ഇമാം മുമ്പില്‍ നില്‍ക്കുകയും മഅ്മൂമുകള് അദ്ദേഹത്തിന്റെ പിറകില്‍ വരിയായി നില്‍ക്കുകയുമാണ് വേണ്ടത്. ഒന്നാമത്തെ വരിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. അതിനാല്‍ വരിയുടെ നീളം കൂട്ടുകയാണ് വേണ്ടത്; എണ്ണം വര്‍ധിപ്പിക്കുകയല്ല. വലിയവര്‍ നിരന്ന് നിന്നു കഴിഞ്ഞാല്‍ കുട്ടികള്‍ അവരുടെ പിറകില്‍ നില്‍ക്കണം. അതിനു പിറകില്‍ സ്ത്രീകള്‍ നില്‍ക്കണം. ഇതാണ് നില്‍ക്കേണ്ട രീതിയും ക്രമവും. വരിയില്‍ നില്ക്കുന്നവര് തൊട്ടുരുമ്മി നില്‍ക്കണം. ഇടയ്ക്ക് വിടവോ അകല്‍ച്ചയോ പാടില്ല. മടമ്പുകള്‍ ഒരേ നേര്‍രേഖയില്‍ വരത്തക്കവിധം നിര്‍ത്തേണ്ട ചുമതല ഇമാമിനുണ്ട്.
ഇമാം അദ്ദേഹത്തിന് നില്ക്കാന് പ്രത്യേകമായി നിശ്ചയിച്ച മിഹ്റാബിലാണ് നില്‍ക്കേണ്ടത്. എന്നാല്‍ അത്തരമൊരു സ്ഥലം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമല്ല. ഉയര്‍ന്ന സ്ഥലത്ത് നില്‍ക്കരുത്. മഅ്മൂമിനെ പഠിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാം. നബി(സ്വ) മിമ്പറില്‍ നിന്നുകൊണ്ട് നമസ്കരിച്ചാണ് സ്വഹാബികള്‍ക്ക് നമസ്കാരം പഠിപ്പിച്ചത്. പിറകിലേക്കിറങ്ങി സുജൂദ് ചെയ്യുകയും ചെയ്തു. ഇസ്ലാമിന്റെ ആരംഭ ദശയില്‍ പള്ളി വിദ്യാഭ്യാസ കേന്ദ്രവും കൂടിയായിരുന്നു. ഇന്ന് മദ്റസകളില്‍ നമസ്കാരവും മറ്റും പഠിപ്പിക്കാന്‍ സംവിധാനമുള്ളതിനാല്‍ പള്ളിയില്‍ നമസ്കാരവേളയില് പഠിപ്പിക്കേണ്ട ആവശ്യം സാധാരണഗതിയില്‍ വരുന്നില്ല. തന്നെയുമല്ല, സ്വഹാബികള്‍ക്ക് എല്ലാവര്ക്കും ഒരേസമയത്ത് തന്നെ നമസ്കാരം പഠിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇന്ന് മുസ്ലിം സമൂഹത്തില്‍ വളരുന്ന കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ നമസ്കാരക്രമം കണ്ടുശീലിച്ചു വരുന്നുണ്ട്.
''അബൂഹുറയ്റ(റ) പറയുന്നു: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു. പുരുഷന്മാരുടെ അണികളില്‍ ഉത്തമം ആദ്യത്തേതും മോശമായത് അവസാനത്തേതുമാകുന്നു. സ്ത്രീകളുടെ അണികളില്‍ ഉത്തമം അവസാനത്തേതും മോശമായത് ആദ്യത്തേതുമാകുന്നു.''
''അനസ്(റ) പറയുന്നു: റസൂല്‍(സ്വ) നമസ്കരിച്ചു. ഞാനും ഒരു അനാഥനും പ്രവാചകന്റെ പിറകില്‍ നിന്നു; ഉമ്മുസുലൈം ഞങ്ങളുടെ പിറകിലും'' (ബുഖാരി, മുസ്ലിം).
