Skip to main content

ഖബ്‌റിന്റെ സ്വഭാവം

മയ്യിത് ഖബ്‌റില്‍ ഇറക്കി വെച്ച ശേഷം ഖബ്‌റിന്റെ മുകള്‍ഭാഗം ഒരുചാണ്‍ മണ്ണിട്ടു കൂമ്പാരമാക്കുന്നതും സമതലമാക്കുന്നതും അനുവദനീയമാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ ഉത്തമമേതാണെന്നതില്‍ അഭിപ്രായ ഭിന്നതയുണ്ട്. നബി(സ്വ)യുടെ ഖബ്‌റിനെക്കുറിച്ച് ജാബിറില്‍നിന്ന് ഇബ്‌നുഹിബ്ബാനും ബൈഹഖിയും ഉദ്ധരിക്കുന്നു: ''പ്രവാചകന്റെ ഖബ്ര്‍ ഒരു ചാണോളം ഉയര്‍ത്തപ്പെട്ടിരുന്നു.''

സുഫ്‌യാനുത്തമ്മാറില്‍ നിന്ന് ബുഖാരി നിവേദനം ചെയ്യുന്നു: ''നബി(സ്വ)യുടെ ഖബ്ര്‍ കൂമ്പാരമാക്കപ്പെട്ടതായി ഞാന്‍ കണ്ടിരുന്നു.'' ഇങ്ങനെ ഉയര്‍ത്തുന്നതോടൊപ്പം മുകള്‍ഭാഗം നിരപ്പാക്കുന്നതാണുത്തമം. മറ്റു ഹദീസുകളില്‍ നിരപ്പാക്കാനുള്ള കല്പന വന്നിട്ടുണ്ട്.

നബി(സ്വ)യുടെ ഖബ്ര്‍ ആദ്യകാലത്ത് സമതലമായിരുന്നു. ഉമറുബ്‌നു അബ്ദില്‍അസീസ് മദീനയിലെ അമീറായിരുന്ന കാലത്ത് വീടിന്റെ ചുമര്‍ വീഴുകയും പുനര്‍നിര്‍മിച്ചപ്പോള്‍ ഖബ്ര്‍ കൂമ്പാരമാക്കുകയുമാണുണ്ടായതെന്നുള്ള ചരിത്രത്തെയാണ് ഇമാം ശൗകാനിയെ പോലുള്ളവര്‍ പ്രബലമാക്കിയിട്ടുള്ളത് (നൈലുല്‍ ഔത്വാര്‍ 4:130).

ഖബ്ര്‍ ഒരു ചാണിനേക്കാള്‍ ഉയര്‍ത്താവതല്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ശാഫിഈ പറയുന്നു: ''ഒരു ഖബ്‌റിന്മേല്‍ അതിലുണ്ടായിരുന്നതല്ലാത്ത മറ്റു മണ്ണിടാതിരിക്കുന്നത് നല്ലതാണ്.'' 'ഖബ്ര്‍ ഉയരാതിരിക്കാന്‍ വേണ്ടി അതിലെ മണ്ണിനേക്കാള്‍ അധികമാക്കരുത്' എന്നൊരു അധ്യായം തന്നെ ബൈഹഖിയിലുണ്ട്.

കുമ്മായമിടല്‍

ജാബിര്‍(റ) പറയുന്നു: ''ഖബ്‌റിന്മേല്‍ കുമ്മായമിടുന്നത് നബി(സ്വ) നിരോധിച്ചിരിക്കുന്നു'' (മുസ്‌ലിം).

കളിമണ്ണ് തേക്കുന്നതിനെക്കുറിച്ച് തിര്‍മിദി പറഞ്ഞു: ''ചില പണ്ഡിതന്മാര്‍ ഇതില്‍ ഇളവ് അനുവദിച്ചിരിക്കുന്നു. ഇമാം അബൂഹനീഫയും യഹ്‌യയും അത് കറാഹത്താണെന്ന് പറഞ്ഞിരിക്കുന്നു. ഖബ്‌റിടം ഉറപ്പുള്ളതും ചെളിയില്ലാത്തതുമാണെങ്കില്‍ മരംകൊണ്ടോ ഇഷ്ടികകൊണ്ടോ ഖബ്ര്‍ ഉണ്ടാക്കുന്നതും പെട്ടിയില്‍ അടക്കം ചെയ്യുന്നതും കറാഹത്താണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു (ഫിഖ്ഹുസ്സുന്ന 1:555).

