Skip to main content

വിഷമഘട്ടത്തിലെ ഖുനൂത്ത്

മുസ്‌ലിം സമുദായത്തെ പൊതുവായി ബാധിക്കുന്ന ആപത്തുകളും അപകടങ്ങളുമുണ്ടാകുമ്പോള്‍ അവയില്‍ നിന്ന് രക്ഷ തേടിക്കൊണ്ടുള്ള പ്രാര്‍ഥനയാണ് ഖുനൂത്തുന്നാസില അഥവാ വിഷമഘട്ടത്തിലെ ഖുനൂത്ത്. മഹാരോഗങ്ങള്‍, വെള്ളപ്പൊക്കം, വരള്‍ച്ച, ശത്രുവിന്റെ ആക്രമണം എന്നിങ്ങനെയുള്ളവ അതില്‍പെടുന്നു. 

ഒരിക്കല്‍ ചില അറബിഗോത്രങ്ങള്‍ പ്രവാചകന്റെ അടുക്കല്‍വന്ന് അവര്‍ക്ക് മതം പഠിപ്പിക്കാന്‍ യോഗ്യരായവരെ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. പ്രഗത്ഭരായ ഖുര്‍ആന്‍ പാരായണക്കാരെ അവരോടൊപ്പം നബി(സ്വ) അയച്ചു കൊടുത്തു. പക്ഷേ, ആ ഗോത്രപ്രതിനിധികള്‍ കള്ളം പറയുകയായിരുന്നു. തിരിച്ചു പോവുന്ന വഴിയില്‍ വെച്ച് ആ ഖുര്‍ആന്‍ പാരായണക്കാരെ അവര്‍ ചതിയില്‍ കൊലപ്പെടുത്തി. ഈ വിവരം വഹ്‌യ് മുഖേന നബി(സ്വ) അറിഞ്ഞപ്പോള്‍ ഒരു മാസക്കാലം ഇവര്‍ക്കെതിരായി പ്രവാചകന്‍ ഖുനൂത്ത് നടത്തി. 

അനസ്(റ) പറയുന്നു: ''ബിഅ്ര്‍ മഊന സംഭവത്തില്‍ വധം നടത്തിയവര്‍ക്കെതിരായി നബി(സ്വ) മുപ്പത് പ്രഭാതത്തില്‍ പ്രാര്‍ഥിച്ചു. അതായത് റിഅ്ല്‍, ദക്‌വാന്‍, ലിഹ്‌യാന്‍, അല്ലാഹുവിനോടും റസൂലിനോടും അനുസരണക്കേട് കാണിച്ച ഉസ്വയ്യ എന്നീ ഗോത്രങ്ങള്‍ക്കെതിരായിട്ട്'' (മുസ്‌ലിം:677).

അനസ്(റ) പറയുന്നു: ''ബിഅ്ര്‍ മഊന ദിനത്തില്‍ വധിക്കപ്പെട്ടവര്‍ക്കുവേണ്ടി പ്രവാചകന്‍ ദുഃഖിച്ച അത്ര യാതൊരു സൈനിക സംഘത്തിന്റെ പേരിലും പ്രവാചകന്‍ ദുഃഖിച്ചിട്ടില്ല. അവര്‍ ഖുര്‍ആന്‍ പാരായണക്കാര്‍ എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്. അവരെ കൊന്നവര്‍ക്കെതിരില്‍ ഒരു മാസക്കാലം പ്രവാചകന്‍ പ്രാര്‍ഥിച്ചു കൊണ്ടിരുന്നു'' (മുസ്‌ലിം). 

''നബി(സ്വ) സ്വുബ്ഹിലും മഗ്‌രിബിലും ഖുനൂത്ത് നിര്‍വഹിച്ചിരുന്നു.'' (ഹദീസ്)

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പ്രഭാത നമസ്‌കാരത്തിലെ ഖുര്‍ആന്‍ ഓത്തില്‍ നിന്ന് വിരമിച്ചാല്‍ തക്ബീര്‍ ചൊല്ലി (റുകൂഅ് ചെയ്ത ശേഷം) 'സമിഅല്ലാഹു ലിമന്‍ ഹമിദഹു'(26) എന്നു പറഞ്ഞു തലയുയര്‍ത്തുകയും 'റബ്ബനാ വ ലകല്‍ഹംദ്'(27) എന്നുചൊല്ലുകയും ചെയ്യുമായിരുന്നു. എന്നിട്ട് നിന്നുകൊണ്ട് അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. ''അല്ലാഹുവേ, വലീദുബ്‌നു വലീദിനെയും സലമത്തുബ്‌നു ഹിശാമിനെയും അയ്യാശുബ്‌നു അബീറബീഅത്തിനെയും സത്യവിശ്വാസികളായ ദുര്‍ബലരെയും രക്ഷപ്പെടുത്തേണമേ. അല്ലാഹുവേ, മുദര്‍ ഗോത്രക്കാരില്‍ നിന്റെ ശിക്ഷ ശക്തിപ്പെടുത്തേണമേ. യൂസുഫ് നബി(അ)യുടെ കാലത്തെ വരള്‍ച്ചപോലെ അതിനെ നീ ആക്കേണമേ. അല്ലാഹുവേ, ലിഹ്‌യാനിനെയും റിഅ്‌ലിനെയും ദക്‌വാനിനെയും ഉസ്വയ്യയെയും നീ ശപിക്കേണമേ - അല്ലാഹുവിനോടും അവന്റെ റസൂലിനോടും അവര്‍ (ഉസ്വയ്യ കുടുംബം) അനുസരണക്കേട് കാണിച്ചിരിക്കുന്നു.''

''(നബിയേ) കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു'' (3:128) എന്ന ഖുര്‍ആന്‍ വചനമിറങ്ങിയപ്പോള്‍ നബി(സ്വ) ആ പ്രാര്‍ഥന ഉപേക്ഷിച്ചുവെന്ന് ഞങ്ങളറിഞ്ഞു.''

മുസ്‌ലിം സമൂഹത്തെ ബാധിക്കുന്ന പൊതുവിപത്തുകള്‍ നീങ്ങിക്കിട്ടാന്‍ വേണ്ടി ഖുനൂത്ത് നടത്താമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മുസ്‌ലിംകളെ ദ്രോഹിക്കുന്ന സമൂഹത്തിനെതിരെയും വ്യക്തികള്‍ക്കെതിരെയും പ്രാര്‍ഥിക്കാം എന്നും പറയുന്നു. എന്നാല്‍ നബി(സ്വ)യുടെ ജീവിതത്തില്‍ പല വിപത്തുകളുണ്ടായിട്ടും ഈ സംഭവത്തിനു ശേഷം ഖുനൂത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446