സംഘനമസ്കാരത്തില്‍ ഇമാമായി നില്ക്കുന്നവന് മറ്റുള്ളവരെക്കാള്‍ സവിശേഷത വേണം. കൂടുതല്‍ ഖുര്‍ആന്‍ പഠിച്ചവര്‍ ഇമാമായി നില്‍ക്കണമെന്നാണ് ഇസ്ലാമിക നിയമം. ഖുര്‍ആന്‍ പഠിക്കുകയെന്നതിന്റെ ഉദ്ദേശ്യം ഖുര്‍ആനിലെ നിയമങ്ങള്‍ പഠിക്കുകയെന്നാണ്; മന:പാഠമാക്കുക എന്ന അര്‍ഥത്തില്‍ മാത്രമല്ല. പ്രവാചകന്റെ കാലത്ത് ഖുര്‍ആന്‍ മന:പാഠമാക്കിയവര് ഖുര്‍ആന്‍ നിയമങ്ങള്‍ അറിഞ്ഞിരുന്നവരുമായിരുന്നു. അനറബികള്‍ ഖുര്‍ആന്‍ മന:പാഠമാക്കിയതു കൊണ്ട് നിയമങ്ങള്‍ അറിയണമെന്നില്ലല്ലോ.
നബി(സ്വ) പറഞ്ഞു: ''മൂന്നു പേരുണ്ടായാല്‍ ഒരാള്‍ അവരുടെ ഇമാമായി നില്ക്കട്ടെ. കൂടുതല്‍ ഖുര്‍ആന്‍ അറിയുന്നവനാണ് ഇമാമത്തിന് കൂടുതല്‍ അര്‍ഹന്‍'' (അഹ്മദ്, മുസ്ലിം, നസാഈ).
''ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കേണ്ടത് അവരില്‍ കൂടുതല്‍ ഖുര്‍ആന്‍ ഓതുന്നവന് (അറിയുന്നവന്) ആണ്. ഖുര്‍ആന്‍ പാരായണത്തില്‍ (ഖുര്‍ആനിക ജ്ഞാനത്തില്‍) അവര്‍ തുല്യരാണെങ്കില്‍ ഏറ്റവും കൂടുതല്‍ പ്രവാചകചര്യ അറിയുന്നവനായിരിക്കണം. ഇനി സുന്നത്തിലും അവര്‍ തുല്യഅറിവുള്ളവരാണെങ്കില് ഏറ്റവും ആദ്യം ഹിജ്റ പോയവനായിരിക്കണം ഇമാമാവേണ്ടത്. ഹിജ്റ പോയതിലും അവര്‍ തുല്യരാണെങ്കില്‍ കൂടുതല്‍ പ്രായമുള്ളവനായിരിക്കണം. ഒരാള്‍ മറ്റൊരാള്‍ക്ക് അയാളുടെ അധികാരസ്ഥലത്ത് ഇമാമായി നില്‍ക്കരുത്. മറ്റൊരാളുടെ ഭവനത്തില്‍ അയാളുടെ പ്രത്യേകമായ ഇരിപ്പിടത്തില്‍ ഇരിക്കുകയുമരുത്''(മുസ്ലിം, ഇബ്നുമാജ).
നാട്ടിലെ ജനങ്ങള്‍ ഭൗതിക പ്രതിഫലേച്ഛകൂടാതെ സ്വയം സന്നദ്ധരായി ഇമാമത്ത് നിര്‍വഹിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ മാത്രമേ പ്രവാചകന് നിശ്ചയിച്ച ഈ ക്രമം പാലിക്കാന്‍ കഴിയൂ. ഇമാമിനെ ശമ്പളത്തിന് നിശ്ചയിക്കുന്ന ഇന്നത്തെ പരിതസ്ഥിതിയില്‍ അതു പാലിക്കപ്പെടാന്‍ മിക്കപ്പോഴും കഴിയുകയില്ലെന്നത് വ്യക്തമാണല്ലോ. ബാങ്ക്, ഇമാമത്ത്, ഖുതുബ തുടങ്ങിയ കാര്യങ്ങള്‍ ശമ്പളമോ മറ്റു പ്രതിഫലമോ സ്വീകരിക്കാതെ നിര്‍വഹിക്കുന്ന സാമൂഹ്യാന്തരീക്ഷത്തിലേ ഹദീസുകളിലെ ഇത്തരം തത്വങ്ങള്‍ ശരിയാംവിധം പ്രായോഗികമാക്കാന്‍ കഴിയൂ. ഈ രംഗത്ത് വളരെയേറെ മാറ്റം നമ്മുടെ സമൂഹത്തില്‍ വരേണ്ടതുണ്ട്.
