Skip to main content

സ്ത്രീകളുടെ ഖബ്ര്‍ സിയാറത്ത്

സ്ത്രീകളുടെ ഖബ്ര്‍ സിയാറത്ത് സംബന്ധിച്ച് ഭിന്നാഭിപ്രായമാണ് പണ്ഡിതന്മാര്‍ക്കുള്ളത്. അധികപക്ഷവും അനുവദനീയമാണെന്ന അഭിപ്രായക്കാരാണ്. കറാഹത്തില്ലെന്നാണ് പ്രബലാഭിപ്രായമെന്ന് ഇമാം നവവി പറഞ്ഞു (ശറഹുല്‍ മുഹദ്ദബ് 5:311). തദ്വിഷയകമായി വന്ന ഹദീസുകളെ അപഗ്രഥിക്കുന്നതില്‍വന്ന വീക്ഷണ വ്യത്യാസമാണ് ഇതിനു കാരണം. അനുവദിക്കുന്നവരുടെ തെളിവുകള്‍ താഴെ പറയുന്നവയാണ്:

അബ്ദുല്ലാഹിബ്‌നു അബീമുലയ്ക്കയില്‍ നിന്ന് ഹാകിം ഉദ്ധരിക്കുന്നു: ആഇശ(റ) ഒരു ദിവസം ശ്മശാനത്തില്‍ നിന്ന് വരികയായിരുന്നു. ഞാന്‍ ചോദിച്ചു: ''വിശ്വാസികളുടെ മാതാവേ, നിങ്ങളെവിടെ നിന്നാണ് വരുന്നത്? അവര്‍ പറഞ്ഞു: ''എന്റെ സഹോദരന്‍ അബ്ദുര്‍റഹ്മാന്റെ ഖബ്‌റിങ്കല്‍ നിന്നാണ്.'' ഞാന്‍ ചോദിച്ചു: ''ഖബ്ര്‍ സന്ദര്‍ശിക്കുന്നത് നബി(സ്വ) നിരോധിച്ചതല്ലേ?'' അവര്‍ പറഞ്ഞു: ''അതെ, ആദ്യം ഖബ്ര്‍ സന്ദര്‍ശനം നിരോധിച്ചിട്ടുണ്ടായിരുന്നു. പിന്നീട് നബി(സ്വ) സന്ദര്‍ശിക്കാന്‍ അനുവദിച്ചു.'' ഇതിന്റെ പരമ്പരയില്‍ ബിസ്താമുബ്‌നു മുസ്‌ലിമില്‍ ബസ്വരി എന്നൊരാള്‍ മാത്രമായിരിക്കുന്നുവെന്ന് ബൈഹഖി പറഞ്ഞിരിക്കുന്നു. എന്നാല്‍ ദഹബി ഇത് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്.

അനസ്(റ) പറയുന്നു: ''മകന്റെ ഖബ്‌റിന്റെ അരികില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ കണ്ടു നബി (സ്വ) പറഞ്ഞു: നീ അല്ലാഹുവിനെ സൂക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: ''എന്നെ വിട്ടുപോവുക. എനിക്കുണ്ടായ വിപത്ത് നിനക്കറിയില്ല. പിന്നീട് അത് പ്രവാചകനായിരുന്നുവെന്ന് അവരോട് ഒരാള്‍ പറഞ്ഞു. ഇത് കേട്ടയുടനെ മരിക്കാന്‍ പോവുന്നപോലെ വെപ്രാളപ്പെട്ടുകൊണ്ട് അവര്‍ തിരുമേനിയുടെ വീട്ടില്‍ ചെന്നു. അവിടെ പാറാവുകാരൊന്നുമുണ്ടായിരുന്നില്ല. അവര്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ മനസ്സിലാക്കിയിരുന്നില്ല. നബി(സ്വ) പറഞ്ഞു: വിപത്തിന്റെ ആദ്യ ആഘാതമുണ്ടാവുമ്പോള്‍ തന്നെ ക്ഷമിക്കണം'' (ബുഖാരി, മുസ്‌ലിം). ഖബ്‌റിന്നരികെ കരഞ്ഞുകൊണ്ടിരുന്ന സ്ത്രീയെ ക്ഷമിക്കാന്‍ ഉപദേശിക്കുകയല്ലാതെ സന്ദര്‍ശിക്കുന്നത് വിലക്കിയില്ല.

