നജസുകളില്‍ നിന്നും മറ്റു മാലിന്യങ്ങളില്‍ നിന്നും വൃത്തിയാവുന്നത് വെള്ളം ഉപയോഗിച്ച് കഴുകിയിട്ടാണ്. ചെറിയ അശുദ്ധിയില്‍ നിന്ന് വുദൂവിലൂടെയും വലിയ അശുദ്ധിയില്‍ നിന്ന് കുളിയിലൂടെയും മുക്തമാകുന്നു. ശുദ്ധീകരണത്തിന്റെ കാര്യത്തില്‍ വെള്ളം ഒരു പ്രധാന ഘടകമത്രെ.
അല്ലാഹു മനുഷ്യന് അനുഗ്രഹമായിട്ടാണ് ആകാശത്തു നിന്നു മഴയും ഭൂമിയില്‍ നിന്ന് ഉറവയും ഉണ്ടാക്കിത്തന്നത്. ''അവന്‍ നിങ്ങള്‍ക്ക് ആകാശത്തു നിന്നും നിങ്ങളെ ശുദ്ധീകരിക്കാന്‍ വേണ്ടി വെള്ളമിറക്കിത്തരികയും ചെയ്തു'' (8:11). ''ആകാശത്തു നിന്നും നാം ശുദ്ധീകരണ യോഗ്യമായ ജലം ഇറക്കിത്തന്നു'' (25:48).
പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ ജലമത്രെ മഴവെള്ളം. മഴമൂലം ജലാശയങ്ങളില്‍ തങ്ങി നില്‍ക്കുന്ന ജലവും അങ്ങനെത്തന്നെ. ഉപ്പുകലര്‍ന്നതാണെങ്കിലും സമുദ്രജലം ശുദ്ധമായതു തന്നെ. കടലിനെപ്പറ്റി പ്രവാചകന്‍(സ്വ) പറഞ്ഞത് ഇപ്രകാരമാണ്: ''അതിലെവെള്ളം ശുദ്ധവും അതിലെ ശവം (മത്സ്യം) അനുവദനീയവുമത്രെ.''
കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ ജലം ത്വഹൂര്‍, ത്വാഹിര്‍ എന്നിങ്ങനെ തരം തിരിച്ചതായി കാണാം. സ്വയം ശുദ്ധമായതോടെ ശുദ്ധീകരിക്കാന്‍ പറ്റുന്നതുമാണ് ത്വഹൂര്‍. ശുദ്ധമെങ്കിലും ശുദ്ധീകരണത്തിന് പറ്റാത്തതത്രെ ത്വാഹിര്‍. കരിക്കിന്‍ വെള്ളം പ്രകൃതിയിലെ ശുദ്ധമായ പാനീയമാണെങ്കിലും അതു ശുദ്ധീകരണത്തിന് ഉപയോഗിച്ചുകൂടാ. പ്രകൃത്യാ തന്നെ വെള്ളത്തിന് അല്‍പം നിറം മാറിയതുകൊണ്ടു ശുദ്ധീകരിക്കുന്നതിന് വിരോധമില്ല. വെള്ളത്തില്‍ നജസ് കലര്‍ന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ അതു ശുദ്ധീകരണത്തിന് പറ്റില്ല. എന്നാല്‍ കൂടുതല്‍ വെള്ളമുണ്ടെങ്കില്‍ അല്‍പം നജസു കലര്‍ന്നാലും വെള്ളത്തിന്റെ ഗുണം നഷ്ടപ്പെടുന്നില്ല. തോട്ടിലും പുഴയിലും അഴുക്കുകളും ചീഞ്ഞളിഞ്ഞ വസ്തുക്കളും ഒഴുകിപ്പോകുന്നുവെങ്കിലും ആ വെള്ളം ശുദ്ധീകരണത്തിന് പറ്റുന്നതാണ്. വെള്ളം അശുദ്ധമാകുന്നത് നജസുകൊണ്ട് അതിന്റെ സ്വഭാവത്തിന് - നിറം, മണം, രുചി - മാറ്റം വരുമ്പോള്‍ മാത്രമാണ്.