മുകളില്‍ പറഞ്ഞ ഹദീസുകളിലെ ക്രമം തന്നെയാണ് കര്‍മശാസ്ത്രപണ്ഡിതരും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഖുര്‍ആന്‍ അറിയുന്നവനാണോ, ഖുര്‍ആന്‍ മന:പാഠമാക്കിയവനാണോ ഇമാമാകാന്‍ മുന്‍ഗണന അര്‍ഹിക്കുന്നത് എന്ന കാര്യത്തില്‍ അവര്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. ഖുര്‍ആന്‍ അറിയുന്നവനും മതവിധി അറിയുന്നവനുമാവണമെന്നാണ് അബൂസൗര്‍ അഭിപ്രായപ്പെടുന്നത്. അതിനു അദ്ദേഹം സ്വീകരിച്ച തെളിവ് നബി(സ്വ) രോഗത്തിലായിരിക്കെ അബൂബക്റി(റ)നെ ഇമാമായി നിശ്ചയിച്ചുവെന്ന് ആഇശ(റ) ഉദ്ധരിക്കുന്ന ഹദീസാകുന്നു (ഫിഖ്ഹുല്‍ഇമാം, അബൂസൗര്‍: 223).
അതില്‍നിന്ന് വ്യക്തമാകുന്നത്, അബൂബക്റി(റ)നേക്കാള്‍ കൂടുതല്‍ ഖുര്‍ആന്‍ മന:പാഠമുള്ളവര്‍ ഉണ്ടായിട്ടും അബൂബക്റിനെ ഇമാമായി നിശ്ചയിച്ചത് അദ്ദേഹത്തിനു കൂടുതല്‍ മതനിയമങ്ങള്‍ അറിയാമെന്നതു കൊണ്ടായിരുന്നു. (മജ്മൂഅ് 4:170, മുഗ്നി 2:181, ഖുര്‍ത്വുബി 1:352)
മതജ്ഞാനം (ഫിഖ്ഹ്), ഖുര്‍ആന്‍ പാരായണം (ഖിറാഅത്ത്) ഇവ രണ്ടിനും ഒരേ അര്‍ഥം നല്കുന്ന പണ്ഡിത ന്മാരുണ്ട്. പ്രവാചകന്റെ കാലത്ത് 'ഖിറാഅത്തു'ള്ളവര്‍ എന്നാല്‍ 'ഫിഖ്ഹു'ള്ളവര്‍ എന്നുതന്നെയാണ് അര്‍ഥമെന്ന് അവര്‍ അവകാശപ്പെടുന്നു. ഇബ്നു മസ്ഊദിന്റെ ഹദീസ് അവര്‍ തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു: ''ഖുര്‍ആനില്‍ നിന്ന് പത്ത് ആയത്തുകള്‍ ഓതിക്കഴിയുമ്പോഴേക്കും അതിലെ കല്പനകളും വിലക്കുകളും വിധികളും മനസ്സിലാക്കിക്കഴിയുമായിരുന്നു'' (മുഗ്നി 2:181).
അന്ധനും ഇമാമായി നില്ക്കാം. നബി(സ്വ) യുദ്ധത്തിനു പോകുന്ന ചില സന്ദര്‍ഭങ്ങളില്‍ അന്ധനായ അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂമിനെ മദീനയില്‍ തന്റെ ചുമതലയില്‍ നിശ്ചയിച്ചിരുന്നു. അദ്ദേഹമാണ് ആ ഘട്ടത്തില്‍ ഇമാമായി നിന്നിരുന്നത്.
അതുപോലെ, ഇരുന്ന് നമസ്കരിക്കുന്നവനെ നില്‍ക്കുന്നവര്‍ക്കും, തയമ്മും ചെയ്തവനെ വുദ്വൂ എടുത്തവര്‍ക്കും യാത്രക്കാരനെ നാട്ടില്‍ താമസിക്കുന്നവര്‍ക്കും പിന്തുടര്ന്ന് നമസ്കരിക്കാം. ഒരിക്കല്‍ നമസ്കരിച്ചവനു തന്നെ അതേ നമസ്കാരത്തിന് മറ്റൊരു കൂട്ടര്‍ക്ക് ഇമാമായി നമസ്കരിക്കാം. മുആദുബ്നു ജബല്‍(റ) പ്രവാചകനോടൊപ്പം ഇശാ നമസ്കരിക്കുകയും എന്നിട്ട് തന്റെ ഗോത്രത്തില്‍ തിരിച്ചെത്തുമ്പോള്‍ അവരുടെ ഇമാമായി നമസ്കരിക്കുകയും ചെയ്യുമായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ ആദ്യം നമസ്കരിച്ചത് ഫര്‍ദ്വും രണ്ടാമത് നമസ്കരിച്ചത് സുന്നത്തു (ഐച്ഛികം) മായാണ് പരിഗണിക്കുക.
