Skip to main content

തയമ്മും (3)

ഇസ്‌ലാം ശുദ്ധിയുടെ മതമാണ്. ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പ്രത്യേകിച്ചും അത് ശുചിത്വം നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ ശുദ്ധീകരണത്തിന്റെ പേരില്‍ മനുഷ്യന്‍ ബുദ്ധിമുട്ടരുത്. ശുദ്ധീകരണത്തിനു വെള്ളം ഇല്ലാത്ത അവസ്ഥയില്‍ വുദുവിനും കുളിക്കും പകരം തയമ്മും ചെയ്താല്‍ മതി. ഭൂമിയുടെ ഉപരിതലത്തില്‍ മലിനമല്ലാത്തിടങ്ങളില്‍ കൈകൊണ്ടടിച്ച് മുഖവും കൈപ്പടവും തടവുന്നതിനാണ് തയമ്മും എന്നു പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

''സത്യ വിശ്വാസികളേ, നിങ്ങള്‍ നമസ്‌കാരത്തിനൊരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ രണ്ടു കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ടു കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത്(വലിയ അശുദ്ധി) ബാധിച്ചവരായാല്‍, കുളിച്ചു ശുദ്ധമാവുക. നിങ്ങള്‍ രോഗികളാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്ര വിസര്‍ജനം കഴിഞ്ഞു വരികയോ നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍, ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. നിങ്ങള്‍ക്ക് മതത്തില്‍ ഒരു ബുദ്ധിമുട്ടും വരുത്തിവയ്ക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. മറിച്ച്, നിങ്ങളെ ശുദ്ധീകരിക്കണമെന്നും തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവനുദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം'' (5:6).

സത്യവിശ്വാസികളേ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത്‌വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നതുവരെയും (നമസ്‌കാരത്തെ സമീപിക്കരുത്). നിങ്ങള്‍ വഴി കടന്നുപോകുന്നവരായിക്കൊണ്ടല്ലാതെ - നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലായിരിക്കുകയോ ചെയ്താല്‍ - അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്ര വിസര്‍ജനം കഴിഞ്ഞുവരികയോ സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍, എന്നിട്ടു നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ്'' (4:43).

ഈ രണ്ടു ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും തയമ്മുമിന്റെ ആവശ്യകതയും കാരണങ്ങളും രൂപവും വ്യക്തമാകുന്നു. രോഗം, യാത്ര, വെള്ളം കിട്ടാതിരിക്കല്‍ ഇവയില്‍ ഏതെങ്കിലുമൊരു കാരണം ഉണ്ടായാല്‍ വുദൂഇനും കുളിക്കും പകരം തയമ്മും ചെയ്യാം. വുദൂഇനും കുളിക്കും പകരം തയമ്മും ചെയ്യുന്നത് ബാഹ്യമായി നോക്കിയാല്‍ ശുദ്ധീകരണമല്ലല്ലോ. കൈ മണ്ണിലടിച്ച് തടവിയതുകൊണ്ട് ബാഹ്യ മാലിന്യങ്ങള്‍ ഒരിക്കലും നീങ്ങുകയില്ല. എന്നാല്‍ നേരത്തെ പറഞ്ഞതുപോലെ വുദൂഉം നിര്‍ബന്ധ കുളിയും കേവലം ബാഹ്യമായ ശുദ്ധീകരണമല്ല. ചെറിയ അശുദ്ധിയും വലിയ അശുദ്ധിയും ശരീരഭാഗങ്ങളില്‍ കാണുന്ന വൃത്തികേടുമല്ല. അത് ആത്മീയവും ആരാധനാപരവുമായ ഒരു കാര്യവും കൂടിയാണ്. എന്നാല്‍, വുദൂഇലൂടെയും കുളിയിലൂടെയും ശാരീരികോന്മേഷവും ആത്മഹര്‍ഷവും ഒരുപോലെ സിദ്ധിക്കുന്നു. അതിനു സാധിക്കാതെ വരുമ്പോള്‍, അതിനു പകരമായി അല്ലാഹു നിര്‍ദേശിച്ച  തയമ്മുമിന്റെ  യുക്തി നമുക്കറിയില്ല. ഏതായാലും വെള്ളവും മണ്ണും പ്രകൃതിയിലെ ശുദ്ധീകരണത്തിന്റെ  ഘടകങ്ങള്‍ തന്നെ.  മണ്ണ് എല്ലാ മാലിന്യങ്ങളെയും ലയിപ്പിച്ചു ചേര്‍ക്കുകയും ഒരു തരത്തില്‍ ശുദ്ധീകരിക്കുകയും ചെയ്യുന്നുവെന്നത് സുവിദിതമാണല്ലോ. 

'തയമ്മും' എന്ന പദത്തിന്റെ അര്‍ഥം ഉദ്ദേശിക്കുക, കരുതുക എന്നൊക്കെയാണ്. നമസ്‌കാരം ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത കാര്യമാണ്. എന്നാല്‍ നമസ്‌കാരത്തിന്റെ കാര്യത്തില്‍ മനുഷ്യര്‍ ബുദ്ധിമുട്ടാന്‍ പാടില്ല. പ്രവാചകന്‍ (സ്വ) പറയുന്നു.

''എനിക്കും എന്റെ സമുദായത്തിനും ഭൂമി മുഴുവന്‍ നമസ്‌കരിക്കാനും ശുദ്ധീകരിക്കാനും പറ്റുന്നതായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഏതൊരാള്‍ക്ക് എവിടെ വെച്ച് നമസ്‌കാരത്തിന് സമയമായാലും അയാള്‍ക്ക് തന്റെ ശുദ്ധീകരണത്തിനുള്ളത് അടുത്തുതന്നെയുണ്ട്'' (അഹ്മദ്).

ഭൂമിയില്‍ ഏതു പ്രദേശത്തുവെച്ചും നമസ്‌കരിക്കാമെന്നര്‍ഥം. ഇത് അല്ലാഹു നല്‍കിയ സൗകര്യവും ഔദാര്യവുമത്രെ. അതു സ്വീകരിക്കുന്നതാണ് അവന്നിഷ്ടം. 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446