മണ്ണ് ഉറച്ചുനില്ക്കാന്‍ വേണ്ടി വെള്ളമൊഴിക്കാറുണ്ട്. ചിലേടങ്ങളില്‍ ചരല്‍ വിരിക്കാറുമുണ്ട്. ഇത് സംബന്ധമായ ഒരു റിപ്പോര്‍ട്ട് ഇമാം ശാഫിഈയില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ''പ്രവാചകപുത്രന്‍ ഇബ്‌റാഹീമിന്റെ ഖബ്‌റിന്മേല്‍ വെള്ളം തളിക്കുകയും ചരലുകള്‍ നീക്കിയിടുകയും ചെയ്തു.'' നബി(സ്വ)യുടെ ഖബ്‌റിന്മേല്‍ ബിലാല്‍ വെള്ളമൊഴിച്ചതായുള്ള ഹദീസ് ബൈഹഖിയും ഉദ്ധരിച്ചിട്ടുണ്ട്. ഇത് രണ്ടിന്റെയും പരമ്പര മുര്‍സലാണെന്നും പുറമെ രണ്ടാമത്തേതില്‍ വാഖിദി എന്നൊരാളുണ്ടെന്നും ഹാഫിദ്വ് ഇബ്‌നുഹജര്‍ വ്യക്തമാക്കി (അത്തല്‍ഖീസ് 5: 277). പ്രബലമല്ലെന്നര്‍ഥം.

പേരെഴുതല്‍

ഖബ്‌റുകള്‍ തിരിച്ചറിയാന്‍ വേണ്ടി അടയാളം വെക്കാവുന്നതാണ്. അനസ് (റ) പറയുന്നു: ''നബി(സ്വ) ഒരു കല്ല് കൊണ്ട് ഉഥ്മാനുബ്‌നു മദ്ഊനിന്റെ ഖബ്‌റിന് അടയാളംവെച്ചു'' (ഇബ്‌നുമാജ). ഈ കല്ല് വെച്ചത് തലയുടെ ഭാഗത്തായിരുന്നുവെന്ന് അബൂദാവൂദിന്റെ റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്. ഇതിന്റെ പരമ്പര സ്വീകാര്യമാണെന്ന് ഹാഫിദ്വ് ഇബ്‌നുഹജര്‍ പറയുന്നു (തല്‍ഖീസ് 5:299).

ഖബ്‌റിന് മുകളില്‍ പേരോ മറ്റോ എഴുതുന്നത് നിരോധിക്കപ്പെട്ടതാണ്. ജാബിറി(റ)ല്‍നിന്ന് തിര്‍മിദി നിവേദനം ചെയ്തു: ''നബി(സ്വ) ഖബ്‌റുകളിന്മേല്‍ കുമ്മായം തേക്കുന്നതും എഴുതുന്നതും നിരോധിച്ചു.'' ഈ വിഷയകമായി വന്ന ഹദീസുകള്‍ ഉദ്ധരിച്ച ശേഷം ഹാകിം പറഞ്ഞു: ''ഈ ഹദീസുകളുടെ പരമ്പരകള്‍ സ്വീകാര്യമാണ്. പക്ഷേ പ്രവൃത്തിയിലുള്ളത് അങ്ങനെയല്ല. കിഴക്കും പടിഞ്ഞാറുമുള്ള  പണ്ഡിതന്മാരെല്ലാം ഇങ്ങനെ എഴുതിവെക്കുന്നു. ഇത് മുന്‍ഗാമികളില്‍ നിന്ന് പിന്‍ഗാമികള്‍ സ്വീകരിച്ച പാരമ്പര്യമാണ്'' (ഹാകിം 1:375).