മിഹ്ജനുബ്നുല് അദ്റഅ് പറയുന്നു: ''നബി(സ്വ) പള്ളിയിലായിരിക്കെ ഞാന്‍ പ്രവാചകന്റെ അടുത്തു ചെന്നു. അപ്പോള്‍ നമസ്കാര സമയമായി. നബി(സ്വ) നമസ്കരിച്ചു. ഞാന്‍ നമസ്കരിച്ചില്ല. അപ്പോള്‍ നബി(സ്വ) എന്നോട് പറഞ്ഞു: 'നീ നമസ്കരിച്ചില്ലേ?' ഞാന്‍ പറഞ്ഞു: 'ദൈവദൂതരേ, ഞാന്എന്റെ താമസ സ്ഥലത്തുവച്ച് നമസ്കരിച്ചിരുന്നു. എന്നിട്ടാണ് താങ്കളുടെ അടുത്തേക്ക് വന്നത്?' അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'നീ നമസ്കരിച്ചിട്ട് വീണ്ടും ഞങ്ങളുടെ അടുത്ത് വരുമ്പോള്‍ അവരോടൊപ്പം നമസ്കരിക്കുക. അത് ഐച്ഛികമായി കരുതുക.''
ഇപ്രകാരം ഐച്ഛികമായി നമസ്കരിക്കുന്നവനെ മറ്റൊരാള്‍ക്ക് തുടരാമെന്നാണ് മുആദുബ്നു ജബലി(റ)ന്റെ പ്രസ്തുത നടപടിയില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
വുദൂ ഇല്ലാതെ നമസ്കരിക്കുന്നവനെ തുടരാമോ? ഇമാമിന്റെ ഈ സ്ഥിതിയെക്കുറിച്ച് അറിയാതെ തുടര്‍ന്നാല്‍ മഅ്മൂമിന്റെ നമസ്കാരം സ്വഹീഹാകും. (ഫിഖ്ഹുല്‍ഇമാം, അബൂസൗര്‍:228, അല്‍ ഇസ്തിദ്കാര്‍ 1:362, മജ്മൂഅ് 4:159, മുഗ്നി 2:99).
താബിഉകളായ പല പണ്ഡിതന്മാരും ഈ അഭിപ്രായമുള്ളവരായിരുന്നു. ഇമാം മാലിക്, ശാഫിഈ, അഹ്മദ് എന്നിവരും അതേ അഭിപ്രായക്കാര്‍ തന്നെ. ഈ അഭിപ്രായത്തിന് തെളിവായിട്ട് ഈ ഹദീസ് ഉദ്ധരിക്കുന്നു: ''അബൂഹുറയ്റ(റ) പറയുന്നു: റസൂല്‍(സ്വ) പറഞ്ഞു: അവര്‍ നിങ്ങള്‍ക്കു (ഇമാമായി) നമസ്കരിക്കുന്നു. അവര്‍ക്ക് ശരിയായാല്‍ നിങ്ങള്‍ക്കത് ബാധകമാണ്. അവര്‍ക്ക് അബദ്ധം പിണഞ്ഞാല്‍ നിങ്ങള്‍ക്കത് ശരിയാ യും അവര്‍ക്ക് അബദ്ധമായും പരിഗണിക്കപ്പെടും.'
മൂത്രവാര്ച്ച, വേഗത്തില്‍ വുദൂ മുറിയുക തുടങ്ങിയ അസ്വസ്ഥതയുള്ളവര്‍ ഇമാമത്തിന് അനുയോജ്യരല്ലെന്നാണ് ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം. വിരോധമില്ലെന്നാണ് മാലിക്കികളുടെ അഭിപ്രായം.
ഇമാമിന്റെ 'തക്ബീറു'കള്‍ പിറകിലേക്ക് കേള്‍ക്കാത്ത പക്ഷം എല്ലാവരും കേള്‍ക്കുമാറ് ഉച്ചത്തില്‍ മറ്റൊരാള്‍ പറയുന്നത് നല്ലതാണ്.
ഇമാമിന് മറവി പറ്റിയാല്‍ പിറകിലുള്ളവര്‍ക്ക് അത് ഓര്മപ്പെടുത്താം. രണ്ടു റക്അത്തു കഴിഞ്ഞാല്‍ തശഹ്ഹുദിന്നിരിക്കാതെ എഴുന്നേല്ക്കുക, മൂന്നാം റക്അത്തിനൊടുവില്, നാലു റക്അത്തുള്ള നമസ്കാരങ്ങളില്‍ അവസാനത്തെ തശഹ്ഹുദിന്നിരിക്കുക, അഞ്ചാമത്തെ റക്അത്തിലേക്ക് എഴുന്നേല്ക്കുക എന്നിങ്ങനെയുള്ള മറവികളാണ് ഓര്‍മിപ്പിക്കേണ്ടത്. ഓര്‍മിപ്പിക്കുന്നയാള്‍ പുരുഷനാണെങ്കില്‍ 'സുബ്ഹാനല്ലാഹ്' എന്ന് പറയുകയും സ്ത്രീയാണെങ്കില്‍ കൈ കൊട്ടുകയുമാണ് വേണ്ടത്. നബി(സ്വ) പറഞ്ഞു: ഇമാം ഖുര്‍ആന്‍ ഓതുമ്പോള്‍ മറവി സംഭവിക്കുകയാണെങ്കില്‍ ഓര്‍മപ്പെടുത്തുകയും, തെറ്റായി ഓതുകയാണെങ്കില്‍ അത് തിരുത്തുകയും ചെയ്യണം.