ഇമാമിന്റെ പിറകില്‍ ഒരാള്‍ മാത്രമാണെങ്കില്‍ അയാള്‍ കൂടുതല്‍ പിന്നോട്ട് നീങ്ങാതെ ഇമാമിന്റെ വലതുവശത്ത് നില്‍ക്കണം. പിന്നീട് ഒരാള്‍കൂടി വന്നാല്‍ അതേ രീതിയില്‍ ഇടതുവശത്തേക്ക് നില്‍ക്കണം. പിന്നീട് രണ്ടു പേരും ഒന്നിച്ച് പിറകോട്ട് നീങ്ങി ഒരു വരിയായി നില്‍ക്കണം. രണ്ടാമത് വരുന്ന മഅ്മൂം ഒന്നാമത് വന്നയാളെ തോണ്ടിയോ വലിച്ചോ പിറകോട്ട് കൊണ്ടുവരരുത്.
''ഇബ്നു അബ്ബാസ്(റ) പറയുന്നു: ഞാന്‍ നബി(സ്വ)യുടെകൂടെ നമസ്കരിച്ചു. അപ്പോള്‍ ഞാന്‍ ഇടതു വശത്ത് നിന്നു. നബി(സ്വ) എന്റെ തലക്കു പിടിച്ച് പിറകിലൂടെ എന്നെ വലതുവശത്തു നിര്‍ത്തി'' (ബുഖാരി, മുസ്ലിം).
ഇമാമിന്റെ പിറകില്‍ നില്ക്കുന്നവര് രണ്ടു വശത്തേക്കും തുല്യമായ നിലയില്‍ നില്‍ക്കണം. ഒരു വശത്ത് കൂടുതല്‍ പേരും മറുവശത്ത് കുറച്ചുമാകുന്ന സ്ഥിതി വരരുത്.
വരിയില്‍ നില്‍ക്കാതെ ഒറ്റയ്ക്ക് നില്‍ക്കരുത്. ആ നമസ്കാരം തന്നെ അസാധുവാണെന്ന് ഹദീസ് സൂചിപ്പിക്കു ന്നു. ഒറ്റപ്പെടല്‍ ഇസ്ലാം ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.
''വാബിസ്വ(റ) പറയുന്നു: ''ഒരാള്‍ വരിക്ക് പിറകില്‍ തനിച്ചുനിന്ന് നമസ്കരിക്കുന്നത് നബി(സ്വ) കണ്ടു. അദ്ദേഹത്തോട് നബി(സ്വ) നമസ്കാരം വീണ്ടും നിര്‍വഹിക്കാന്‍ കല്പിച്ചു'' (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി).
അപ്പോള്‍ വരി പൂര്‍ത്തിയായതിനു ശേഷം നമസ്കരിക്കാന്‍ എത്തുന്ന വ്യക്തി എന്ത് ചെയ്യണം? ഒന്നുകില്‍ വരിയിലുള്ളവരെ അടുപ്പിച്ച് നിര്‍ത്തി അവിടെ കടന്നു നില്‍ക്കുകയോ, അല്ലെങ്കില്‍ വരിയില്‍ നിന്ന് ഒരാളെ പിന്നോട്ട് നിര്‍ത്തി രണ്ടുപേര്‍ ചേര്‍ന്ന് ഒരു അണിയായി നില്‍ക്കുകയോ ചെയ്യണമെന്ന് നബി(സ്വ) നിര്‍ദേശിച്ചതായി വാബിസ്വയില്നിന്ന് ത്വബ്റാനിയും ബൈഹഖിയും ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ നിവേദകപരമ്പര അന്യൂനമല്ല. വരിയില്‍ സ്ഥലമുണ്ടായിരിക്കെ പിന്നില്‍ തനിച്ചുനിന്ന് നമസ്കരിക്കുന്നത് അനുവദനീയമല്ലെന്നും ആ നമസ്കാരം സാധുവാകില്ലെന്നും പൂര്‍വികരായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ വരിയില്‍ തീരെ സ്ഥലമില്ലാത്ത പക്ഷം പിന്നില്‍ തനിച്ചു നിന്ന് നമസ്കരിക്കുന്നതില്‍ തെറ്റില്ലെന്ന് ചില പ്രമുഖ പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വരിയില്‍ നിന്ന് ഒരാളെ പിറകോട്ടു വലിച്ചാല്‍ വരിയില്‍ വിടവ് വരുമെങ്കില്‍ അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ജമാഅത്ത് നമസ്കാരം കാണുമ്പോള്‍ റക്അത്ത് കിട്ടണമെന്ന ഉദ്ദേശ്യത്തോടെ ധൃതിപ്പെട്ട് ചെല്ലുന്ന സമ്പ്രദായം ശരിയല്ല. സാവകാശം നടന്നു ചെല്ലുകയാണ് വേണ്ടത്.