ഇതിനെ നിരൂപണം ചെയ്തുകൊണ്ട് ഇമാം ദഹബി ഹാകിമിന്റെ ശറഹില്‍ ഇപ്രകാരം എഴുതി: ''ഹാകിം പറഞ്ഞത് ഫലപ്രദമല്ല. ഏതെങ്കിലും ഒരു സ്വഹാബി ഇങ്ങനെ ചെയ്തതായി നാം അറിയുന്നില്ല. പ്രത്യുത,  പിന്‍ഗാമികളില്‍പ്പെട്ട ചിലര്‍ ഉണ്ടാക്കിയ ഒരു പുതിയ കാര്യമാണിത്; പിന്നീട് അവര്‍ക്ക് ശേഷമുള്ളവരും. നിരോധം അവര്‍ അറിഞ്ഞിരിക്കില്ല'' (1:375).

ഖുര്‍ത്വുബി പറഞ്ഞു: ''ഖബ്‌റിന്മേല്‍ നിര്‍മിക്കുന്നതും അതിന്മേല്‍ എഴുതിയ സ്മാരകശിലകള്‍ വെക്കുന്നതും ഇമാം മാലിക് വെറുത്തു. കാരണം അത് സമൂഹത്തിലെ ശേഷിയുള്ളവര്‍ പേരിനും പ്രൗഢിക്കും വേണ്ടിയുണ്ടാക്കിയ ബിദ്അത്തുകളില്‍ പെട്ടതാണ്. അത് കറാഹത്താണെന്നതില്‍ ഭിന്നാഭിപ്രായമില്ല'' (അല്‍ബയാനു വത്തഹ്‌സ്വീല്‍ 2:221).

ഈ ഹദീസിന്റെ ആശയമനുസരിച്ച് മയ്യിത്തിന്റെ പേരും അല്ലാത്തതും തമ്മില്‍ വ്യത്യാസമില്ല. എഴുതിവെക്കുന്നത് ഖുര്‍ആനാണെങ്കില്‍ ഹറാമാവുമെന്നാണ് മാലികികളുടെ അഭിപ്രായം. സ്വാലിഹീങ്ങളുടേതാണെങ്കില്‍ എഴുതാമെന്നതിന് പ്രത്യേക തെളിവുകളൊന്നുമില്ല.

ചെടികള്‍ നടല്‍

ഖബ്‌റിന്മേല്‍ ചെടികള്‍ നടാനും പുഷ്പം വിതറാനും മുസ്‌ലിംകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. ബുഖാരി ഇബ്‌നു അബ്ബാസില്‍നിന്ന് ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: ''നബി(സ്വ) രണ്ടു ഖബ്‌റുകളുടെ അരികിലൂടെ കടന്നുപോയപ്പോള്‍ പറഞ്ഞു: അവര്‍ രണ്ടുപേരും ശിക്ഷിക്കപ്പെടുകയാണ്. എന്നാല്‍ വലിയ കാര്യത്തിലല്ല ശിക്ഷിക്കപ്പെടുന്നത്. ഒരാള്‍ മൂത്രം പൂര്‍ണമായും ശുചിയാക്കിയിരുന്നില്ല. അപരന്‍ ഏഷണി പറഞ്ഞ് നടക്കുകയായിരുന്നു. എന്നിട്ട് ഒരു പച്ച ഈത്തപ്പന പട്ട കൊണ്ടുവരാന്‍ നബി(സ്വ) കല്പിച്ചു. അത് രണ്ടായി പിളര്‍ത്തി ഓരോ ഖബ്‌റിന്മേലും നാട്ടിയ ശേഷം അവിടുന്നു പറഞ്ഞു: ''അവ ഉണങ്ങാത്തേടത്തോളം അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം.''

