വുദൂഇനു പകരം നില്‍ക്കുന്ന തയമ്മും ചെയ്യേണ്ടത് എന്തുപയോഗിച്ചുകൊണ്ടാണ് എന്നു നോക്കാം ''വൃത്തിയുള്ള 'സ്വഈദി'നെ നിങ്ങള്‍ അവലംബിച്ചുകൊള്ളുക'' (4:43, 5:6) എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. 'എനിക്കും എന്റെ സമുദായത്തിനും ഭൂമി മുഴുവന്‍ നമസ്‌കാര സ്ഥലവും ശുദ്ധീകരണത്തിന് ഉപയുക്തവും ആക്കിയിരിക്കുന്നു. എവിടെ വെച്ച് നമസ്‌കാരം ആസന്നമായാലും അവന്റെ അടുത്ത് നമസ്‌കാര സ്ഥലവും ശുദ്ധീകരണ സൗകര്യവുമുണ്ട് എന്ന ഹദീസ് തയമ്മുമിന്റെ ആയത്തിനു വിശദീകരണം നല്കുന്നു.
'സ്വഈദ്' എന്നാല്‍ ഭൂമിയുടെ ഉപരിതലം എന്നര്‍ഥം. മണ്ണ്, പാറ, മഞ്ഞുപാളികള്‍, പുല്‍ത്തകിടി, മണല്‍പ്പരപ്പ് തുടങ്ങി ഏതെല്ലാം തരത്തില്‍ ഭൂതലമുണ്ടോ അവിടെയെല്ലാം തയമ്മും ചെയ്യാം. വാഹനങ്ങളിലാണെങ്കില്‍ അതിന്റെ പാര്‍ശ്വങ്ങളില്‍ കൈവച്ചും തയമ്മും നിര്‍വഹിക്കാം. അംറുബ്‌നു ശുഅയ്ബില്‍(റ) നിന്ന് അഹ്മദ്(റ) ഉദ്ധരിച്ച ഹദീസില്‍ ഇങ്ങനെ കാണാം: ''എവിടെവെച്ച് നമസ്‌കാരം ആസന്നമായാലും ഞാന്‍ തടവുകയും നമസ്‌കരിക്കുകയും ചെയ്യുമായിരുന്നു.''
നബി(സ്വ) ചുമരില്‍ കൈവെച്ച് തയമ്മും ചെയ്തതായി ഇമാം ബുഖാരി ഉദ്ധരിച്ച നിണ്ട ഹദീസില്‍ കാണാം: ''ഒരാള്‍ നബി(സ്വ)യെ കണ്ടുമുട്ടി. അയാള്‍ നബി(സ്വ)മിന് സലാം ചൊല്ലി. അപ്പോള്‍ നബി(സ്വ) സലാം മടക്കാതെ ചുമരിന്റെ നേരെ തിരിഞ്ഞ് (അതിന്മേല്‍ അടിച്ച്) തന്റെ മുഖവും രണ്ടു കൈയും തടവിയതിനു ശേഷം സലാം മടക്കി.''
പൊടി മണ്ണ് മാത്രമേ തയമ്മുമിന്ന് പറ്റൂ എന്ന ഒരു ധാരണ ആളുകള്‍ക്കിടയിലുണ്ട്. ''ഭൂമിയിലെ മണ്ണ് നമുക്ക് ശുചീകരണത്തിന്നുള്ളതാക്കിയിരിക്കുന്നു'' എന്ന ഹദീസിലെ വചനമായിരിക്കാം ഈ ധാരണക്ക് കാരണം. എന്നാല്‍ മറ്റു ഹദീസുകളില്‍ നിന്ന് കാര്യം വ്യക്തമാണ്. ചില ആളുകള്‍ ഭൂമിയുടെ മുകളില്‍ നജസുകള്‍ ഉണ്ടാകാമല്ലോ എന്നു കരുതി മണ്ണ് കിളച്ചെടുത്ത് തരിച്ച ശേഷം അതുപയോഗിച്ച് തയമ്മും ചെയ്യാറുണ്ട്. ഇതില്‍ അനൗചിത്യമുണ്ട്. ഒന്ന്, നബി(സ്വ)യില്‍ നിന്ന് അങ്ങനെ മാതൃകയില്ല. രണ്ട്, പടച്ചവന്‍ സൗകര്യം നല്‍കിയത് നാം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. മൂന്ന്, മണ്ണ് മാത്രമേ പറ്റൂ എന്ന അബദ്ധധാരണ.
ഇസ്‌ലാം എളുപ്പമാണ്. അതിന്റെ ആരാധനാ കാര്യങ്ങള്‍ യുക്തിഭദ്രവും സമയനിഷ്ഠവുമാണ്. മനുഷ്യര്‍ അനുഷ്ഠാനങ്ങളുടെ പേരില്‍ വിഷമിക്കരുത്. എന്നാല്‍ ആരാധനകള്‍ ഉപേക്ഷിക്കുകയുമരുത്. നബി(സ്വ)യുടെ കല്പനകളും സ്വഹാബികളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചാല്‍ അതു മനസ്സിലാവുന്നതാണ്. എന്നാല്‍ ഭക്തിയുടെ പേരില്‍ കൂടുതല്‍ വിഷമങ്ങള്‍ സ്വയം അനുഭവിക്കുകയോ, വിഷമത്തിന്റെ പേരില്‍ കര്‍മങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നവരെ സമൂഹത്തില്‍ എമ്പാടും കാണാം. യാത്രയില്‍ നമസ്‌കരിക്കാത്തവരാണ് പലരും. ഒരു മുറിവുണ്ടായാല്‍ സാധാരണക്കാര്‍ നമസ്‌കാരം ഒഴിവാക്കുന്നു, കൂടുതല്‍ സൂക്ഷ്മതയുണ്ട് എന്ന് ധരിക്കുന്ന ചില ആളുകള്‍ മുറിവുണങ്ങാന്‍ സമ്മതിക്കാതെ നനച്ച് വുദൂ ചെയ്യുന്നു. ഇതു രണ്ടും ശരിയല്ല. മനുഷ്യരുടെ പ്രയാസങ്ങള്‍ അടുത്തറിയുന്ന അല്ലാഹുവിന്റെ നിയമങ്ങള്‍ മനുഷ്യന് പാലിക്കാന്‍ കഴിയുന്നതാണ്. അവന്‍ അനുവദിച്ച ഇളവും സൗകര്യവുമാണ് തയമ്മും, നമസ്‌കാരത്തിലെ ജംഅ്, ഖസ്‌റ് തുടങ്ങിയ കാര്യങ്ങളൊക്കെ. അതു സ്വീകരിക്കുകയാണേറെ നല്ലത്.
''നിങ്ങള്‍ക്ക് മതത്തില്‍ ഒരു ബുദ്ധിമുട്ടും വരുത്തിവയ്ക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. മറിച്ച് നിങ്ങളെ ശുദ്ധീകരിക്കണമെന്നും തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവനുദ്ദേശിക്കുന്നു; നിങ്ങള്‍ നന്ദിയുള്ളവരായേക്കാം'' (5:6). ഏതു പ്രയാസകരമായ സാഹചര്യത്തിലും നിര്‍വഹിക്കാവുന്ന തരത്തിലാണ് തയമ്മുമിന്റെ രീതി എന്നുകൂടി ഓര്‍ക്കുക.