''അനസ്(റ) പറയുന്നു: തക്ബീര്‍ ചൊല്ലുന്നതിനു മുമ്പ് നബി(സ്വ) ഞങ്ങള്‍ക്കഭിമുഖമായി നില്ക്കുമായിരുന്നു. എന്നിട്ട് പറയും: 'ചേര്‍ന്നു നില്ക്കുക, നേരെ നില്ക്കുക'' (ബുഖാരി, മുസ്ലിം).
''ഇബ്നു ഉമര്‍(റ) പറയുന്നു: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു: 'അണിയോട് ചേര്ന്നവനോട് അല്ലാഹുവും ചേര്ന്നുനില്ക്കും. അണി മുറിച്ചവനോട് അല്ലാഹുവും (ബന്ധം) മുറിക്കും'' (നസാഈ, ഹാകിം, ഇബ്നു ഖുസയ്മ).
നബി(സ്വ) പറഞ്ഞു: ''മുന്നോട്ട് വരുവിന്‍. എന്നെത്തുടര്ന്നു നില്ക്കുവിന്. നിങ്ങള്‍ക്കു പിറകിലുള്ളവര്‍ നിങ്ങളെയും തുടര്‍ന്നു നില്ക്കട്ടെ. ജനം പിന്തുന്നുവെങ്കില് അല്ലാഹു അവരെ പിന്നിലാക്കുന്നതാണ്'' (മുസ്ലിം, നസാഈ).
''ആഇശ(റ) പറയുന്നു: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു: 'അല്ലാഹുവും അവന്റെ മലക്കുകളും വലതുവശം ചേര്‍ന്നു നില്ക്കുന്നവരുടെ മേല്‍ കാരുണ്യം ചൊരിയുന്നതാണ്.'' (അബൂദാവൂദ്, ഇബ്നുമാജ)
സ്ത്രീ ഇമാമായി നില്ക്കുമ്പോള് വരിയുടെ ഇടയ്ക്ക് മധ്യത്തിലാണ് നില്‍ക്കേണ്ടത്. പുരുഷന്മാരെപ്പോലെ മുമ്പിലേക്ക് കയറി നില്‍ക്കരുത് (മുഗ്നി 3:202).
ഒരു സ്ത്രീയോടുകൂടി മറ്റൊരു സ്ത്രീ മാത്രമാണെങ്കില്‍ ആ സ്ഥിതിയില്‍ രണ്ടു പുരുഷന്മാര് നില്ക്കുന്നതു പോലെ നില്‍ക്കണം. ഒരു പുരുഷനെ ഒരു സ്ത്രീ തുടരുകയാണെങ്കില്‍ പുരുഷന്റെ നേരെ പിറകില്‍ അടുത്തവരിയിലായി അവള് നില്‍ക്കണം. നബി(സ്വ) പറഞ്ഞു: ''അല്ലാഹു പിന്തിച്ചേടത്തേക്കവളെ നിങ്ങള്‍ പിന്തിക്കുക.'' രണ്ടു പുരുഷന്മാരോടൊപ്പം ഒരു സ്ത്രീയുണ്ടെങ്കില്‍, ഇമാമില്‍നിന്ന് കൂടുതല്‍ പിന്നോട്ട് നീങ്ങാതെ വലതു വശത്ത് മഅ്മൂമായ പുരുഷന്മാര് നില്‍ക്കണം. രണ്ടാളുടെയും നേരെ പിറകില്‍ അടുത്ത വരിയിലായി അവള് നില്‍ക്കണം. അനസി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു: ''നബി(സ്വ)യോടൊപ്പം അദ്ദേഹവും മാതാവും നമസ്കരിച്ചപ്പോള്‍ അദ്ദേഹത്തെ നബി വലതുവശത്ത് നിര്‍ത്തി; മാതാവിനെ പിറകിലും നിര്‍ത്തി'' (മുഗ്നി 3:203).