സന്തോഷകരമായ ഒരു കാര്യം കേള്‍ക്കുമ്പോള്‍, ഉദാഹരണത്തിന്, തനിക്ക് വിജയമോ നേട്ടമോ ഉണ്ടായെന്ന് അറിയുമ്പോള്‍ പടച്ചതമ്പുരാന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് പ്രണമിക്കുന്നതാണ് നന്ദിയുടെ സുജൂദ്. ഇത്തരം ഘട്ടങ്ങള്‍ നബി(സ്വ)യുടെ ജീവിതത്തിലുണ്ടായപ്പോള്‍ അവിടുന്ന് സുജൂദ് ചെയ്തു (അബൂദാവൂദ്, ഇബ്‌നു മാജ). ഇത് ഒരു സുജൂദ് മാത്രമാണ്. സലാം വീട്ടേണ്ടതില്ല.
ഹമദാന്‍ ഗോത്രക്കാര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്ന് അലി(റ) നബി(സ്വ)ക്ക് എഴുതി അറിയിച്ച സമയത്ത് നബി(സ്വ) സാഷ്ടാംഗം ചെയ്തു. എന്നിട്ട് തലയുയര്‍ത്തിക്കൊണ്ട് പറഞ്ഞു: 'ഹമദാന്‍ വംശത്തിന് സമാധാനം. ഹമദാന്‍ വംശത്തിന് സമാധാനം' (ബൈഹഖി).
അബ്ദുര്‍റഹ്മാനിബ്‌നു ഔഫ്(റ) പറയുന്നു: ''നബി(സ്വ) ഒരിക്കല്‍ പുറപ്പെട്ടു. ഞാനും പിന്തുടര്‍ന്നു. അങ്ങനെ ഒരു ഈത്തപ്പനത്തോട്ടത്തില്‍ എത്തിയപ്പോള്‍ അവിടുന്ന് സുജൂദില്‍ വീണു. ദീര്‍ഘനേരം അങ്ങനെ കിടന്നു. അല്ലാഹു അദ്ദേഹത്തിന്റെ ജീവനെടുത്തുവോ എന്ന് ഞാന്‍ ഭയപ്പെട്ടു. ഞാന്‍ അടുത്തുചെന്നു നോക്കി. അപ്പോള്‍ തലയുയര്‍ത്തിയിട്ട് അദ്ദേഹം പറഞ്ഞു. 'ഓ, അബ്ദുര്‍റഹ്മാന്‍, എന്തുവേണം?' ഞാന്‍ എന്റെ ഊഹം പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ''ജിബ്‌രീല്‍ എന്നോട് പറഞ്ഞു: 'താങ്കള്‍ക്ക് സന്തോഷമറിയിക്കട്ടെ; അല്ലാഹു താങ്കളോട് പറയുകയാണ്; താങ്കള്‍ക്ക് കരുണക്കുവേണ്ടി പ്രാര്‍ഥിച്ചവന് ഞാന്‍ കരുണ ചെയ്യും. താങ്കള്‍ക്ക് സമാധാനത്തിനുവേണ്ടി പ്രാര്‍ഥിച്ചവന് ഞാന്‍ സമാധാനം നല്കും.' അതു കേട്ടപ്പോള്‍ നന്ദി സൂചകമായി ഞാന്‍ സുജൂദ് ചെയ്തതാണ്'' (അഹ്മദ്).
കഅ്ബുബ്‌നു മാലികി(റ)നോട് പ്രവാചകന്‍ ഒരു പ്രത്യേക ഘട്ടത്തില്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു. അകാരണമായി തബൂക്ക് യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തില്ല എന്നതാണതിന് കാരണം. അമ്പതിലേറെ ദിനം പിന്നിട്ടപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചതായി ഖുര്‍ആന്‍ വചനമിറങ്ങി (തൗബ: 118). ഈ വിവരം അദ്ദേഹത്തെ നബി(സ്വ) അറിയിച്ചപ്പോള്‍ അദ്ദേഹം സുജൂദില്‍ വീഴുകയുണ്ടായി.
നമസ്‌കാരത്തില്‍ നടത്തുന്ന സുജൂദിന്റെ നിബന്ധന ഈ സുജൂദിനുമുണ്ടെന്ന് അഭിപ്രായപ്പെടുന്നവരും, അത്തരം നിബന്ധനകളൊന്നുമില്ല; എപ്പോള്‍ സന്തോഷ വാര്‍ത്തയറിഞ്ഞുവോ അപ്പോള്‍ സുജൂദ് ചെയ്യാമെന്ന് അഭിപ്രായപ്പെടുന്നവരും കര്‍മശാസ്ത്ര പണ്ഡിതരുടെ കൂട്ടത്തിലുണ്ട്.