വുദൂവിനോ മറ്റോ ഒരിക്കല്‍ ഉപയോഗിച്ച വെള്ളം ശുദ്ധീകരണത്തിന് പറ്റില്ല എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതിന്നു യാതൊരു അടിസ്ഥാനവുമില്ല. ഇതിന്റെ പേരില്‍ ചില ആളുകള്‍ വസ്‌വാസില്‍ അകപ്പെടുന്നു. ബക്കറ്റിലോ മറ്റു പാത്രത്തിലോ ആണ് വെള്ളമെങ്കില്‍ വുദൂ ചെയ്യുന്നതില്‍ നിന്ന് ഒരു തുള്ളി പോലും അതിലേക്ക് വീഴാതിരിക്കാന്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എളുപ്പമായ മത കര്‍മങ്ങള്‍ കുടുസ്സാക്കിത്തീര്‍ക്കുന്ന ഇത്തരം മസ്അലകള്‍ നാം വര്‍ജിക്കേണ്ടതുണ്ട്.
നബി തിരുമേനിയുടെ(സ) ജീവിതചര്യ നോക്കിയാല്‍ ഏതൊരാള്‍ക്കും എളുപ്പം നടപ്പിലാക്കാവുന്ന കാര്യങ്ങളാണതില്‍ കാണുക. അബൂദാവൂദ് ഉദ്ധരിച്ച ഹദീസില്‍ ഇങ്ങനെ കാണാം: ''കൈകഴുകിയതില്‍ അവശേഷിച്ച വെള്ളംകൊണ്ട് റസൂല്‍(സ്വ) തല തടവി.''
മൈമൂന(റ) കുളിച്ചതിന്റെ ബാക്കി വെള്ളം കൊണ്ട് നബി(സ) കുളിച്ചിരുന്നു. നബിയുടെ ഭാര്യ ഉമ്മുസലമ(റ) പറയുന്നു: ''വലിയ അശുദ്ധി നീക്കാന്‍ ഞാനും റസൂലും(സ്വ) ഒരേ പാത്രത്തില്‍ നിന്ന് കുളിച്ചിരുന്നു'' (ബുഖാരി, മുസ്‌ലിം).
ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്, വുദൂവിനോ കുളിക്കോ ഉപയോഗിച്ചു എന്നതുകൊണ്ട് വെള്ളം ത്വഹൂര്‍ അല്ലാതാകുന്നില്ല എന്നത്രെ. അതില്‍ നജസ് (മാലിന്യങ്ങള്‍) ചേര്‍ന്നിട്ടുണ്ടെങ്കില്‍ പറ്റില്ല.
നബി(സ്വ), പാത്രങ്ങളില്‍ നിന്ന് വെള്ളം മുക്കിയെടുത്ത് തന്നെയായിരുന്നു വുദൂ ചെയ്തിരുന്നതും കുളിച്ചിരുന്നതും. ആദ്യം കൈവൃത്തിയാക്കിയ ശേഷം പാത്രത്തില്‍ കൈയിട്ട് വെള്ളം കോരിയെടുത്താണ് ഉപയോഗിച്ചിരുന്നത്. ഇത്രയും സ്പഷ്ടമായി കാര്യങ്ങള്‍ വിശദീകരിക്കപ്പെട്ടിട്ടും കിണറില്‍ നിന്ന് കോരിയെടുത്ത ഉടനെ കൈ വൃത്തിയാക്കിയിട്ടും ആ വെള്ളത്തില്‍ തൊടാന്‍ പാടില്ല എന്ന് ചില സഹോദരങ്ങള്‍ ധരിച്ചു വെച്ചത് വലിയ അബദ്ധം തന്നെയാണ്.