്‌റടക്കുന്നത് സംബന്ധിച്ചു വിവിധ അഭിപ്രായങ്ങളുണ്ടായി. അപ്പോൾ അബൂബക്ര്‍ പറഞ്ഞു. നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടു: ''തന്നെ മറവു ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥലത്ത്‌വെച്ചല്ലാതെ ഒരു നബിയുടെയും ആത്മാവിനെ അല്ലാഹു പിടിക്കുകയില്ല.'' അങ്ങനെ നബി(സ്വ) കിടന്നിരുന്ന മുറിയില്‍തന്നെ ഖബ്‌റടക്കി (തുര്‍മുദി).
ഖബ്‌റിന്റെ രൂപം
ഖബ്ര്‍ ആവശ്യാനുസരണം വിശാലതയുള്ളതായിരിക്കണം. മയ്യിത്തിന്റെ നീളവും വീതിയുമാണ് ഇതില്‍ പരിഗണിക്കേണ്ടത്. നബി(സ്വ) ഖബ്ര്‍ കുഴിക്കുന്നവനോട് പറഞ്ഞു: ''തലയുടെയും കാലിന്റെയും ഭാഗം വിശാലമാക്കുക'' (അബൂദാവൂദ്).
ഉഹ്ദ് യുദ്ധാവസരത്തില്‍ നബി(സ്വ) ഉപദേശിച്ചു: ''ആഴത്തില്‍ ഭംഗിയായി കുഴിക്കുക'' (തിര്‍മിദി). ഒരാളുടെ പകുതി ആഴം വേണമെന്ന് അബൂഹനീഫയും അഹ്മദും അഭിപ്രായപ്പെടുന്നു. ശാഫിഈയുടെ അഭിപ്രായം ഒരാളുടെ ആഴമുണ്ടാവണമെന്നാണ്. എന്നാല്‍ പ്രവാചകന്‍(സ്വ) കൃത്യമായ ഒരാഴം നിര്‍ദേശിച്ചിട്ടില്ല. ഹിംസ്രജന്തുക്കളില്‍ നിന്നും പക്ഷികളില്‍ നിന്നും മൃതദേഹം സംരക്ഷിക്കുകയും ദുര്‍ഗന്ധം വമിക്കാതിരിക്കുകയുമാണല്ലോ മണ്ണില്‍ മറവുചെയ്യുന്നതിന്റെ ലക്ഷ്യം. ഇത് സാധ്യമാവുന്ന രൂപത്തിൽ ഖബ്ര്‍ വെട്ടേണ്ടതാണ്. അപ്പോള്‍ ഭൂപ്രദേശമനുസരിച്ച് ഖബ്ര്‍ രൂപപ്പെടുത്തേണ്ടിവരും.
അമുസ്‌ലിമിന്റെ മൃതദേഹം മറവുചെയ്യല്‍
അൃതദേഹം അമുസ്‌ലിമിന്റേതായാലും മറവുചെയ്യേണ്ടതാണ്. യഅ്‌ലാ(റ) പറയുന്നു: തിരുനബി(സ്വ) ഏതെങ്കിലും ജനാസയുടെ അരികിലൂടെ പോയാല്‍ അത്മറവു ചെയ്യാന്‍ കല്പിക്കുമായിരുന്നു. അത് മുസ്‌ലിമാണോ കാഫിറാണോ എന്ന് ചോദിക്കാറില്ല (ഹാകിം). ബദ്ര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ട ശത്രുക്കളുടെ ജഡം സംസ്‌കരിക്കാന്‍ നബി(സ്വ) കല്പിച്ചുവെന്നത് സുവിദിതമാണല്ലോ.