ആഇശ(റ) പറഞ്ഞു: ''ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ അവരോടെങ്ങനെയാണ് പറയേണ്ടത്? നബി(സ്വ) പറഞ്ഞു: ''നീ പറയുക. വിശ്വാസികളുടെയും മുസ്‌ലിംകളുടെയും ഭവനമേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. നമ്മില്‍ മുന്‍കഴിഞ്ഞവര്‍ക്കും വരാനിരിക്കുന്നവര്‍ക്കും അല്ലാഹു കരുണ ചെയ്യട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ ഞങ്ങളും നിങ്ങളോടൊപ്പം ചേരുന്നതാണ്''(മുസ്‌ലിം). പൊതു അനുവാദത്തില്‍ സ്ത്രീകളും ഉള്‍പ്പെടുമെന്നും അതാണ് അധിക പണ്ഡിതന്മാരുടെയും പക്ഷമെന്നും ഇബ്‌നുഹജര്‍ ഫത്ഹില്‍ പറഞ്ഞിട്ടില്ലേ: മാത്രമല്ല, പരലോക ബോധമാണല്ലോ ഇതിന്റെ ഉദ്ദേശ്യം. അതില്‍ സ്ത്രീ പുരുഷ ഭേദമൊന്നുമില്ലല്ലോ. ''പ്രസ്തുത ഹദീസ് ഖബ്ര്‍ സിയാറത്ത് അനുവദനീയമാണെന്ന് തെളിയിക്കുന്നു. സന്ദര്‍ശകന്‍ സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ല. സന്ദര്‍ശിക്കപ്പെടുന്നത് മുസ്‌ലിന്റേതോ കാഫിറിന്റേതോ എന്ന വ്യത്യാസവുമില്ല'' (ഫത്ഹുല്‍ബാരി 3:150).

സ്ത്രീകള്‍ക്ക് സിയാറത്ത് കറാഹത്താണെന്ന് പറയുന്നവരുടെ തെളിവ് അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസാണ്. ''നബി(സ്വ) ഏറെ ഖബ്ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെ ശപിച്ചിരിക്കുന്നു'' (തിര്‍മിദി, അഹ്മദ്). കൂടാതെ സ്ത്രീകള്‍ പൊതുവെ വെപ്രാളം കൂടിയവരും ക്ഷമ കുറഞ്ഞവരുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇമാം ഖുര്‍ത്വുബി പറഞ്ഞു: ''ഹദീസില്‍ പറഞ്ഞ ഈ ശാപം, കൂടുതലായി ഖബ്ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ക്കാണ് ബാധകമാവുക. കാരണം ആധിക്യസൂചകമായ (സവ്വാറാത്ത്) പദമാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. ഭര്‍ത്താവിനോടുള്ള ബാധ്യതകളില്‍ വീഴ്ചവരുത്തുക, അണിഞ്ഞൊരുങ്ങി പുറത്ത് വിഹരിക്കുക, ബഹളം വെച്ചു കരയുക തുടങ്ങിയ തിന്മകളിലേക്ക് എത്തിച്ചേരാമെന്നതാവാം ഈ നിരോധനത്തിന്റെ കാരണം. എന്നാല്‍ ഇതിനെ സംബന്ധിച്ചൊക്കെ നിര്‍ഭയത്വമുണ്ടെങ്കില്‍ സ്ത്രീകളെ അനുവദിക്കുന്നതിന് വിലക്കുകളൊന്നുമില്ല. കാരണം മരണസ്മരണ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആവശ്യമാണല്ലോ'' (ഫത്ഹുല്‍ബാരി 3:149).

ഇമാം ശൗകാനി പറഞ്ഞു: ഇവ്വിഷയകമായി പ്രത്യക്ഷത്തില്‍ വിരുദ്ധങ്ങളാണെന്ന് തോന്നിക്കുന്ന ഹദീസുകളെ സംയോജിപ്പിക്കുന്നതില്‍ അവലംബിക്കാവുന്ന അഭിപ്രായം ഖുര്‍ത്വുബിയുടേതാണ്'' (നൈലുല്‍ ഔത്വാര്‍ 4:166).

Feedback