''ഈത്തപ്പനപ്പട്ടയിലോ ഓലയിലോ വിശേഷിച്ചൊന്നുമില്ല. ഈ ലഘൂകരണത്തിനുള്ള കാരണം നബി(സ്വ)യുടെ പ്രാര്‍ഥനയാണ്. അതിന്റെ ഒരു പരിധിയാണ് 'ഉണങ്ങാതിരിക്കുവോളം' എന്നതിന്റെ സൂചന.'' ഇപ്രകാരമാണ് ഈ ഹദീസിന് ഖത്വാബി നല്കിയ വിശദീകരണം (ഫിഖ്ഹുസ്സുന്ന 1:557).

സ്വഹാബികളുടെയും സലഫുകളുടെയും മാതൃകയും ഈ കാര്യം വ്യക്തമാക്കുന്നു. നബി(സ്വ) ഇത് രണ്ടുമല്ലാത്ത വേറെ ഖബ്‌റിന്മേല്‍ ഇപ്രകാരം ചെയ്തതോ സ്വഹാബികള്‍ക്കിടയില്‍ ഇത് പൊതു സമ്പ്രദായമായിരുന്നതായോ ഉദ്ധരിക്കപ്പെടുന്നില്ല. ഇത്തരം കാര്യങ്ങള്‍ സ്വഹാബികള്‍ക്ക് പൊതുവെ അജ്ഞാതമായിരിക്കില്ലല്ലോ. എന്നാല്‍ ബുറയ്ദ തന്റെ ഖബ്‌റില്‍ ഈത്തപ്പന മട്ടലുകള്‍ സ്ഥാപിക്കണമെന്ന് വസ്വിയ്യത്ത് ചെയ്തിരുന്നു. അതിനെക്കുറിച്ച് ഹാഫിദ്വ് ഇബ്‌നുഹജര്‍ പറയുന്നു: ''ബുറയ്ദ ഈ ഹദീസിനെ പൊതുവായ അര്‍ഥത്തില്‍ വിലയിരുത്തിയത്‌പോലെ തോന്നുന്നു. അത് ആ രണ്ടാളുകള്‍ക്ക് മാത്രം പരിമിതമാണെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. ഇബ്‌നുറശീദ് പറഞ്ഞു: ബുഖാരിയുടെ ഉദ്ധരണിയില്‍ നിന്ന് വ്യക്തമാവുന്നത് നിശ്ചയമായും ഇത് അവര്‍ രണ്ടാളുകള്‍ക്ക് മാത്രം പരിമിതമാണെന്നാണ്'' (ഫത്ഹുല്‍ബാരി 3:223).

ഖബ്‌റിന്മേല്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നത് ഇന്ന് ഒരാചാരമായിരിക്കുന്നു. ഈത്തപ്പന മട്ടലുകള്‍ നാട്ടിയ ഹദീസ് ഇതിന് തെളിവാക്കാവുന്നതല്ലെന്ന് നാം മനസ്സിലാക്കി. മാത്രമല്ല, മയ്യിത്തിന്റെ അവസ്ഥകള്‍ നബിക്ക് അറിയാന്‍ കഴിഞ്ഞത് പോലെ മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയില്ലെന്നതും ഇവിടെ ശ്രദ്ധേയമാണ്. എന്നാല്‍, ഇന്ന് ഇത് ചെയ്യുന്നതിന്റെ ഉദ്ദേശ്യം മയ്യിത്തിനോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കാനും അയാളുടെ ഖബ്ര്‍ വേറിട്ട് കാണപ്പെടാനും വേണ്ടിയാണ്. മയ്യിത്തിനോടുള്ള ആദരവിന്റെ പേരില്‍ ഖബ്ര്‍ കെട്ടിപ്പൊക്കുന്നതും പേരെഴുതുന്നതും അയാളുടെ സവിശേഷഗുണങ്ങള്‍ രേഖപ്പെടുത്തുന്നതും ഇസ്‌ലാം നിരോധിക്കുമ്പോള്‍ ഇത്തരം ബഹുമാന പ്രകടനം ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്ന് വളരെ വ്യക്തമാണ്.

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446